16 January Saturday

പ്രവാസിവോട്ട്‌: സർവകക്ഷിയോഗം വിളിക്കണമെന്ന്‌ സിപിഐ എം

സ്വന്തം ലേഖകൻUpdated: Sunday Dec 6, 2020

ന്യൂഡൽഹി > പ്രവാസികൾക്ക്‌ വോട്ട്‌ രേഖപ്പെടുത്താൻ സൗകര്യമൊരുക്കുന്ന വിഷയം സർവകക്ഷിയോഗം വിളിച്ച്‌ ചർച്ച ചെയ്യണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി മുഖ്യ തെരഞ്ഞെടുപ്പ്‌ കമീഷണർ സുനിൽ അറോറയ്‌ക്ക്‌ കത്ത്‌ നൽകി.

കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പ്രവാസികൾക്ക്‌ വോട്ട്‌ ചെയ്യാൻ സൗകര്യമൊരുക്കുന്ന നിയമപരമായ ചട്ടക്കൂട്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ സർക്കാരിന്റെ പരിഗണനയ്‌ക്ക്‌ വിട്ട കാര്യം മാധ്യമങ്ങളിൽനിന്ന്‌ അറിഞ്ഞു. ഇത്രയും പ്രാധാന്യമുള്ള വിഷയത്തിൽ രാഷ്ട്രീയപാർടികളുമായി ആലോചിക്കാതെ തെരഞ്ഞെടുപ്പ്‌ കമീഷൻ തീരുമാനമെടുത്തത്‌ വലിയ ആശ്ചര്യവും നടുക്കവും ഉണ്ടാക്കി. 2014ലാണ്‌ പ്രവാസികൾക്ക്‌ വോട്ട്‌ രേഖപ്പെടുത്താൻ അവസരമൊരുക്കണമെന്ന വിഷയം തെരഞ്ഞെടുപ്പ്‌ കമീഷൻ ഇതിനുമുമ്പ്‌ പരിഗണിച്ചത്‌. അന്ന്‌ സർവകക്ഷിയോഗം വിളിച്ച്‌ ഈ വിഷയം ചർച്ചചെയ്‌തു. പ്രോക്‌സി വോട്ട്‌ അനുവദിക്കാൻ സൗകര്യമൊരുക്കുന്ന ബിൽ പതിനാറാമത് ലോക്‌സഭ പിരിച്ചുവിട്ടതോടെ അസാധുവായി.  പോസ്റ്റൽവോട്ടിന്‌ സൗകര്യമൊരുക്കാമെന്നാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ നിയമമന്ത്രാലയത്തിന്‌ കൈമാറിയ പുതിയ ശുപാർശയിൽ പറയുന്നത്. ‌ഇതിന്‌ 1961ലെ നിയമം ഭേദഗതി ചെയ്‌താൽ മതിയാകും.

പുതിയ പദ്ധതിയെക്കുറിച്ച്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ രാഷ്ട്രീയപാർടികളുമായി ചർച്ച ചെയ്‌തിട്ടില്ല. കമീഷൻ കാലങ്ങളായി പിന്തുടർന്ന്‌ പോരുന്ന കീഴ്‌വഴക്കത്തിന്‌ വിരുദ്ധമാണ് ഇത്‌. വോട്ട്‌ രേഖപ്പെടുത്താൻ ആഗ്രഹിക്കുന്ന പ്രവാസികൾക്ക്‌ ബാലറ്റ്‌പേപ്പർ ഇലക്‌ട്രോണിക്‌ മാർഗം അയച്ചുകൊടുക്കുമെന്നാണ്‌ ശുപാർശയിൽ പറയുന്നത്‌. ഈ സമ്പ്രദായം കൃത്രിമങ്ങൾക്ക്‌ കാരണമാകുമെന്ന ആശങ്ക ശക്തമാണ്‌. വോട്ട്‌ രേഖപ്പെടുത്തുന്നതിനുമുമ്പ്‌ വോട്ടർതന്നെയാണോ എന്ന വസ്‌തുത നേരിട്ട്‌ ഉറപ്പുവരുത്തുന്നത്‌ അലംഘനീയമായ നടപടിക്രമമാണ്‌.

വോട്ട്‌ രേഖപ്പെടുത്തിയ ബാലറ്റുകൾ സുരക്ഷിതമായി എങ്ങനെ തിരിച്ചെത്തിക്കുമെന്നും ആശങ്കയുണ്ട്‌. കൂടുതൽ മെച്ചപ്പെട്ട സംവിധാനത്തിലൂടെ പ്രവാസികളെ ജനാധിപത്യപ്രക്രിയയിൽ പങ്കാളികളാക്കുന്നതിനെ സിപിഐ എം നേരത്തേ സ്വാഗതം ചെയ്തിട്ടുണ്ട്‌. എംബസികളിലും മറ്റും പ്രത്യേക പോളിങ്‌ബൂത്തുകൾ തുറക്കണമെന്ന ശുപാർശയും  മുന്നോട്ടുവച്ചിരുന്നു. നിലവിലെ സാഹചര്യത്തിൽ, പ്രവാസി വോട്ട്‌ സംബന്ധിച്ച  സങ്കീർണമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷിയോഗം വിളിക്കണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top