22 October Thursday

എന്തിനീ ക്രൂരത; മക്കളേ മാപ്പ്‌ ; യുപിയിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു

വെബ് ഡെസ്‌ക്‌Updated: Friday Oct 2, 2020


ന്യൂഡൽഹി
ബിജെപി ഭരിക്കുന്ന ഉത്തർപ്രദേശിൽ അതിക്രൂരമായ ആക്രമണങ്ങളിൽ രണ്ട്‌ ദളിത്‌ പെൺകുട്ടികൾകൂടി കൊല്ലപ്പെട്ടു. ബദോഹിയിൽ പതിനഞ്ചുകാരിയെ ഇഷ്ടികയും കല്ലും ഉപയോഗിച്ച്‌ തല തകർത്ത്‌ കൊന്നു. ബൽറാംപുരിൽ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന്‌ ഇരയാക്കിയ ഇരുപത്തിരണ്ടുകാരി മരിച്ചു.  

ഹാഥ്‌രസിൽ ഹീനമായ ആക്രമണത്തിന് ഇരയായി ദളിത്‌ പെൺകുട്ടി മരിച്ചതിൽ ജനരോഷം അലയടിക്കവെയാണ് വീണ്ടും‌ നിഷ്‌ഠുര കൃത്യങ്ങൾ‌. കിഴക്കൻ ഉത്തർപ്രദേശിലെ ഭദോഹിയിൽ  കൃഷിയിടത്തിലാണ്‌ ‌തല തകർന്ന നിലയിൽ പതിനഞ്ചുകാരിയുടെ മൃതദേഹം കണ്ടെത്തിയത്‌. 

ബൽറാംപുരിൽ ബുധനാഴ്‌ച കോളേജിലേക്ക്‌ പോയ രണ്ടാംവർഷ ബികോം വിദ്യാർഥിനിയെ നാലംഗ സംഘം കാറിൽ  തട്ടിക്കൊണ്ടുപോയി മയക്കുമരുന്ന്‌ കുത്തിവച്ച്‌ ബലാത്സംഗം ചെയ്‌തശേഷം കാലുകൾ അടിച്ചുതകർത്തു. രാത്രി റിക്ഷയിൽ കയറ്റി വീട്ടിലേക്ക്‌ വിട്ടു. നിൽക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയിൽ വീട്ടിലെത്തിയ പെൺകുട്ടിയെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചു.  വിദഗ്‌ധ ചികിത്സയ്‌ക്കായി‌ ലഖ്‌നൗവിലേക്ക്‌ കൊണ്ടുപോകവെ പെൺകുട്ടി മരിച്ചു.  ഒരു കടയുടെ പിന്നിലുള്ള മുറിയിൽവച്ചാണ്‌ പെൺകുട്ടിയെ ഉപദ്രവിച്ചതെന്ന്‌ പൊലീസ്‌ പറഞ്ഞു.

അതേസമയം ഹാഥ്‌രസിൽ ക്രൂര പീഡനത്തിനിരയായി മരിച്ച പെൺകുട്ടി ബലാത്സംഗത്തിനോ കൂട്ടബലാത്സംഗത്തിനോ ഇരയായിട്ടില്ലെന്ന വിചിത്രവാദവുമായി യുപി പൊലീസ് രംഗത്തെത്തി‌. ഫോറൻസിക്‌ പരിശോധനയിൽ ബീജത്തിന്റെ അംശം കണ്ടെത്താനായില്ലെന്നാണ്‌ പൊലീസ്‌ ഭാഷ്യം. പെൺകുട്ടിയുടെ കുടുംബത്തിനുനേരെ ഭീഷണിയും സമ്മർദ്ദവും ഉയർന്നു. പെൺകുട്ടി കോവിഡ്‌ ബാധിച്ച്‌ മരിച്ചതാണെന്ന്‌ സമ്മതിക്കാൻ അധികൃതർ ഭീഷണിപ്പെടുത്തുകയാണെന്ന്‌ കുടുംബം ആരോപിച്ചു.

സ്‌ത്രീകളുടെ മൃതദേഹം കണ്ടെത്തി
ഗൊരഖ്‌പുരിൽ സ്‌ത്രീയുടെ മൃതദേഹം പെട്ടിയിലടച്ച്‌  ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. 30 വയസ്സ്‌ തോന്നിക്കുന്ന മൃതദേഹത്തിൽ പ്രത്യക്ഷത്തിൽ മുറിവുകളൊന്നുമില്ലെന്ന് പൊലീസ്‌ പറഞ്ഞു. പെട്ടിയിലുണ്ടായിരുന്ന പായ്‌ക്കറ്റിൽ വസ്‌ത്രങ്ങളും താലിമാലയും മരുന്നുകളും കണ്ടെത്തി.

മുസാഫർസഗറിൽ റെയിൽവേ ട്രാക്കിൽ പകുതി കത്തിക്കരിഞ്ഞ നിലയിൽ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തി. ഷാംലി ജില്ലയിലാണ്‌ സംഭവം. ബുധനാഴ്‌ചയാണ്‌ മൃതദേഹം കണ്ടെത്തിയത്‌.‌ സത്‌ബിരി എന്ന സ്‌ത്രീയാണ്‌ കൊല്ലപ്പെട്ടതെന്നും ഇവരെ കഴിഞ്ഞദിവസം കാണാതായിരുന്നുവെന്നും പൊലീസ്‌ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top