24 February Monday

കോഴിക്കോട് പറ്റില്ല, കാലിക്കറ്റ് വേണം; രജിസ്‌‌ട്രേഷനെത്തിയ നഴ്‌സുമാരോട് പണമടച്ച് എന്‍ഒസി വാങ്ങിവരണമെന്ന് ഡല്‍ഹി നഴ്‌സിംഗ് കൗണ്‍സില്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 14, 2020

ന്യൂഡല്‍ഹി > സ്ഥലപ്പേരില്‍ വന്ന മാറ്റത്തിന്മേല്‍ കേരളത്തില്‍ നിന്നെത്തിയ നഴ്‌സുമാര്‍ക്ക് ഡല്‍ഹി നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നിഷേധിച്ചതായി ആരോപണം. കോഴിക്കോട് ബേബി മെമ്മോറിയല്‍ നഴ്‌സിംഗ് കോളേജില്‍ പഠനം പൂര്‍ത്തിയാക്കിയ നഴ്‌സുമാരാണ് രജിസ്‌ട്രേഷനായി ഡല്‍ഹി നഴ്‌സിംഗ് കൗണ്‍സിലില്‍ എത്തിയത്. ഇവര്‍ക്ക് കോളേജില്‍ നിന്നും നല്‍കിയ സര്‍ട്ടിഫിക്കറ്റില്‍ സ്ഥലപ്പേര് കോഴിക്കോട് എന്നാണുണ്ടായിരുന്നത്. ഇത് പറ്റില്ലെന്നും കാലിക്കറ്റ് എന്നുള്ള നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലില്‍ നിന്നും വാങ്ങി വന്നാല്‍ മാത്രമേ രജിസ്‌ട്രേഷന്‍ ചെയ്യുവാന്‍ സാധിക്കുകയുള്ളുവെന്നും ഡിഎന്‍സി അധികൃതര്‍ ഉദ്യോഗാര്‍ത്ഥികളെ അറിയിച്ചു. ഇതേ തുടര്‍ന്ന് ഐന്‍സിയെ നഴ്‌സുമാര്‍ സമീപിച്ചപ്പോള്‍ അഞ്ഞൂറ് രൂപ പണമടച്ചു ഒരു മാസം കാത്തിരിക്കണമെന്നാണ് മറുപടി ലഭിച്ചത്.

നിലവില്‍ ഇന്ത്യന്‍ നഴ്‌സിംഗ് കൗണ്‍സിലിന് സംസ്ഥാന കൗണ്‍സിലിന്‍മേല്‍ യാതൊരു അധികാരവുമില്ല എന്നുള്ള സുപ്രീംകോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ഡല്‍ഹി നഴ്‌സിംഗ് കൗണ്‍സില്‍ അധികൃതര്‍ നടത്തുന്നതെന്ന് യുഎന്‍എ ആരോപിച്ചു. അതാത് സംസ്ഥാന കൗണ്‍സിലുകളെ ബന്ധപ്പെട്ട് സമയ ബന്ധിതമായി രജിസ്‌ട്രേഷന്‍ നല്‍കേണ്ടതിന് പകരം അശാസ്ത്രീയമായ നടപടിക്രമങ്ങളിലൂടെ നഴ്‌സുമാരെ ബുദ്ധിമുട്ടിലാക്കുന്ന നടപടിയാണിത്. ഡല്‍ഹി നഴ്‌സിംഗ് കൗണ്‍സിലിന്റെ നടപടിക്കെതിരെ ഡല്‍ഹി ആരോഗ്യ മന്ത്രാലയത്തെയും, പരിഹാരമുണ്ടായില്ലെങ്കില്‍ കോടതിയലഷ്യത്തിന് സുപ്രീംകോടതിയെയും സമീപിക്കുമെന്ന് യുഎന്‍എ ജനറല്‍ സെക്രട്ടറി ജോള്‍ഡിന്‍ ഫ്രാന്‍സിസ് അറിയിച്ചു.


പ്രധാന വാർത്തകൾ
 Top