19 March Tuesday

സാമൂഹ്യമാധ്യമങ്ങൾ: അന്ന്‌ ആയുധം; ഇന്ന്‌ ഭയം

സ്വന്തം ലേഖകൻUpdated: Saturday Dec 22, 2018

ന്യൂഡൽഹി > കഴിഞ്ഞ ലോക‌്സഭാ തെരഞ്ഞെടുപ്പിൽ അധികാരം പിടിക്കാൻ ബിജെപി ഏറ്റവും കൂടുതൽ ഉപയോഗിച്ചത‌് സാമൂഹ്യമാധ്യമങ്ങളെയാണ‌്. ഇപ്പോൾ മോഡി സർക്കാർ കൂടുതൽ ഭയക്കുന്നത‌ും സാമൂഹ്യമാധ്യമങ്ങളെ. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പുകളിലും വാട‌്സാപ‌് വഴി ബിജെപി വൻതോതിൽ പ്രചാരണം നടത്തി. എന്നാൽ, ബിജെപിയുടെ വ്യാജപ്രചാരണം പൊളിക്കാൻ കഴിയുന്ന പ്രതിരോധം സാമൂഹ്യമാധ്യമങ്ങളിൽ ഉയരുന്നത‌് അവരെ ചൊടിപ്പിച്ചെന്നതിനു തെളിവാണ‌് ആഭ്യന്തര മന്ത്രാലയം ഇറക്കിയ ഉത്തരവ‌്.
രാജ്യസുരക്ഷയുടെപേരിലാണ‌് കംപ്യൂട്ടറുകൾ നിരീക്ഷിക്കാനും പിടിച്ചെടുക്കാനും അന്വേഷണ ഏജൻസികൾക്ക‌് അധികാരം നൽകിയതെന്ന‌് സർക്കാർ അവകാശപ്പെടുന്നു.

രാഷ്ട്രീയപ്രേരിതമാണ‌് സർക്കാർ നടപടിയെന്ന‌് തിരിച്ചറിയാൻ ബുദ്ധിമുട്ടില്ല. ഫെയ്സ്ബുക്കും വാട‌്സാപ്പും ഇന്ത്യയിൽ ഹിന്ദുത്വരാഷ്ട്രീയ പ്രചാരണത്തിന‌് സഹായവും ഒത്താശയും നൽകുന്നതായി  ഓൺലൈൻ മാധ്യമമായ ‘ന്യൂസ‌് ക്ലിക്ക‌്’ നടത്തിയ ഗവേഷണത്തിൽ വ്യക്തമായിരുന്നു. 2019ൽ ഈ പിന്തുണ വർധിച്ചതോതിൽ നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ഇപ്പോൾ സാമൂഹ്യമാധ്യമങ്ങൾ വഴി പ്രതിപക്ഷവും പൊതുജനങ്ങളും ബിജെപിക്ക‌് കടുത്ത വെല്ലുവിളി ഉയർത്തുകയാണ‌്. ഒട്ടേറെ ഓൺലൈൻ വാർത്താചാനലുകൾ സജീവമായി പ്രവർത്തിക്കുന്നു.

ബിജെപി അധ്യക്ഷൻ അമിത‌് ഷാ തെരഞ്ഞെടുപ്പ് കമീഷന‌് സ്വത്ത് വിവരങ്ങൾ തെറ്റായി നൽകിയെന്ന വാർത്ത ഫെയ്സ്ബുക്കിൽ പ്രൊമോട്ട് ചെയ്യാൻ ‘ദ കാരവൻ’ മാസിക കഴിഞ്ഞ ആഗസ്ത് 10ന‌് അപേക്ഷ നൽകിയിരുന്നു. തുടർച്ചയായി കാരവൻ അധികൃതർ ശ്രമിച്ചിട്ടും ഫെയ്സ്ബുക്ക് കമ്പനി പ്രതികരിച്ചില്ല. 11 ദിവസത്തിനുശേഷം ഫെയ്സ്ബുക്ക് അനുമതി നൽകിയെങ്കിലും ആ വാർത്ത പുതിയ വിവാദങ്ങളിൽ മുങ്ങി. അതേസമയം മോഡി സർക്കാരിനെതിരെ പോസ്റ്റുകൾ ഇട്ട ചില  മാധ്യമപ്രവർത്തകരുടെ അക്കൗണ്ടുകൾ ഉടൻ തടഞ്ഞു. ‘ഹിന്ദുത്വത്തിന്റെ സംരക്ഷകനായി’ മോഡിയെ അവതരിപ്പിക്കുകയും മോഡിക്കെതിരായ വിമർശനത്തെ ‘ഹിന്ദുക്കൾക്കെതിരായ ആക്രമണമായി’ വിശേഷിപ്പിക്കുകയും ചെയ്യുന്ന പ്രചാരണം ഫെയ്സ്ബുക്കിൽ സജീവമാണ്.  ഗോരക്ഷയുടെപേരിൽ ഫെയ്സ്ബുക്കിലും വാട‌്സാപ‌് വഴിയും നടന്ന കുപ്രചാരണം നിരപരാധികളെ തല്ലിക്കൊല്ലുന്ന സാഹചര്യം സൃഷ്ടിച്ചു.


പ്രധാന വാർത്തകൾ
 Top