19 October Saturday

ഡിഎൻഎ പത്രം പ്രസിദ്ധീകരണം നിർത്തി; ജീവനക്കാർ വിവരം അറിഞ്ഞത്‌ പത്രത്തിലൂടെ

വെബ് ഡെസ്‌ക്‌Updated: Thursday Oct 10, 2019

ന്യൂഡൽഹി > സീ ഗ്രൂപ്പിന്റെ പ്രചാരമുള്ള ദിനപത്രമായ ‘ദി ഡെയ്‌ലി ന്യൂസ്‌ ആൻഡ്‌ അനാലിസിസ്‌’(ഡിഎൻഎ) അച്ചടി നിർത്തി. ഇതോടെ 2005ൽ ആരംഭിച്ച ഡിഎൻഎ പൂർണ ഡിജിറ്റൽ ന്യൂസ്‌പേപ്പർ മാത്രമായി. ബുധനാഴ്‌ച പ്രസിദ്ധീകരിച്ച പത്രത്തിലാണ്‌ ഇത്‌ സംബന്ധിച്ച്‌ അറിയിപ്പുവന്നത്‌. ജീവനക്കാരും പത്രത്തിലൂടെയാണ്‌ ഈ വിവരമറിഞ്ഞത്‌. മുംബൈ, അഹമ്മദാബാദ്‌ എഡിഷനുകളാണ്‌ ബുധനാഴ്‌ച മുതൽ അച്ചടി നിർത്തിയതായി അറിയിച്ചത്‌. എന്നാൽ ഈ വിവരം ഡിഎൻഎ വെബ്‌സൈറ്റിലോ ഇപേപ്പറിലോ പ്രസിദ്ധീകരിച്ചിട്ടില്ല.

ഡൽഹി, മുംബൈ, അഹമ്മദാബാദ്‌, പുണെ, ജയ്‌പൂർ, ബംഗളൂരു, ഇൻഡോർ എന്നിവിടങ്ങളിൽനിന്നായിരുന്നു ഡിഎൻഎ പ്രസിദ്ധീകരിച്ചിരുന്നത്‌. പുണെ, ബംഗളൂരു എഡിഷനുകൾ 2014ലും ഡൽഹി എഡിഷൻ ഈ വർഷം ഫെബ്രുവരിയിലും അച്ചടി നിർത്തിയിരുന്നു. നൂറിലേറെ ജീവനക്കാർക്കും പത്രപ്രവർത്തകർക്കും  ജോലി നഷ്ടമാകും. ഇവർക്ക്‌ രണ്ടുമാസത്തെ ശമ്പളം നഷ്ടപരിഹാരമായി നൽകിയേക്കും. നേരത്തെ ഓഹരിവിപണിയിൽ മാതൃസ്ഥാപനമായ സീ ഗ്രൂപ്പിന്‌ വലിയ തിരിച്ചടി നേരിട്ടിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top