Deshabhimani

ശംഭുവിൽ കര്‍ഷകവേട്ട ; ഹരിയാന പൊലീസ് കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും പ്രയോ​ഗിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 07, 2024, 02:45 AM | 0 min read


ന്യൂഡൽഹി
വിളകള്‍ക്ക് മിനിമം താങ്ങുവിലയടക്കം ആവശ്യപ്പെട്ട് പഞ്ചാബ്‌ –-ഹരിയാന അതിർത്തിയായ ശംഭുവിൽ സമരം ചെയ്യുന്ന കർഷകർ പുനരാരംഭിച്ച ഡൽഹി ചലോ മാർച്ചിന്‌ നേരെ കണ്ണീര്‍വാതകവും റബര്‍ ബുള്ളറ്റും  പ്രയോ​ഗിച്ച് ഹരിയാനയിലെ ബിജെപി സർക്കാർ. ബികെയു (ക്രാന്തികാരി) പ്രസിഡന്റ്‌  സുർജീത് സിങ്‌ ഫുൽ അടക്കം നിരവധി പേർക്ക്‌ പരിക്കേറ്റു. അംബാലയിലെ 11 ​ഗ്രാമത്തിൽ മൊബൈൽ ഇന്റര്‍നെറ്റും  ബള്‍ക്ക് എസ്എംഎസ് സേവനങ്ങളും തിങ്കളാഴ്ച വരെ സര്‍ക്കാര്‍ വിലക്കി.

101 കർഷകർ വെള്ളി രാവിലെ സമാധാനപരമായി ആരംഭിച്ച കാൽനട മാർച്ചിന്‌ നേരെയാണ്‌ പൊലീസ്‌ അതിക്രമം. ട്രാക്‌ടറുകളിലല്ലാതെ വരുന്ന  കർഷകരെ തടയരുതെന്ന്‌ ഹൈക്കോടതി ഉത്തരവുണ്ടെങ്കിലും പ്രദേശത്ത്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചാണ് സര്‍ക്കാര്‍ നേരിട്ടത്.  മാര്‍ച്ച് തടയാൻ  ഏഴ്‌ നിര വേലികളാണ്‌ പൊലീസ്‌ ഒരുക്കിയത്‌. ആദ്യത്ത ബാരിക്കേഡ്‌ കർഷകർ മറികടന്നതിന്‌ തൊട്ടുപിന്നാലെ കണ്ണീര്‍വാതകം പ്രയോ​ഗിച്ചു. 26 റൗണ്ട് കണ്ണീര്‍വാതകം പ്രയോ​ഗിച്ചെന്നാണ് റിപ്പോര്‍ട്ട്.  റബ്ബർ ബുള്ളറ്റ്‌ പ്രയോഗത്തിൽ നിരവധി കര്‍ഷകര്‍ക്ക് പരിക്കേറ്റതോടെ മാർച്ച്‌  നിർത്തിവച്ചു. ശനിയാഴ്‌ച വീണ്ടും പുനരാരംഭിക്കുമെന്ന്‌ കര്‍ഷകനേതാവ് സർവാൻ സിങ്‌ പാന്ഥര്‍ വ്യക്തമാക്കി. എസ്‌കെഎം (രാഷ്‌ട്രീയേതരം), കിസാൻ മസ്ദൂർ മോർച്ച സംഘടനകളുടെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്ന് തുടങ്ങിയ ഡൽഹി ചലോ മാര്‍ച്ച് ഹരിയാന സര്‍ക്കാര്‍ തടഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരി 13 മുതൽ ശംഭു അതിര്‍ത്തിയിൽ കര്‍ഷകര്‍ ക്യാമ്പ് ചെയ്യുകയാണ്.  മിനിമം താങ്ങുവിലയ്‌ക്ക്‌ നിയമപ്രാബല്യം, കടാശ്വാസം, വിള ഇൻഷുറൻസ്‌ തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ്‌  മാർച്ച്‌.

യുപിയിൽ 200 കര്‍ഷകര്‍ അറസ്റ്റുവരിച്ചു
വന്‍കിട പദ്ധതികള്‍ക്ക് ഭൂമി വിട്ടുകൊടുത്ത നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുപി ​ഗ്രേറ്റര്‍ നോയിഡയിൽ സംയുക്ത കിസാൻ മോർച്ച നേതൃത്വത്തിൽ സമരം ചെയ്യുന്ന കര്‍ഷകര്‍  തുടർച്ചയായ രണ്ടാംദിവസവും അറസ്റ്റുവരിച്ചു.

അഖിലേന്ത്യ കിസാൻസഭ നേതാവ്‌ രൂപേഷ്‌ വർമയടക്കം ഇരുന്നൂറോളം കർഷകരാണ്‌ വെള്ളിയാഴ്‌ച അറസ്റ്റുവരിച്ചത്‌. യമുന എക്‌സ്‌പ്രസ്‌വേയിലെ സീറോ പോയിന്റിൽ സംഘടിച്ച കർഷകർ മാർച്ച്‌ ചെയ്‌ത്‌ മുന്നോട്ടുനീങ്ങി. തടയുന്നിടത്ത്‌ അറസ്റ്റ്‌ വരിക്കാനുള്ള എസ്‌കെഎം  തീരുമാനം കർഷകർ നടപ്പാക്കി. സമരത്തെ അടിച്ചമർത്തുന്ന ആദിത്യനാഥ്‌ സർക്കാരിന്‌  ജയിൽനിറയ്‌ക്കൽ സമരത്തിലൂടെയാണ്‌  സ്‌ത്രീകളടക്കമുള്ള  കർഷകർ മറുപടി നൽകുന്നത്‌. കഴിഞ്ഞദിവസം 120 കര്‍ഷകര്‍ അറസ്റ്റുവരിച്ചിരുന്നു. ശനിയാഴ്‌ച നേതാക്കൾ യോഗം ചേർന്ന്‌ യുപിയിലെ സമരതന്ത്രം തീരുമാനിക്കും. സമരകേന്ദ്രത്തിൽ യുപി പൊലീസിന്റെ ദ്രുതകർമ സേനയെ അധികമായി വിന്യസിച്ചു.



deshabhimani section

Related News

0 comments
Sort by

Home