ന്യൂഡൽഹി > പൊരുതുന്ന കർഷകർക്ക് പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് സമസ്ത വിഭാഗം ജനങ്ങളും രംഗത്ത്. സമരത്തെ ആക്ഷേപിക്കാനുള്ള ബിജെപി നേതാക്കളുടെ ശ്രമം പാളി. കർഷകർക്ക് ഭക്ഷണവും വെള്ളവും നൽകാനും ഇതര ആവശ്യങ്ങൾക്കുള്ള സൗകര്യം ഒരുക്കാനും ജനങ്ങൾ സ്വമേധയാ തയ്യാറായി.
ഭക്ഷണം സ്വയം പാചകം ചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ് ഭൂരിപക്ഷം പ്രക്ഷോഭകരും എത്തിയിട്ടുള്ളത്. എന്നിരുന്നാലും പലയിടങ്ങളിലും പ്രദേശവാസികളും ഭക്ഷണശാലകളും കർഷകർക്ക് അന്നദാനം നടത്തി.
ട്രേഡ് യൂണിയൻ പ്രവർത്തകരും വിദ്യാർഥികളും സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് പ്രകടനങ്ങൾ നടത്തി. സമൂഹമാധ്യമങ്ങളിൽ കർഷകപ്രക്ഷോഭം നിറഞ്ഞുനിൽക്കുന്നു. സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന സർക്കാരിന്റെ ഭീരുത്വപൂർണമായ നിലപാടിനെ പരിഹസിച്ചുള്ള കാർട്ടൂണുകൾ രൂപംകൊണ്ടു. എട്ട് പ്രതിപക്ഷ രാഷ്ട്രീയപാർടികൾ സംയുക്തപ്രസ്താവനയിൽ സമരത്തിനു പിന്തുണ പ്രഖ്യാപിച്ചു. മുംബൈ ലോങ്മാർച്ചിനുശേഷം രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന കർഷകമുന്നേറ്റമായി ഇതു മാറി.