27 September Sunday

ദവീന്ദറിന്റെ അറസ്റ്റ്‌: ബിജെപിയുടെ മൗനം ദുരൂഹം

സ്വന്തം ലേഖകൻUpdated: Sunday Jan 19, 2020

ന്യൂഡൽഹി > ജമ്മു കശ്‌മീരിലെ ചെറിയ സംഭവങ്ങളിൽപ്പോലും  വലിയ പ്രതികരണം നടത്തുന്ന കേന്ദ്രസർക്കാരും ബിജെപി നേതാക്കളും ദവീന്ദറിന്റെ അറസ്‌റ്റിനുശേഷം നിശ്ശബ്ദതരായതിൽ ദുരൂഹത.  കേസ് എന്‍ഐഎ ഏറ്റെടുത്തത് കേന്ദ്രത്തിന് മുഖം രക്ഷിക്കാനാണെന്നും ആക്ഷേപമുയരുന്നു. 

ഗുരുതര ആരോപണങ്ങൾക്ക്‌ വിധേയനായ ദവീന്ദറിന്‌ തന്ത്രപ്രധാനമായ  ശ്രീനഗർ വിമാനത്താവളത്തിൽ നിയമനം ലഭിച്ചത്‌ എങ്ങനെയെന്ന ചോദ്യത്തിന് ബിജെപിക്ക് ഉത്തരമില്ല. പുൽവാമ ഭീകരാക്രമണത്തിൽ ദവീന്ദറിന്‌ പങ്കുണ്ടെന്നും ആരോപണം ഉയർന്നു.

2018ൽ ജമ്മു കശ്‌മീർ രാഷ്ട്രപതിഭരണത്തിൽ ഇരിക്കവെയാണ്‌ ഇയാൾക്ക്‌ പൊലീസ് മെഡൽ ലഭിച്ചത്.
പാർലമെന്റ്‌ ഭീകരാക്രമണക്കേസിൽ ശിക്ഷിക്കപ്പെട്ട അഫ്‌സൽ ഗുരു, ഭീകരർക്ക്‌ സഹായം നൽകാൻ നിർദേശിച്ചത്‌ ദവീന്ദറാണെന്ന്‌ കത്തെഴുതി. അന്വേഷണ ഏജൻസികൾ ഇക്കാര്യം പരിശോധിച്ചില്ല.

ജമ്മു കശ്‌മീരിൽ എത്തിയ വിദേശ നയതന്ത്രജ്ഞർക്ക്‌ ‌ അകമ്പടി സന്നാഹം ‌ഒരുക്കിയത്‌  ദവീന്ദറിന്റെ നേതൃത്വത്തിലാണ്‌. ഭീകരർ ശ്രീനഗറിൽ  കരസേന കന്റോൺമെന്റ്‌ മേഖലയിലുള്ള ദവീന്ദറിന്റെ വസതിയിലാണ്‌ തങ്ങിയത്‌. അതീവ സുരക്ഷാമേഖലയായ ഇവിടെ ഭീകരർ പൊലീസ്‌ ഉദ്യോഗസ്ഥന്റെ വീട്ടിൽ താമസിച്ചുവെന്നത്‌ ഗുരുതരമാണ്‌.  

ഇന്റലിജൻസ്‌ ബ്യൂറോയും ദേശീയ സുരക്ഷ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും പ്രതികരിക്കണമെന്ന്‌ പ്രതിപക്ഷം ആവശ്യപ്പെട്ടു. 11നാണ് ഭീകരര്‍ക്കൊപ്പം ‌ ദവീന്ദർ പിടിയിലായത്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top