31 March Tuesday

ഡല്‍ഹി കലാപം: കൊല്ലപ്പെട്ടവരുടെ എണ്ണം 42; എങ്ങും ഭീതി

പി ആർ ചന്തുകിരൺUpdated: Saturday Feb 29, 2020

ഡൽഹിയിൽ സമാധാനത്തിനുവേണ്ടി ഇടതുപക്ഷ പാർടികൾ രാജ്‌ഘട്ടിൽ നടത്തിയ സത്യഗ്രഹത്തിൽ സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി സംസാരിക്കുന്നു

ന്യൂഡൽഹി
പ്രത്യക്ഷ ആക്രമണങ്ങൾ നിയന്ത്രണവിധേയമെങ്കിലും വർഗീയകലാപത്തിന്റെ കനലടങ്ങാത്ത തെരുവുകളിൽ ഭീതി വിട്ടൊഴിഞ്ഞിട്ടില്ല. കൊല്ലപ്പെട്ടവരുടെ എണ്ണം 42 ആയി. മുന്നൂറിലധികംപേർ ചികിത്സയിലാണ്‌. 500 വാഹനവും 79 വീടും കത്തിച്ചാമ്പലായി. 52 കടയും മൂന്ന്‌ ഫാക്ടറിയും ആരാധനാലയങ്ങളും തീവയ്‌പിൽ നശിച്ചതായി അഗ്നിശമനവകുപ്പ്‌ അറിയിച്ചു. പള്ളികളിൽ ജുമുഅ നമസ്‌കാരം സമാധാനപരമായി നടന്നു. സംഘർഷങ്ങളിൽ അയവുവന്നതോടെ നിരോധനാജ്ഞയിൽ ഇളവുവരുത്തി.

കലാപത്തിൽ 123 കേസെടുത്തെന്നും 630 പേർ അറസ്റ്റിലായെന്നും ഡൽഹി പൊലീസ്‌ വക്താവ്‌ എം ഡി രൺദാവ പറഞ്ഞു. വ്യാഴാഴ്ച കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നത യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. 12 പൊലീസ്‌ സ്‌റ്റേഷൻ പരിധിയിൽമാത്രമാണ്‌ കലാപം ബാധിച്ചതെന്ന്‌ ആഭ്യന്തരമന്ത്രാലയം അവകാശപ്പെട്ടു. തലസ്ഥാനത്തെ 4.2 ശതമാനം ഭൂപ്രദേശത്തുമാത്രമാണ്‌ സംഘർഷമുണ്ടായതെന്നാണ്‌ വിലയിരുത്തൽ. ഡൽഹി പൊലീസ് കമീഷണറുടെ അധികചുമതല ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമീഷണർ എസ് എൻ ശ്രീവാസ്തവയ്ക്ക്  കൈമാറി.

ജിടിബി ആശുപത്രിയിലാണ്‌ 38 പേർ മരിച്ചത്‌. മൂന്നുപേർ എൽഎൻജെപിയിലും ഒരാൾ ജഗ്‌പർവേശ്‌ ചന്ദ്ര ആശുപത്രിയിലും മരിച്ചു. കലാപബാധിതമേഖലകൾ ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാൽ സന്ദർശിച്ചു. ദേശീയ വനിതാ കമീഷൻ അധ്യക്ഷ രേഖ ശർമ ജഫ്രബാദ് സന്ദർശിച്ചു. സ്‌ത്രീകൾക്കും കുട്ടികൾക്കുമെതിരായ ആക്രമണങ്ങളിൽ സ്വീകരിച്ച നടപടി വ്യക്തമാക്കി റിപ്പോർട്ട്‌ നൽകാൻ ഡൽഹി വനിതാ കമീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിന്‌ നോട്ടീസ്‌ നൽകി.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top