Deshabhimani

കർശന നിയന്ത്രണത്തിന് 
വൈകിയത് എന്തുകൊണ്ട് ; ഡല്‍ഹി സര്‍ക്കാരിനോട് സുപ്രീംകോടതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 19, 2024, 02:57 AM | 0 min read


ന്യൂഡൽഹി
ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായിട്ടും കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ വൈകിയതിന്‌ ഡൽഹി സർക്കാരിനെ വിമർശിച്ച്‌ സുപ്രീംകോടതി. ഗ്രേഡഡ്‌ റെസ്‌പോൺസ്‌ ആക്ഷൻ പ്ലാൻ (ജിആർഎപി–-4) അനുസരിച്ച്‌ കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ താമസിച്ചത്‌ എന്തുകൊണ്ടാണെന്ന്‌ ജസ്റ്റിസ്‌ അഭയ്‌ എസ്‌ ഓഖ, ജസ്റ്റിസ്‌ അഗസ്റ്റിൻ ജോർജ്‌ മസിഹ്‌ എന്നിവർ അംഗങ്ങളായ ബെഞ്ച്‌ സർക്കാരിനോട്‌ ചോദിച്ചു. വരുംദിവസങ്ങളിൽ വായുനിലവാരം മെച്ചപ്പെട്ടാലും ജിആർഎപി–-4 അനുസരിച്ചുള്ള നിയന്ത്രണം കോടതിയുടെ അനുമതിയില്ലാതെ പിൻവലിക്കരുതെന്നും സുപ്രീംകോടതി ഉത്തരവിട്ടു. അടുത്ത വെള്ളിയാഴ്‌ച്ച കോടതി വീണ്ടും വിഷയം പരിഗണിക്കും.

ഡൽഹിയിൽ തിങ്കളാഴ്‌ച്ച രാവിലെ എട്ട്‌ മുതലാണ്‌ ജിആർഎപി–-4 അനുസരിച്ചുള്ള കർശനനിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്‌. ഇതനുസരിച്ച്‌ ഡൽഹി, എൻസിആർ മേഖലയിൽ നിർമാണപ്രവർത്തനങ്ങൾ പൂർണമായും വിലക്കി. പുറത്ത്‌ നിന്നും വലിയ വാഹനങ്ങൾ ഡൽഹിയിലേക്ക്‌ പ്രവേശിക്കുന്നതും തടഞ്ഞു.

വായുനിലവാരം അതീവ ഗുരുതരം
തിങ്കളാഴ്‌ച്ച ഡൽഹിയിൽ പല മേഖലകളിലും വായുനിലവാരം അതീവഗുരുതരാവസ്ഥയിലേക്ക്‌ മാറി. പല നിരീക്ഷണകേന്ദ്രങ്ങളിലും വായുനിലവാരസൂചിക 1300നും 1600നും ഇടയിലേക്ക്‌ കൂപ്പുകുത്തി. ഡൽഹി, എൻസിആർ മേഖലകളിൽ പുകനിറഞ്ഞ മൂടൽമഞ്ഞ്‌ അന്തരീക്ഷത്തിൽ തങ്ങിനിൽക്കുകയാണ്‌.  ദൂരക്കാഴ്‌ച പൂജ്യമായതോടെ ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങേണ്ട 14 വിമാനങ്ങൾ വഴിതിരിച്ചുവിട്ടു. ജയ്പൂരിലേക്കും ഡെറാഡൂണിലേക്കുമാണ്‌ തിരിച്ചുവിട്ടത്‌.  നിരവധി വിമാനങ്ങൾ വൈകി.

12--–ാം -തരം വരെ
നേരിട്ടുള്ള 
ക്ലാസുകളില്ല
ഡൽഹിയിൽ വായുമലിനീകരണം അതിരൂക്ഷമായ പശ്‌ചാത്തലത്തിൽ 12ാം ക്ലാസ്‌ വരെയുള്ള വിദ്യാർഥികൾക്ക്‌ നേരിട്ടുള്ള ക്ലാസുകൾ നിർത്തിവെക്കാൻ സുപ്രീംകോടതി നിർദേശം. 10, 12 ക്ലാസ്‌ വിദ്യാർഥികളുടെ ക്ലാസുകൾ ഇതുവരെയും നിർത്തിവെച്ചിട്ടില്ലെന്ന കാര്യം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ്‌ ജസ്റ്റിസ്‌ അഭയ്‌ എസ്‌ ഓഖ അധ്യക്ഷനായ ബെഞ്ച്‌ ക്ലാസുകൾ നിർത്തിവെക്കാൻ നിർദേശം നൽകിയത്‌.



deshabhimani section

Related News

0 comments
Sort by

Home