20 February Wednesday

'ഡല്‍ഹി ചലോ'; കേന്ദ്രത്തിന്റെ വര്‍ഗീയവത്കരണ നയങ്ങള്‍ക്കെതിരെ ഫെബ്രുവരി 18ന് വിദ്യാര്‍ത്ഥിപ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 16, 2019

ന്യൂഡല്‍ഹി > കേന്ദ്രസര്‍ക്കാരിന്റെ ജനവിരുദ്ധനയങ്ങള്‍ക്കെതിരെ ഫെബ്രുവരി 18ന് വിദ്യാര്‍ത്ഥി പ്രക്ഷോഭം. കോര്‍പറേറ്റുകള്‍ ഒഴികെ ഇന്ത്യാ രാജ്യത്തെ മറ്റെല്ലാ ജനവിഭാഗങ്ങളും കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന നയങ്ങള്‍ക്കെതിരെ തങ്ങളുടെ അമര്‍ഷവും പ്രതിഷേധവും ശക്തമായി രേഖപ്പെടുത്തുകയാണെന്ന് ഡല്‍ഹി ചലോ സംയുക്ത സമര സമിതി പ്രസ്താവനയില്‍ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വര്‍ഗീയവത്കരണം ഇല്ലാതാക്കുക, നിലവിലെ സംവരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുക,  സര്‍ക്കാര്‍- സ്വകാര്യ സ്ഥാപനങ്ങളില്‍ സാമൂഹ്യനീതി നടപ്പാക്കുക, വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തെ ചെറുക്കുക- ഫെഡറല്‍ സംവിധാനം സംരക്ഷിക്കുക തുടങ്ങി ഏഴാവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് എസ്എഫ്‌ഐ, എഐഎസ്എഫ് എഐഡിഎസ്ഒ, എഐഎസ്ബി, പിഎസ്‌യു തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളടെ നേതൃത്വത്തില്‍ പാര്‍ലമെന്റിലേക്ക് 'ഡല്‍ഹി ചലോ' മാര്‍ച്ച് നടക്കുന്നത് 

എന്‍ഡിഎ ഭരണം ഏറ്റവും ഗുരുതരമായി ബാധിച്ചിരിക്കുന്നത്  രാജ്യത്തെ വിദ്യാര്‍ഥികളെയാണ്. വിവിധ തലത്തിലും വിവിധ വിഭാഗങ്ങളില്‍ നിന്നും നിരവധി ആക്രമണങ്ങളാണുണ്ടാകുന്നത്. ഒരു വശത്ത് ഇന്ത്യന്‍ വിദ്യാഭ്യാസ സംവിധാനത്തെ ദുര്‍ബലപ്പെടുത്തുകയും മറുഭാഗത്ത്  വിദ്യാഭ്യാസത്തിന്റെ അടിസ്ഥാന തത്വത്തേയും സാമൂഹിക പ്രതിബദ്ധതയേയും അട്ടിമറിക്കുകയുമാണ് കേന്ദ്രസര്‍ക്കാര്‍. 

പ്രൈമറി തലം മുതല്‍ ഉന്നതവിദ്യാഭ്യാസവും ഗവേഷണരംഗവുമെല്ലാം ഒരു പ്രബല വിഭാഗത്തിനു വേണ്ടി മാത്രം ലഭ്യമാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നു. പൊതുവിദ്യാഭ്യാസത്തിനായി നല്‍കുന്ന തുക ഓരോ വര്‍ഷം പിന്നിടുമ്പോഴും വലിയ തോതില്‍ കുറച്ചുകൊണ്ടുവരികയാണ്.  ഫണ്ടിന്റെ അപര്യാപ്തത എന്ന കാരണം പറഞ്ഞ് ജെഎന്‍യു പോലുള്ള, വലിയ അളവില്‍  സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ട അക്കാദമിക് ജേര്‍ണലുകള്‍ പോലും നിര്‍ത്തലാക്കുന്നു. 

സ്വയംഭരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ കോളേജുകള്‍ യൂണിവേഴ്‌സിറ്റികള്‍  എന്നിവിടങ്ങളില്‍ സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്‌സുകള്‍ നടത്തുന്നതിന് കേന്ദ്രം അനുമതി നല്‍കി. ഒരു വശത്ത് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സീറ്റുകള്‍ വെട്ടിച്ചുരുക്കുമ്പോള്‍ സംവരണതത്വങ്ങളാകെ അട്ടിമറിക്കുന്ന കാഴ്ചയാണ് മറുവശത്ത് കാണാനാകുന്നത്‌. പുറപ്പെടുവിക്കുന്ന പ്രഖ്യാപനങ്ങളെല്ലാം വിദ്യാഭാസത്തിന്റെ കേന്ദ്രീകരണവും വാണിജ്യവത്കരണവും വര്‍ഗീയവത്കരണവുമാകുമ്പോള്‍ മോഡി ഭരണത്തില്‍ അതെല്ലാ സീമകളും ലംഘിച്ചിരിക്കുകയാണ്‌.

