18 May Tuesday
മുതിർന്ന ഉദ്യോഗസ്ഥർ ഹാജരാകണം, കേന്ദ്രം ഒട്ടകപ്പക്ഷിയെപ്പോലെ മുഖംപൂഴ്ത്തി

ഓക്‌സിജൻ ക്ഷാമം : കേന്ദ്രത്തിന്‌ കാരണംകാണിക്കൽ നോട്ടീസ് ; ഡല്‍ഹി ഹൈക്കോടതിയുടെ രൂക്ഷവിമർശം

എം അഖിൽUpdated: Tuesday May 4, 2021


ന്യൂഡൽഹി
ഓക്‌സിജൻ ക്ഷാമം പരിഹരിക്കാനുള്ള നടപടി സ്വീകരിക്കാത്ത കേന്ദ്രസർക്കാരിന്‌ വീണ്ടും ഡൽഹി ഹൈക്കോടതിയുടെ രൂക്ഷവിമർശം.  ‘സർക്കാരിന്‌ വേണമെങ്കിൽ ഒട്ടകപ്പക്ഷിയെ പോലെ  മണലിൽ മുഖം പൂഴ്‌ത്തി ഇരിക്കാം. എന്നാൽ, കോടതി  അത്‌ ചെയ്യില്ല. ജനങ്ങൾ മരിച്ചുവീഴുമ്പോൾ ഒഴിവുകഴിവുകൾ പറയുന്ന സർക്കാർ ഏത്‌ ദന്തഗോപുരത്തിലാണ്‌ വസിക്കുന്നത്’ –-ജസ്‌റ്റിസുമാരായ വിപിൻസംഖി, രേഖാപാലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ പറഞ്ഞു.

ഓക്‌സിജൻ പ്രതിസന്ധി പരിഹരിക്കണമെന്ന ഉത്തരവുകൾ പാലിക്കാത്ത കേന്ദ്രസർക്കാരിന്‌  കാരണം കാണിക്കൽ നോട്ടീസ്‌ അയക്കാൻ നിർദേശിച്ചു.  ഓക്‌സിജൻക്ഷാമം പരിഹരിക്കണമെന്ന്‌ സുപ്രീംകോടതിയും ഹൈക്കോടതിയും  നിർദേശം നൽകിയിരുന്നു. കോടതിയലക്ഷ്യ നടപടി സ്വീകരിക്കാതിരിക്കാൻ കാരണംബോധ്യപ്പെടുത്തണമെന്നാണ്‌ നോട്ടീസ്‌.

സംസ്ഥാനങ്ങൾക്കുള്ള ഓക്‌സിജൻ വിതരണം ചെയ്യേണ്ട ഉത്തരവാദിത്തമുള്ള ആഭ്യന്തരവകുപ്പ്‌  അഡീഷണൽ സെക്രട്ടറി പിയൂഷ്‌ഗോയലും ഇൻഡസ്‌ട്രിയൽ പ്രൊമോഷൻ വകുപ്പ്‌ അഡീഷണൽ സെക്രട്ടറി സുമിത്രാദാവ്‌റയും ബുധനാഴ്‌ച കോടതി മുമ്പാകെ ഹാജരാകണമെന്നും ജസ്‌റ്റിസുമാരായ വിപിൻസംഖി, രേഖാപാലി എന്നിവർ അംഗങ്ങളായ ബെഞ്ച്‌ നിർദേശിച്ചു.
ഡൽഹിക്ക്‌ 700 ടൺ ഓക്‌സിജൻ നൽകണമെന്ന്‌ ശനിയാഴ്‌ച ഡൽഹി ഹൈക്കോടതി കേന്ദ്രത്തോട് നിർദേശിച്ചിരുന്നു. ഡൽഹിക്കുള്ള ഓക്‌സിജൻ വിഹിതത്തിൽ കുറവുണ്ടായിട്ടുണ്ടെങ്കിൽ പരിഹരിക്കണമെന്ന്‌ സുപ്രീംകോടതിയും നിർദേശിച്ചും.  രണ്ട്‌ നിർദേശവും പാലിക്കാത്തതാണ്‌ കോടതിയെ ചൊടിപ്പിച്ചത്‌.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top