30 September Wednesday

പ്രായമായവരുടെ പരിചരണം: മരുമക്കൾക്കും ഉത്തരവാദിത്തം

സ്വന്തം ലേഖകൻUpdated: Friday Dec 6, 2019

ന്യൂഡൽഹി >  പ്രായമുള്ളവരെ സംരക്ഷിക്കാൻ മരുമക്കളെയും ബാധ്യസ്ഥരാക്കുന്ന നിയമഭേദഗതിക്ക്‌ കേന്ദ്ര മന്ത്രിസഭാ അംഗീകാരം. ‘മുതിർന്ന പൗരൻമാരുടെയും രക്ഷിതാക്കളുടെയും ക്ഷേമം, ജീവനാംശം ഭേദഗതി ബിൽ–-2019’ ആണ്‌ കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്‌.

2007ലെ സീനിയർ സിറ്റിസൺസ്‌ നിയമത്തിലെ വ്യവസ്ഥപ്രകാരം മക്കളോ അനന്തരാവകാശികളോ പ്രായമായവരെ സംരക്ഷിച്ചാൽ മതിയായിരുന്നു. എന്നാൽ, നിയമത്തിലെ ‘പരിചരണം നൽകാൻ ബാധ്യസ്ഥരായ ആളുകൾ’ എന്ന നിർവചനം ഭേദഗതിബില്ലിൽ വിപുലീകരിച്ചു. മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമക്കൾ, ദത്തെടുത്ത മക്കൾ, രണ്ടാം ബന്ധത്തിലെ മക്കൾ എന്നിവരെകൂടി ബാധ്യസ്ഥരാക്കി.

മുതിർന്ന പൗരൻമാരായാലും അല്ലെങ്കിലും സ്വന്തം കാര്യങ്ങൾ നോക്കാൻ കഴിയാത്തവരെ മക്കളോ മരുമക്കളോ പരിപാലിക്കണം.
മക്കളോ മരുമക്കളോ പരിപാലിച്ചില്ലെങ്കിൽ ട്രിബ്യൂണലിൽ പരാതി നൽകാം. ട്രിബ്യൂണൽ ജീവനാംശം നിശ്ചയിക്കണം. പരമാവധി 10,000 രൂപ ജീവനാംശം നൽകിയാൽ മതിയെന്ന മുൻവ്യവസ്ഥ എടുത്തുകളഞ്ഞു.

കൂടുതൽ മാസവരുമാനമുള്ളവർ അതനുസരിച്ചുള്ള ജീവനാംശം നൽകണം. 80 വയസ്സിന്‌ മുകളിലുള്ളവർ നൽകുന്ന പരാതിക്ക്‌ പൊലീസും ട്രിബ്യൂണലും കൂടുതൽ പ്രാധാന്യം നൽകണം. ആ പരാതികളിൽ 60 ദിവസത്തിനുള്ളിൽ തീർപ്പുണ്ടാക്കണം. വയോജനങ്ങളുടെ പരാതികൾ പരിഗണിക്കാൻ എല്ലാ പൊലീസ്‌ സ്‌റ്റേഷനിലും നോഡൽ ഓഫീസർമാരെ നിയമിക്കണം. എല്ലാ ജില്ലകളിലും സംസ്ഥാനസർക്കാർ മേൽനോട്ടത്തിൽ വയോജനപരിപാലന കേന്ദ്രങ്ങൾ രൂപീകരിക്കണം. നിയമം ലംഘിക്കുന്നവർക്ക്‌ മുമ്പ്‌ നൽകാറുള്ള മൂന്ന്‌ മാസം തടവുശിക്ഷ ആറുമാസമായി വർധിപ്പിക്കാനും വ്യവസ്ഥയുണ്ട്‌.

മാതാപിതാക്കളുടെയും മുതിർന്ന പൗരൻമാരുടെയും അന്തസ്സ്‌ ഉയർത്തിപ്പിടിക്കുന്നതാണ്‌ പുതിയ നിയമമെന്നും ബിൽ നടപ്പുസമ്മേളനത്തിൽ തന്നെ അവതരിപ്പിക്കുമെന്നും മന്ത്രി പ്രകാശ്‌ജാവ്‌ദേക്കർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top