16 January Saturday

കർഷക പ്രക്ഷോഭം കേന്ദ്രത്തിനും ബിജെപിക്കും കനത്ത പ്രഹരം

സാജൻ എവുജിൻUpdated: Saturday Nov 28, 2020

സിപിഐ എം പോളിറ്റ് ബ്യൂറോ അംഗവും കിസാൻ സഭ ജനറൽ സെക്രട്ടറിയുമായ ഹനൻ മൊല്ല, കിസാൻ സഭ ദേശീയ പ്രസിഡന്റ്‌ അശോക് ധവാളെ, കിസാൻ സഭ ഫിനാൻസ് സെക്രട്ടറി പി കൃഷ്ണപ്രസാദ് എന്നിവർ സിൻഘുവിൽ പോരാട്ടത്തിന് നടുവിൽ

ന്യൂഡൽഹി > കോർപറേറ്റ്‌ അനുകൂല നിയമങ്ങൾക്കെതിരെ നിശ്‌ചയദാർഢ്യത്തോടെയും ലക്ഷ്യബോധത്തോടെയും കർഷകർ തുടരുന്ന പ്രക്ഷോഭം മോഡിസർക്കാരിനും ബിജെപിക്കും കനത്ത പ്രഹരം. തൊഴിലാളി–-കർഷക ഐക്യം ശക്തമായി ഉയർന്നുവന്നതും ബിജെപിയുടെയും സംഘപരിവാറിന്റെയും രാഷ്ട്രീയതന്ത്രങ്ങൾക്ക്‌ തിരിച്ചടിയാണ്‌. വർഗീയധ്രുവീകരണം സൃഷ്ടിച്ചും പണമൊഴുക്കിയും നേടുന്ന തെരഞ്ഞെടുപ്പ്‌ വിജയങ്ങൾ വഴി രാജ്യത്ത്‌ അപ്രമാദിത്വം സ്ഥാപിച്ചെടുക്കാനുള്ള ബിജെപി നീക്കം പൊളിച്ചടുക്കുന്ന വിധത്തിലാണ്‌ കർഷകമുന്നേറ്റം.

പുതിയ മൂന്ന്‌ കാർഷികനിയമത്തിന്റെ ദീർഘകാല പ്രത്യാഘാതം മനസ്സിലാക്കിയാണ്‌ കർഷകർ പ്രതിഷേധിക്കുന്നത്‌; താൽക്കാലിക നേട്ടങ്ങൾക്കു വേണ്ടിയല്ല. നിയമപരിഷ്‌കാരത്തിന്റെ നേട്ടം ലഭിക്കുക കോർപറേറ്റുകൾക്കാണെന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ കർഷകർ തിരിച്ചറിഞ്ഞു. ബിഎസ്‌എൻഎല്ലിനെ തകർത്ത് വിപണി കയ്യടക്കാൻ ജിയോക്ക്‌ വഴിയൊരുക്കിയത്‌ രാജ്യത്തിന്റെ കൺമുന്നിലുണ്ട്‌. പ്രക്ഷോഭത്തിന്റെ ഭാഗമായി അംബാനി, അദാനി ഗ്രൂപ്പുകളുടെ സ്ഥാപനങ്ങൾ പഞ്ചാബിൽ ഉപരോധിച്ചത്‌ ഇതിന്റെ വെളിച്ചത്തിലാണ്‌.

കാർഷികകടങ്ങൾ എഴുതിത്തള്ളും, സ്വാമിനാഥൻ കമീഷൻ ശുപാർശപ്രകാരമുള്ള മിനിമം താങ്ങുവില നടപ്പാക്കും, വൈദ്യുതി സൗജന്യമായി നൽകും എന്നീ വാഗ്‌ദാനങ്ങൾ ബിജെപി ലംഘിച്ചത്‌ കർഷകരിൽ പ്രതിഷേധം സൃഷ്ടിച്ചിരുന്നു. മിനിമം താങ്ങുവില സംവിധാനം അപ്രസക്തമാക്കുന്ന വിധത്തിൽ കാർഷികനിയമങ്ങൾ പരിഷ്‌കരിച്ചതോടെയാണ്‌ കർഷകർ പ്രത്യക്ഷസമരത്തിനു ഇറങ്ങിയത്‌. സംഭരണത്തിൽനിന്ന്‌ സർക്കാർ പിൻവാങ്ങുന്നതോടെ പൊതുവിതരണ സമ്പ്രദായവും ഇല്ലാതാകും.

പഞ്ചാബിൽ എഫ്‌സിഐ സംഭരണം പൂർണതോതിൽ നടന്നുവന്നിരുന്നതുകൊണ്ടാണ്‌ അവിടത്തെ കർഷകർക്ക്‌ പുതിയ നിയമങ്ങളുടെ അപകടം ആദ്യം തന്നെ ബോധ്യമായത്‌. സംഭരണം ഗണ്യമായി  നടക്കുന്ന ഹരിയാന, പശ്‌ചിമ ഉത്തർപ്രദേശ്‌, മധ്യപ്രദേശ്‌ എന്നിവിടങ്ങളിലെ കർഷകരും രംഗത്തുവന്നു. രാജസ്ഥാൻ, ഉത്തരാഖണ്ഡ്‌, മഹാരാഷ്ട്ര, കർണാടക, തമിഴ്‌നാട്, പശ്‌ചിമബംഗാൾ, അസം‌ സംസ്ഥാനങ്ങളിലും പ്രക്ഷോഭം  ശക്തമാണ്‌.   ശിരോമണി അകാലിദൾ എൻഡിഎ വിട്ടുപോയി. ഹരിയാനയിൽ ബിജെപി–-ജെജെപി ബന്ധം ഉലഞ്ഞു. ഡൽഹിയിലെ എഎപി സർക്കാർ കേന്ദ്രത്തിന്റെ അടിച്ചമർത്തൽ നടപടിയെ ചെറുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top