18 June Tuesday

ഡെപ്യൂട്ടി സെക്രട്ടറിമാരും സ്വകാര്യമേഖലയിൽനിന്ന‌്

സ്വന്തം ലേഖകൻUpdated: Thursday Jun 13, 2019

ന്യൂഡൽഹി > മന്ത്രാലയങ്ങളിലും വകുപ്പുകളിലും ഡെപ്യൂട്ടി സെക്രട്ടറി (ഡിഎസ‌്), ഡയറക്ടർ തസ‌്തികകളിലും സ്വകാര്യമേഖലയിൽനിന്നും നിയമനം നടത്താൻ കേന്ദ്രസർക്കാർ നീക്കം. ഒന്നാം എൻഡിഎ സർക്കാർ ജോയിന്റ‌് സെക്രട്ടറി (ജെഎസ‌്) തസ‌്തിയിൽ സ്വകാര്യമേഖലയിൽനിന്ന‌് നിയമനം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ‌് നീക്കം.

വിവിധ മേഖലകളിൽ വൈദഗ‌്ധ്യം തെളിയിച്ച 400 പേരെ സെൻട്രൽ സ‌്റ്റാഫിങ് സ‌്കീം (സിഎസ‌്എസ‌്) മുഖേന  ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ തസ‌്തികകളിലേക്ക‌് പ്രവേശിപ്പിക്കാൻ ശുപാർശ തയ്യാറാക്കാൻ പേഴ‌്സണൽ ആൻഡ‌് ട്രെയിനിങ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്ക‌് നിർദേശം നൽകിക്കഴിഞ്ഞു. സ്വകാര്യമേഖലയിൽ നിന്നുള്ള ഉദ്യോഗസ്ഥരെ സർവീസിലേക്ക‌് പ്രവേശിപ്പിക്കാനുള്ള നടപടിക്രമവും പ്രകടനം വിലയിരുത്തൽ സംവിധാനവും തയ്യാറാക്കാനാണ‌് നിർദേശം.

മന്ത്രാലയങ്ങളിലേക്കും വകുപ്പുകളിലേക്കും ഡെപ്യൂട്ടി സെക്രട്ടറി, ഡയറക്ടർ, ജോയിന്റ‌്സെക്രട്ടറി, അഡീഷണൽ സെക്രട്ടറി, സെക്രട്ടറി തലങ്ങളിലേക്ക‌് യോഗ്യരായ ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കാനും നിയമിക്കാനും ചുമതലപ്പെട്ട സംവിധാനമാണ‌് സിഎസ‌്എസ‌്.

ഐഎഎസ‌്, ഐഎഫ‌്എസ‌്, ഐപിഎസ‌് തുടങ്ങിയ കേന്ദ്ര സർവീസുകളിലെ ഉദ്യോഗസ്ഥർക്കും ആദായനികുതി വകുപ്പ‌്, ക‌സ‌്റ്റംസ‌്, റെയിൽവേ, ടെലികോം, തപാൽ, ട്രേഡ‌് തുടങ്ങി 37 മറ്റ‌് സർവീസുകളിലെ ഉദ്യോഗസ്ഥർക്കും നീക്കിവച്ചിട്ടുള്ള 650  ഡെപ്യൂട്ടി സെക്രട്ടറി/ ഡയറക്ടർ തസ‌്തികകളിൽ 60 ശതമാനത്തോളം സ്വകാര്യമേഖലയിൽ നിന്നുള്ള നിയമനത്തിനായി ഉപയോഗിക്കുമെന്നാണ‌് റിപ്പോർട്ട‌്. കേന്ദ്ര സർവീസിലെ  ഉദ്യോഗസ്ഥർക്കായും സിഎസ‌്എസ‌ിൽ 650 ഓളം തസ‌്തികകൾ നീക്കിവച്ചിട്ടുണ്ട‌്.

ഈ തസ‌്തികകളിൽ സ്വകാര്യമേഖലയിൽനിന്നും നിയമനം നടത്താൻ നിയമതടസമുള്ളതിനാലാണ‌് അഖിലേന്ത്യാ സർവീസുകളിലെ ഉദ്യോഗസ്ഥരുടെ ക്വാട്ട വെട്ടിക്കുറച്ച‌് സമാന്തരനിയമനം നടത്തുന്നത‌്.

2018 ഏപ്രിലിൽ  ജോയിന്റ‌് സെക്രട്ടറി തസ‌്തികകളിലേക്ക‌് സ്വകാര്യമേഖലയിൽ നിന്നും സർക്കാർ അപേക്ഷ ക്ഷണിച്ചിരുന്നു. പത്ത‌് തസ‌്തികയിലേക്ക‌് ലഭിച്ച 6,077 അപേക്ഷയിൽനിന്നും ഒമ്പത‌് തസ‌്തികയിൽ നിയമനം നടത്തി. യുപിഎസിയെയും മറ്റും നോക്കുകുത്തിയാക്കി വേണ്ടപ്പെട്ടവരെ നിയമിക്കാനുള്ള നീക്കമാണിതെന്ന വിമർശം ഉയർന്നെങ്കിലും നിയമനവുമായി സർക്കാർ മുന്നോട്ടുപോയി. ഭരണനിർവഹണത്തിന്റെ കാര്യക്ഷമത വർധിപ്പിക്കാനാണ‌് വിവിധ മേഖലകളിൽ കഴിവുതെളിയിച്ച വിദഗ‌്ധർക്ക‌് സമാന്തരനിയമനം നൽകുന്നതെന്നാണ‌് അവകാശവാദം. ജോയിന്റ‌് സെക്രട്ടറി തലത്തിലേക്ക‌് സ്വകാര്യ നിയമനം നടത്തുന്നതിനെതിരെ ഐഎഎസ‌് ഉദ്യോഗസ്ഥർ രംഗത്തെത്തിയിരുന്നു.

സമാന്തരനിയമനത്തിന‌് സർക്കാരിന്റെ മാർഗനിർദേശക സമിതിയായ നിതിആയോഗ‌് ശുപാർശ ചെയ‌്തിരുന്നു.  നിതിആയോഗിലെ ഒഴിവുള്ള 54 തസ‌്തികകളിലേക്ക‌് സ്വകാര്യമേഖലയിൽ നിന്നും നിയമനം നടത്താനും നീക്കം തുടങ്ങി.

നേരത്തെയും ഈ രീതിയിലുള്ള നിയമനങ്ങൾ നടത്തിയിട്ടുണ്ടെങ്കിലും ഇക്കുറി സർക്കാർ ഉദ്യോഗസ്ഥർക്ക‌് ലഭിക്കുന്ന റാങ്കും പദവിയും ഉത്തരവാദിത്തവും നൽകുമെന്ന‌് നിതി ആയോ‌ഗ‌് വൃത്തങ്ങൾ അറിയിച്ചു.


പ്രധാന വാർത്തകൾ
 Top