22 October Thursday

കോവിഡ് പ്രതിരോധത്തിന്‌ സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ സാമ്പത്തിക സഹായം നൽകണം: എളമരം കരീം എംപി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 16, 2020

ന്യൂഡൽഹി > കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്ക് കേന്ദ്രം കൂടുതൽ സാമ്പത്തിക സഹായം നൽകണം എന്ന് സിപിഐഎം രാജ്യസഭാ കക്ഷി നേതാവ് എളമരം കരീം എംപി. രാജ്യത്തെ കോവിഡ് സാഹചര്യത്തെക്കുറിച്ച് കേന്ദ്ര ആരോഗ്യമന്ത്രി രാജ്യസഭയിൽ നടത്തിയ പ്രസ്ഥാവനയിന്മേലുള്ള ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോവിഡ് പ്രതിരോധത്തിൽ ഏറ്റവും കൂടുതൽ ഇടപെടലുകൾ നടത്തുന്നത് അതാത് സംസ്ഥാന സർക്കാറുകളാണ്. ആ സർക്കാറുകളോട് കേന്ദ്രത്തിന്റെ നിലപാടെന്താണ്? നിയമപ്രകാരം ലഭിക്കേണ്ട ജിഎസ്ടി കൊമ്പൻസേഷൻ തുക പോലും സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യാൻ കേന്ദ്രം തയ്യാറാവുന്നില്ല. കോവിഡ് പ്രതിരോധത്തിനായി സാമ്പത്തിക സഹായങ്ങൾ സ്വീകരിക്കാൻ പ്രധാനമന്ത്രി രൂപം കൊടുത്ത സ്വകാര്യ ട്രസ്റ്റ് പിഎം കേയേഴ്‌സിൽ നിന്നും സംസ്ഥാനങ്ങൾക്ക് സഹായം ലഭിക്കുന്നില്ല.

എംപി മാരുടെ പ്രാദേശിക വികസന ഫണ്ട്  മരവിപ്പിച്ചതുവഴി പാർലമെന്റ് അംഗങ്ങൾ എന്ന നിലയിൽ കോവിഡ് പ്രതിരോധത്തിനായുള്ള പശ്ചാത്തല സൗകര്യവികസനത്തിന് എംപിമാർക്ക് നൽകാൻ കഴുയുമായിരുന്ന സഹായം പോലും ഇല്ലാതാക്കി. ഒരു തയ്യാറെടുപ്പുമില്ലാതെ പ്രഖ്യാപിക്കപ്പെട്ട ലോക്‌ഡൗണിന്റ ഫലമായി സാധാരണക്കാരും തൊഴിലാളികളും ദുരിതത്തിലായി. ഇത് കുടിയേറ്റ തൊഴിലാളികളെ പെരുവഴിയിലാക്കി. തൊഴിലില്ലായ്മയും ജോലിനഷ്ടവും ജനങ്ങളെ ദുരിതക്കയത്തിലേക്ക് നയിക്കുകയാണ്. ലോകാരോഗ്യ സംഘടന ഉൾപ്പെടെ അംഗീകരിച്ച കോവിഡ് പ്രതിരോധത്തിലെ കേരളാ മോഡലിനെക്കുറിച്ച് മന്ത്രിയുടെ പ്രസ്‌താവനയിൽ ഒരു വാക്കുപോലും പറയുന്നില്ല.

ജനുവരി അവസാനത്തോടുകൂടിയാണ് ഇന്ത്യയിൽ ആദ്യത്തെ കോവിഡ് കേസ് റിപ്പോർട്ട്‌ ചെയ്യുന്നത്. പക്ഷെ അമേരിക്കൻ പ്രസിഡന്റിന് സ്വീകരണമൊരുക്കുന്നതിലും മധ്യപ്രദേശിലെ കോൺഗ്രസ് സർക്കാരിനെ താഴെയിറക്കി അധികാരം പിടിക്കുന്നതിലും മാത്രമായിരുന്നു ആ സമയങ്ങളിൽ ബിജെപി ശ്രദ്ധ കേന്ദ്രീകരിച്ചത്.

ഇതിനെല്ലാം ശേഷം അപ്രതീക്ഷിതമായി ഒരു ദിവസം രാജ്യം മുഴുവൻ ലോക്ഡൗൺ പ്രഖ്യാപിക്കുന്നു. വെറും നാല് മണിക്കൂർ നേരം മാത്രമാണ് ജനങ്ങൾക്ക് തയ്യാറെടുപ്പിനായി ലഭിച്ചത്. ഇത്തരം നടപടികൾ രാജ്യത്തെ കൊണ്ടുചെന്നെത്തിച്ചിരിക്കുന്നത് അത്യന്തം ഗുരുതരമായ സാഹചര്യത്തിലേക്കാണ്. കോവിഡ് പാക്കേജ് എന്ന നിലയിൽ പ്രഖ്യാപിക്കപ്പെട്ട 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് വെറും തട്ടിപ്പാണ്. മറ്റ്‌ രാജ്യങ്ങൾ ജിഡിപിയുടെ 21 ശതമാനം വരെ സാമ്പത്തിക പാക്കേജായി നീക്കിവച്ചപ്പോൾ ഇന്ത്യയിൽ ജിഡിപിയുടെ ഒരു ശതമാനം പോലും കേന്ദ്രം ജനങ്ങൾക്കായി ചെലവഴിക്കുന്നില്ല. ഈ സാഹചര്യത്തിൽ ജനങ്ങളുടെ പ്രശ്നങ്ങളിൽ കൃത്യമായ പരിഹാരം കാണാൻ ആവശ്യമായ നടപടികളാണ് സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാവേണ്ടത് എന്നും അദ്ദേഹം സൂചിപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top