15 December Sunday

ഗോരക്ഷാ ക്രിമിനലുകളുടെ അക്രമങ്ങൾക്കെതിരെ മുംബൈയിൽ ഡിവൈഎഫ്‌ഐ പ്രതിഷേധം; ഇരകളുടെ ബന്ധുക്കൾ പങ്കെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Jul 19, 2019

തിരുവനന്തപുരം > ഭരണകൂട ഒത്താശയോടെ രാജ്യത്ത് കൂടിവരുന്ന അക്രമങ്ങളിൽ പ്രതിഷേധിച്ചു ഡിവൈഎഫ്ഐ അഖിലേന്ത്യാ കമ്മറ്റിയുടെ നേതൃത്വത്തിൽ ജൂലായ് 21ന് മുംബൈയിൽ ദേശീയ കൺവൻഷൻ നടക്കും. ഉച്ചയ്ക്ക് രണ്ടുമണി മുതൽ ദാദർ വെസ്റ്റിലെ സാവന്ത് വാടി സൻസ്‌താൻ മാറാത്ത ഹാളിൽ നടക്കുന്ന പരിപാടിയിൽ അക്രമത്തിനിരയായവരുടെ കുടുംബാങ്ങങ്ങളും രാജ്യത്തെ പൗര പ്രമുഖരും പങ്കെടുക്കും.

കഴിഞ്ഞ വർഷം ഡിസംബറിൽ യുപിയിൽ കൊലചെയ്യപ്പെട്ട പൊലീസ് ഉദ്യോഗസ്ഥൻ സുബോധ് കുമാർ സിംഗിന്റെ ഭാര്യ രജനി സിംഗും മക്കളും, കഴിഞ്ഞ വർഷം ജൂണിൽ ട്രെയിനിൽ വച്ച് കൊലപ്പെടുത്തിയ ജുനൈദ് ഖാന്റെ സഹോദരങ്ങൾ, മോദി അധികാരത്തിൽ വന്ന ഉടനെ 2014ൽ പൂനയിൽ കൊലചെയ്യപ്പെട്ട മുഹ്സിൻ ഷെയ്ക്കിന്റെ കുടുംബാംഗം ഷഹനവാസ് ഷെയ്ക്ക്, ഗുജറാത്ത് കലാപത്തിലെ മോദിയുടെ പങ്കിനെ വിമർശിച്ചതിന്റെ പേരിലുള്ള വൈരാഗ്യം തീർക്കാൻ കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ച സഞ്ജീവ്‌ ഭട്ടിന്റെ ഭാര്യ ശ്വേത ഭട്ട്, അഹമ്മദ്‌ നഗറിൽ  സവർണ്ണരാൽ  കൊലചെയ്യപ്പെട്ട ദളിത് വിദ്യാർത്ഥി നിതിൻ  ആഗെയുടെ പിതാവ് രാജു ആഗേ, സത്താറയിൽ സവർണ്ണർ കൊലചെയ്ത അമിത് വൈതാണ്ടേയുടെ പിതാവ് വിലാസ് വൈതാണ്ടേ, ഗുജറാത്തു കലാപപത്തിലെ സംഘപരിവാർ ഭീകരത കാട്ടിയ ചിത്രത്തിലൂടെ ശ്രദ്ധേയനാവുകയും പിന്നീട് മാനസാന്തരപ്പെടുകയും ചെയ്ത  അശോക്  മോച്ചി, പശു സംരക്ഷകർ അഹമ്മദാബാദിൽ കൊലപ്പെടുത്തിയ അയൂബ് മേവിന്റെ സഹോദരൻ ആരിഫ് മേവ്, ഗുജറാത്തിലെ ഉനയിൽ സവർണ്ണ ജാതിക്കാരാൽ ഭീകരമായി മർർദ്ധിക്കപ്പെട്ട ദളിത് യുവാക്കളിൽ പെട്ട വൈഷ് റാം, അശോക് സർവയ്യ, പിയുഷ് സർവയ്യ, കഴിഞ്ഞ മാസം തിരുനൽവേലിയിൽ കൊലചെയ്യപ്പെട്ട ഡിവൈഎഫ്ഐ നേതാവ് അശോകിന്റെ സഹോദരൻ സതീഷ് തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു അനുഭവങ്ങൾ പങ്കു വയ്ക്കും.

മുൻ സുപ്രീം കോടതി ജസ്റ്റിസ് ഗോപാൽ ഗൗഡ  മുഖ്യ പ്രഭാഷണം നടത്തും. ഇവരെക്കൂടാതെ  സാമൂഹ്യ പ്രവർത്തകരായ സുഭാഷിണി അലി, മുക്ത ദബോൽക്കർ, ഡോ. രാം പുനിയാനി, ടീസ്ത സെറ്റൽ വാദ് , മറിയം ധൗളെ , സിനിമാതാരം നസറുദ്ധീൻ ഷാ, പത്രപ്രവർത്തകരായ പ്രതിമ ജോഷി , കലീം സിദ്ധിക്കി തുടങ്ങിയ പ്രമുഖരും പങ്കെടുക്കും.

മത ന്യൂനപക്ഷങ്ങൾക്കും, ദളിത് ആദിവാസികൾക്കും, കുടിയേറ്റക്കാർക്കുമെതിരെ രാജ്യത്ത് വർദ്ധിച്ചുവരുന്ന അക്രമങ്ങൾക്കെതിരെ മുഴുവൻ ജനാധിപത്യ മതേതര വിശ്വാസികളും ഒരുമിക്കണമെന്ന് പരിപാടിയുടെ സംഘാടകർ പത്രക്കുറിപ്പിൽ അറിയിച്ചു. അക്രമത്തിന്റെയും  അസത്യത്തിന്റെയും റിപ്പ്പബ്ലിക്കായി നമ്മുടെ രാജ്യം എക്കാലത്തേക്കും മാറാതിരിക്കാൻ ഉൽപതിഷ്ണുക്കളായ പൗരന്മാരെല്ലാം ഒരുമിച്ചു പോരാടണമെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top