31 March Tuesday

VIDEO - യുവാക്കളുടെ പ്രതിഷേധംകണ്ട്‌ മഹാരാഷ്‌ട്രയിലെ കോൺഗ്രസ്‌ ‐ ശിവസേന സർക്കാരിന്‌ ഭ്രാന്തിളകി - ഡിവൈഎഫ്‌ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

മുംബൈ > യുവാക്കളുടെ പ്രതിഷേധംകണ്ട്‌ മഹാരാഷ്‌ട്ര സർക്കാരിന്‌ ഭ്രാന്തിളകിയിരിക്കുകയാണെന്ന്‌ ഡിവൈഎഫ്‌ഐ. യൂത്ത് മാർച്ചിന്റെ മൂന്നാം ദിവസം ഡിവൈഎഫ്‌ഐ പ്രവർത്തകർ താമസിക്കുന്ന പ്രസിദ്ധമായ ബിടി രണദിവേ സ്‌മാരക ലൈബ്രറി മന്ദിരം പൊലീസ്‌ വളഞ്ഞത്  ഇതിന്‌ തെളിവാണെന്ന് സംസ്ഥാന സെക്രട്ടറി പ്രീതി ശേഖർ പ്രതിഷേധക്കുറിപ്പിൽ പറഞ്ഞു.

ഇന്നലെ ഒമ്പത് മണിക്കൂറോളം സമരക്കാരെ തടവിൽ വച്ച പൊലീസ്  പ്രതിഷേധം ശക്തമായപ്പോൾ അനുമതി തന്നിട്ട് ഇന്ന് വീണ്ടും മാർച്ച്‌ തടയുന്നത്  എന്തിനെ ഭയന്നിട്ടാണെന്ന് വ്യക്തമാക്കണം. ഇന്ന് വൈകുന്നേരം ഘാട്ട് കോപ്പർ രാമഭായ് അംബേദ്കർ നഗറിൽ യൂത്ത് മാർച്ചിനോട് അനുബന്ധിച്ച്‌ നടത്താനിരുന്ന പൊതു യോഗത്തിന് അനുമതി നിഷേധിച്ചിരുന്നു.  സിഎഎ, എൻആർസി, എൻപിആർ വിരുദ്ധ ദേശീയ സമര സഖ്യമായ  "ഹം ഭാരത് കെ ലോഗ്' കേന്ദ്ര വർക്കിങ് കമ്മിറ്റിയംഗം  ഫിറോസ് മിത്തി ബോർവാല, സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലി എന്നിവർ എന്നിവർ സമരത്തിൽ പ്രസംഗിക്കാൻ തീരുമാനിച്ചതായിരുന്നു. ആ യോഗത്തിന് നേരത്തെ രേഖാമൂലം നൽകിയിരുന്ന അനുമതിയാണ്‌ പിൻവലിച്ചിരിക്കുന്നത്.



ദേശീയ തലത്തിൽ സിഎഎ, എൻആർസി, എൻപിആർ വിരുദ്ധ നിലപാട് സ്വീകരിക്കുന്നു എന്ന്  അവകാശപ്പെടുന്ന കോൺഗ്രസ് തങ്ങൾ ഭരിക്കുന്ന മഹാരാഷ്ട്ര സംസ്ഥാനത്ത് എൻപിആർ നടപടികൾക്ക് കൂട്ടുനിൽക്കുന്നത് വഞ്ചനാപരമാണെന്നും  മതേതര വിശ്വാസികൾ കോൺഗ്രസ്സിന്റെ ഇരട്ടത്താപ്പ് തിരിച്ചറിയണമെന്നും പ്രതീ ശേഖർ വാർത്താക്കുറിപ്പിൽ പറഞ്ഞു.



ബിടിആർ ലൈബ്രറി മുറ്റത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം തുടരുകയാണ്. പൊലീസിന്റെ ഈ നടപടിയെ വിമർശിച്ച്‌ സിപിഐ എം  പൊളിറ്റ് ബ്യുറോ അംഗം മുഹമ്മദ് സലീം,  എഐകെഎസ്‌ ദേശീയ പ്രസിഡന്റ് ഡോ. അശോക് ധാവ്‌ളെ, ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി  മറിയം ധാവ്‌ളെ എന്നിവർ അപലപിച്ചു. വൈകുന്നേരം  ഘാട്ട് കൊപ്പറിൽ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാൻ വേണ്ടി എത്തിയ സുഭാഷിണി അലി ഈ സാഹചര്യത്തിൽ ബിടിആർ ഭവനിലെത്തി  സമരത്തിൽ പങ്കു ചേരും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top