18 July Thursday

ഡോക്ടർമാരുടെ പണിമുടക്കിൽ ആരോഗ്യമേഖല സ്തംഭിച്ചു

സ്വന്തം ലേഖകൻUpdated: Tuesday Jun 18, 2019

ന്യൂഡൽഹി
പശ്ചിമബംഗാളിൽ ഡോക്ടർമാർക്ക‌് എതിരെയുണ്ടായ അതിക്രമത്തിൽ പ്രതിഷേധിച്ച‌് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) ആഹ്വാനംചെയ‌്ത ദേശീയപണിമുടക്കിൽ ആരോഗ്യമേഖല സ‌്തംഭിച്ചു. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ അടിയന്തര സേവനങ്ങൾമാത്രമാണ‌് നടന്നത‌്. ഡൽഹി, ഹരിയാന, രാജസ്ഥാൻ, അസം, ഹിമാചൽപ്രദേശ‌്, ഗുജറാത്ത‌്, കേരളം എന്നിവിടങ്ങളിലെ ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുത്തു. മഹാരാഷ്ട്രയിൽ 40,000 ഡോക്ടർമാർ പണിമുടക്കിയെന്നാണ‌് റിപ്പോർട്ട‌്.

ഡൽഹിയിലെ സഫ‌്ദർജങ് ഹോസ‌്പിറ്റൽ, ലേഡി ഹാർഡിൻജ‌് മെഡിക്കൽകോളേജ‌്, ആർഎംഎൽ, ജിടിബി, ഡോ. ബാബാസാഹേബ‌് അംബേദ‌്കർ, സഞ‌്ജയ‌്ഗാന്ധി, ദീൻദയാൽ ഉപാധ്യായ ആശുപത്രികൾ എന്നിവിടങ്ങളിലെ ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുത്തു. ഒപി വിഭാഗം, ഓപ്പറേഷൻ തിയറ്ററുകളിലെ സ്ഥിരംജോലി, വാർഡ‌് പരിശോധന തുടങ്ങിയവയിൽനിന്ന‌് വിട്ടുനിൽക്കുമെന്നാണ‌് ഐഎംഎ അറിയിച്ചിരുന്നത‌്. എമർജൻസി, കാഷ്വാലിറ്റി സേവനങ്ങൾ നടന്നു.

പണിമുടക്കിൽ പങ്കെടുക്കില്ലെന്ന‌് അറിയിച്ചിരുന്ന എയിംസിലെ ഡോക്ടർമാരും തിങ്കളാഴ‌്ച രാവിലെ പണിമുടക്കിൽ പങ്കെടുത്തു. ഞായറാഴ‌്ച രാത്രി  എയിംസിലെ ട്രോമാ സെന്ററിൽ ജൂനിയർ റസിഡന്റ‌് ഡോക്ടറെ രോഗിയുടെ കൂടെവന്നവർ കൈയേറ്റം ചെയ‌്തതിനെത്തുടർന്നാണ‌് ഡോക്ടർമാർ പണിമുടക്കിൽ പങ്കെടുത്തത‌്. ഡൽഹി മെഡിക്കൽ അസോസിയേഷനും  ഫെഡറേഷൻ ഓഫ‌് റസിഡന്റ‌് ഡോക്ടേഴ‌്സ‌് അസോസിയേഷനും പണിമുടക്കിന‌് പിന്തുണ പ്രഖ്യാപിച്ച‌ു.

ഡോക്ടർമാർക്കും മെഡിക്കൽമേഖലയിൽ പ്രവർത്തിക്കുന്ന വിദഗ‌്ധർക്കും എതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി സാധ്യമാകുന്ന രീതിയിൽ കേന്ദ്രനിയമം വേണമെന്നാണ‌് ഐഎംഎയുടെ ആവശ്യം. എന്നാൽ, സംസ്ഥാനങ്ങൾ പ്രത്യേകം നിയമം രൂപീകരിക്കണമെന്നാണ‌് ആരോഗ്യമന്ത്രാലയത്തിന്റെ നിർദേശം.

അതേസമയം, രാജ്യമുടനീളമുള്ള സർക്കാർ ആശുപത്രികളിലെ ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കാൻ ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന‌് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ചൊവ്വാഴ‌്ച പരിഗണിക്കും. വിഷയത്തിൽ അടിയന്തരവാദം കേൾക്കണമെന്ന ആവശ്യം പരിഗണിച്ചാണ‌് ഹർജി ചൊവ്വാഴ‌്ച പരിഗണിക്കാമെന്ന‌് അവധിക്കാല ബെഞ്ച‌് അറിയിച്ചത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top