31 March Tuesday

മഹാരാഷ്ട്രയില്‍ ഡിവൈഎഫ്‌ഐ യൂത്ത് മാര്‍ച്ചിനുനേരെ പൊലീസ് അതിക്രമം

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

മുംബൈ> എന്‍പിആര്‍  നടപടികള്‍ മഹാരാഷ്ട്രയില്‍ നിര്‍ത്തിവയ്ക്കണമെന്നതടക്കം നിരവധി ആവശ്യങ്ങളുന്നയിച്ച് ഡിവൈഎഫ്‌ഐ  മുംബൈയില്‍ നടത്തുന്ന യൂത്ത് മാര്‍ച്ച് മൂന്നാം ദിവസവും പൊലീസ് തടഞ്ഞു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തു. രണ്ടാം ദിവസം രാത്രി പ്രവര്‍ത്തകര്‍ താമസിച്ചിരുന്ന നവി മുംബൈ ബേലാപൂരിലെ ബിടിആര്‍  ലൈബ്രറി കെട്ടിടം അതിരാവിലേ തന്നെ പൊലീസ്  വളഞ്ഞു പുറത്തെക്കുള്ള വഴി തടഞ്ഞിരുന്നു.

വൈകുന്നേരത്തോടെ   ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത്  നവിമുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലേയ്ക്ക് കൊണ്ടുപോയി. നേതാക്കളടക്കം എല്ലാവരുടെയും മൊബൈല്‍ ഫോണും പൊലീസ് പിടിച്ചുവച്ചു. ഡിവൈഎഫ്‌ഐ  സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍, പ്രസിഡന്റ് സുനില്‍ ധനവ  എന്നിവരെ റബാലെ പൊലീസ് സ്റ്റേഷനിലേക്കാണ് കൊണ്ടുപോയത്.മാര്‍ച്ചിന്റെ രണ്ടാം ദിവസം തിങ്കളാഴ്ച രാവിലെ മുതല്‍ ഏതാണ്ട് ഒന്‍പത് മണിക്കൂറോളം പൊലീസ് മാര്‍ച്ചുതടഞ്ഞ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് വച്ചിരുന്നു. കലംബൊലി പൊലീസ് ഹെഡ് ക്വാട്ടേഴ്സ് കോമ്പൗണ്ടില്‍ തടവിലാക്കപ്പെട്ട പ്രവര്‍ത്തകരുടെ ശക്തമായ പ്രതിഷേധവും പുറത്തുനിന്നുള്ള ജനകീയ പ്രതിഷേധവും കൂടിയായപ്പോള്‍ വൈകുന്നേരത്തോടെ  മാര്‍ച്ചുനടത്താന്‍ അനുമതി  നല്‍കുകയായിരുന്നു.

എന്നാല്‍ പൊലീസ് ഭീഷണിയേ തുടര്‍ന്ന് പ്രവര്‍ത്തകര്‍ക്ക് രാത്രി താമസം ഒരുക്കിയ സാന്‍പാഡായിലെ ദത്താ മന്ദിരത്തിന്റെ ഉടമകള്‍ പിന്മാറിയപ്പോഴാണ് ബിടിആര്‍  സ്മാരക ലൈബ്രറി ഹാളിലും ടെറസിലും ബേലാപ്പൂര്‍ കൈരളി സമാജം ഹാളിലും  പ്രവര്‍ത്തകര്‍ താമസിച്ചത്. ഈ കെട്ടിടങ്ങളാണ് ഇന്നലെ രാവിലെ പൊലീസ് വളഞ്ഞത്.

 വൈകുന്നേരം ഘാട്ട് കോപ്പര്‍ രാമഭായ് അംബേദ്കര്‍ നഗറില്‍ യൂത്ത് മാര്‍ച്ചിനോട് അനുബന്ധിച്ചു നടത്താനിരുന്ന പൊതുയോഗത്തിന് അനുമതി നിഷേധിച്ചിരുന്നു. സിഎഎ- എന്‍ആര്‍സി-എന്‍പിആര്‍   വിരുദ്ധ ദേശീയ സമര സഖ്യമായ ഹം ഭാരത് കെ ലോഗ് കേന്ദ്ര വര്‍ക്കിങ് കമ്മറ്റി അംഗം ഫിറോസ് മിത്തി ബോര്‍വാല, സിപിഐ എം പോളിറ്റ് ബ്യുറോ അംഗം സുഭാഷിണി അലി എന്നിവര്‍ സമരത്തില്‍ പ്രസംഗിക്കാന്‍ തീരുമാനിച്ചതായിരുന്നു. എന്നാല്‍ യോഗത്തിന് നേരത്തെ രേഖാമൂലം നല്‍കിയിരുന്ന അനുമതി പിന്നീട് പിന്‍വലിക്കുകയായിരുന്നു

 യോഗത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തില്‍ സുഭാഷിണി അലി ബിടിആര്‍  ഭവാനിലെത്തി സമരത്തില്‍ പങ്കുചേര്‍ന്നു. രാജ്  താക്കറെയുടെ തെമ്മാടിത്തത്തിനു കൂട്ടുനില്‍ക്കുകയും ജനാധിപത്യപരമായ ഡിവൈഎഫ്‌ഐ യുടെ സമരത്തിന് അനുമതി നിഷേധിക്കുകയു ചെയ്യുന്ന നിലപാടാണ് മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് സുഭാഷിണി  അലി പറഞ്ഞു.


ദേശീയ തലത്തില്‍ സിഎഎ- എന്‍ആര്‍സി-എന്‍പിആര്‍ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന കോണ്‍ഗ്രസ് തങ്ങള്‍ ഭരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാനത്ത് എന്‍പിആര്‍  നടപടികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് വഞ്ചനാപരമാണെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വം മഹാരാഷ്ട്രയില്‍ ഇടപെടണമെന്നും  അഖിലേന്ത്യാ പ്രസിഡന്റ് മുഹമ്മദ് റിയാസ് പറഞ്ഞു

ഡിവൈഎഫ്‌ഐ  നടത്തുന്ന സമാധാനപരമായ മാര്‍ച്ചിനെ പൊലീസിനെ  ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുമ്പോള്‍ മഹാരാഷ്ട്ര  കോണ്‍ഗ്രസ് നല്‍കുന്നത് യുപി യിലെ  യോഗി ആദിത്യനാഥ് സര്‍ക്കാര്‍ രാജ്യത്തിനു നല്‍കുന്ന അതെ സന്ദേശമാണെന്ന്‌
 ഡിവൈഎഫ്‌ഐ  സംസ്ഥാന സെക്രട്ടറി പ്രീതി ശേഖര്‍ അഭിപ്രായപ്പെട്ടു.

രാത്രി വൈകിയിട്ടും നവി മുംബൈയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലുള്ള പ്രവര്‍ത്തകരെ വിട്ടയച്ചിട്ടില്ല.

 


പ്രധാന വാർത്തകൾ
 Top