17 July Wednesday

മസ‌്തിഷ‌്ക വീക്കം; ബിഹാറിൽ മരണം 85 ആയി: അമിത ചൂട‌് കാരണമെന്ന‌് സംസ്ഥാന സർക്കാർ

വെബ് ഡെസ്‌ക്‌Updated: Sunday Jun 16, 2019

പട‌്ന> മസ‌്തിഷ‌്ക വീക്കത്തെതുടർന്ന‌് ബിഹാറിൽ കുട്ടികളുടെ മരണസംഖ്യ 85 ആയി. നൂറിലേറെ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ടുദിവസത്തിനിടെ 55 കുട്ടികൾ മരിച്ചിരുന്നു. ശനിയാഴ‌്ചമാത്രം 53 കുട്ടികളെ മുസഫർപുർ ശ്രീകൃഷ‌്ണ മെഡിക്കൽ കോളേജിലും കെജ്‌രിവാൾ മെറ്റേണിറ്റി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉയർന്ന ചൂടും ഈർപ്പവുമാണ‌് മരണസംഖ്യ ഉയരാൻ കാരണമെന്നാണ‌് സർക്കാർ നിലപാട‌്.

മരിച്ചവരിൽ 55 പേരും മുസഫർപുർ ശ്രീകൃഷ‌്ണ മെഡിക്കൽ കോളേജ‌് ആശുപത്രിയിൽ ചികിത്സയിലിരുന്ന കുട്ടികളാണെന്ന‌് ആശുപത്രി സൂപ്രണ്ട‌് ഡോ. എസ‌് കെ ഷാഹി പറഞ്ഞു. പത്തുപേർ കെജ‌്‌രിവാൾ മെറ്റേണിറ്റി ആശുപത്രിയിലാണ‌് മരിച്ചത‌്. മുസഫർപുരിനു പുറമെ കിഴക്കൻ ചമ്പാരൻ, പടിഞ്ഞാറൻ ചമ്പാരൻ, സിതാമഡ്ഢി, വൈശാലി, സമസ‌്തിപുർ ജില്ലകളിലുള്ളവരും ചികിത്സ തേടിയിട്ടുണ്ട‌്. കഠിനമായ പനിയും ഛർദിയും വിറയലും തലവേദനയുമായാണ‌് കുട്ടികൾ ചികിത്സ തേടിയതെന്ന‌് ജില്ലാ അധികൃതർ വ്യക്തമാക്കി.

മരണനിരക്ക‌് ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ബിഹാർ ആരോഗ്യവിഭാഗം പ്രിൻസിപ്പൽ സെക്രട്ടറി സഞ‌്ജയ‌് കുമാർ അടങ്ങുന്ന ഉന്നതല മെഡിക്കൽ സംഘം മെഡിക്കൽകോളേജ‌് ആശുപത്രി സന്ദർശിച്ച‌് സ്ഥിതിഗതികൾ വിലയിരുത്തി. ഏഴംഗ കേന്ദ്ര മെഡിക്കൽ സംഘം സ്ഥലത്ത‌് എത്തി കൂടുതൽ പരിശോധനകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾക്ക‌് ലിച്ചി പഴം നൽകരുതെന്നും സർക്കാർ മുന്നറിയിപ്പ‌് നൽകിയിട്ടുണ്ട‌്. സർക്കാരിനെതിരെ രൂക്ഷ വിമർശവുമായി പ്രതിപക്ഷമായ രാഷ്ട്രീയ ജനതാദൾ രംഗത്തെത്തി. കുട്ടികളെ മരണത്തിന‌് വിട്ടുകൊടുത്ത‌് സർക്കാർ ഒളിച്ചുകളിക്കുകയാണെന്ന‌് ആർജെഡി നേതാവ‌് രാം ചന്ദ്ര പർവെ മെഡിക്കൽകോളേജ‌് സന്ദർശിച്ചശേഷം വാർത്താലേഖകരോട‌് പറഞ്ഞു. പോഷകാഹാരക്കുറവും മലിനജലവും ഉൾപ്പെടെ സർക്കാരിന്റെ വീഴ‌്ചയാണ‌് രോഗം പടരാനിടയാക്കിയതെന്ന‌് കേന്ദ്ര സംഘം സംശയം പ്രകടിപ്പിച്ച കാര്യം ജനങ്ങളെ ആശങ്കയിലാഴ‌്ത്തുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top