ഇന്ത്യന്‍ വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ സംവിധാനം ആക്രമിക്കപ്പെടുകയാണ്. ഓരോ സംസ്ഥാനത്തിന്റെയും പ്രത്യേക അവസ്ഥകള്‍ പരിഗണിക്കാത്തതിനാല്‍ തമിഴ്‌നാട് പോലുള്ള സംസ്ഥാനങ്ങളിലെ വിദ്യാര്‍ഥികള്‍ നീറ്റ് പോലുള്ള പരീക്ഷകളില്‍ നിന്നു വലിയ തോതില്‍ ഒഴിവാക്കപ്പെടുന്നു.  വിദ്യാഭ്യാസം ലഭിക്കാത്ത കുട്ടികളെ സംഭാവന ചെയ്യുന്നതില്‍ ലോകത്ത് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ഇന്ത്യയാണ്. ബിജെപി ഭരിക്കുന്ന സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിക്കുന്നത് നാം കണ്ടു. ഇതൊന്നും ചര്‍ച്ചചെയ്യപ്പെടുന്നില്ല, പകരം 2989 കോടി മുടക്കി പ്രതിമ നിര്‍മിക്കുകയാണ് ചെയ്യുന്നത്. രണ്ട് പുതിയ ഐഐടികള്‍ അല്ലെങ്കില്‍ അഞ്ച് ഐഐഎമോ ഒരു  എയിംസോ തുടങ്ങുന്നതിനുള്ള പണമാണിതിനായി ചെലവഴിക്കുകയുണ്ടായത്.

ഒന്‍പത് കോടിയോടടുത്ത് വിദ്യാര്‍ഥികളാണ് ഇന്നും പഠിക്കാന്‍ പോകാത്തവരായി രാജ്യത്തുള്ളത്. ലോകത്തെ തന്നെ ഏറ്റവും കൂടിയ കണക്കാണിത്. 'ബേഠി ബച്ചാവോ ബേഠി പഠാവോ' എന്ന വലിയ പദ്ധതിയുടെ പരസ്യത്തിനായി ചെലവഴിക്കുന്ന തുക പോലും ഈ പദ്ധതിക്കായി സര്‍ക്കാര്‍ മുടക്കുന്നില്ല. മറ്റൊരു വലിയ ഭീഷണി വിദ്യാഭ്യാസ മേഖലയിലെ വര്‍ഗീയവത്കരണമാണ്. ഗുരുതരപ്രത്യാഘാതങ്ങളുണ്ടാകുന്ന തരത്തില്‍ ബിജെപി ഭരണ സംസ്ഥാനങ്ങളിലെ സ്‌കൂളുകളില്‍  സിലബസുകളില്‍ മാറ്റംവരുത്തുകയും ശാസ്ത്രത്തേയും ചരിത്രത്തേയും ഇല്ലാതാക്കി  ഐതിഹ്യങ്ങളേയും പുരാണങ്ങളേയും ഇതിനുപകരമായി പ്രതിഷ്ഠിക്കുകയാണ്.

കേന്ദ്രം തുടരുന്ന ജനാധിപത്യ വിരുദ്ധമായ ഇൗനയങ്ങളില്‍  പ്രതിഷേധിച്ച് ഫെബ്രുവരി 18 ന് രാജ്യത്താകമാനം നിന്നുള്ള വിദ്യാര്‍ഥികള്‍  പാര്‍ലമെന്റിലേക്ക് മാര്‍ച്ച് ചെയ്യും. തൊഴിലാളികളുടേയും കര്‍ഷകരുടേയും രാജ്യതലസ്ഥാനത്തേക്കുള്ള ഐതിഹാസിക പ്രക്ഷോഭത്തിനുശേഷം  വിദ്യാര്‍ഥികളുടെ വലിയപ്രതിഷേധത്തിനാണ് 18, 19 തീയതികളില്‍ പാര്‍ലമെന്റ് സാക്ഷ്യം വഹിക്കുക.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top