22 October Thursday

രാജ്യത്ത്‌ കുറ്റകൃത്യങ്ങളിൽ വൻ വർധന ; യുപിയിൽ സ്‌ത്രീകൾക്കും ദളിതർക്കും രക്ഷയില്ല

വെബ് ഡെസ്‌ക്‌Updated: Thursday Oct 1, 2020


ന്യൂഡൽഹി
രാജ്യത്ത്‌ കുറ്റകൃത്യങ്ങളിൽ വൻ വർധനയെന്ന്‌ ദേശീയ ക്രൈം റെക്കോഡ്‌സ്‌ ബ്യൂറോയുടെ റിപ്പോർട്ട്‌. 2019ൽ സ്‌ത്രീകൾക്കും പട്ടികജാതിക്കാർക്കുമെതിരായ കുറ്റകൃത്യങ്ങൾ 7.3 ശതമാനംവീതം വർധിച്ചു. ബിജെപി ഭരിക്കുന്ന യുപിയിലാണ്‌ ഈ രണ്ടു വിഭാഗത്തിലും ഏറ്റവും കൂടുതൽ കുറ്റകൃത്യങ്ങളുണ്ടായത്‌. സ്‌ത്രീകൾക്കെതിരെയുള്ള 4,05,861 ആക്രമണത്തിൽ 59,853 എണ്ണവും യുപിയിലാണ് (14.7 ശതമാനം)‌. രാജസ്ഥാനും (10.2) മഹാരാഷ്‌ട്രയുമാണ്‌ (9.2) തൊട്ടുപിന്നിൽ‌. സ്‌ത്രീകൾക്കെതിരായ കുറ്റകൃത്യനിരക്ക്‌ ഏറ്റവും കൂടുതൽ അസമിലാണ്‌. ലക്ഷത്തിൽ 177.8 സ്‌ത്രീകൾ ആക്രമണത്തിന്‌ ഇരയായി. രാജസ്ഥാൻ (110.4), ഹരിയാന (108.5) എന്നിവയാണ്‌ തൊട്ടുപിന്നിൽ‌. 


 

കുട്ടികൾക്കുനേരെ 4.5 ശതമാനവും പട്ടികവർഗക്കാർക്കെതിരെ 26.5 ശതമാനവും കുറ്റകൃത്യങ്ങൾ വർധിച്ചു. രാജ്യത്ത്‌ ‌2019ൽ ദിനംപ്രതി 87 ബലാത്സംഗമാണ് ഉണ്ടായത്‌. രാജസ്ഥാനിലാണ്‌ ഏറ്റവും അധികം (5997). യുപി (3065), മധ്യപ്രദേശ്‌ (2485) എന്നിവയാണ്‌ തൊട്ടുപിന്നിൽ. 2019ൽ കുട്ടികൾക്കെതിരായ കുറ്റകൃത്യം 1.48 ലക്ഷമാണ്‌‌. തട്ടിക്കൊണ്ടുപോകൽ (46.6 ശതമാനം), ലൈംഗിക കുറ്റങ്ങൾ (35.3) എന്നിവ ഇതിലുൾപ്പെടുന്നു. പോക്‌സോ കുറ്റകൃത്യങ്ങൾ കൂടുതൽ യുപിയിലാണ്‌ (7444). മഹാരാഷ്‌ട്ര (6402), മധ്യപ്രദേശ്‌ (6053) സംസ്ഥാനങ്ങളാണ്‌ തൊട്ടുപിന്നിൽ.

പട്ടികജാതിക്കാർക്കെതിരായ കുറ്റകൃത്യങ്ങളിൽ 25 ശതമാനം യുപിയിലാണ്‌ (11,829 ). ദളിത്‌ സ്‌ത്രീകൾക്കെതിരായ ബലാത്സംഗങ്ങൾ കൂടുതൽ രാജസ്ഥാനിലാണ്‌ (554). യുപിയും (537) മധപ്രദേശുമാണ് (510)‌ തൊട്ടുപിന്നിൽ. സ്‌ത്രീധന കേസുകളും (2410)  ആസിഡ്‌ ആക്രമണങ്ങളും (42) യുപിയിലാണ്ഏറ്റവും കൂടുതൽ. സൈബർ കുറ്റകൃത്യങ്ങൾ രാജ്യത്ത്‌ 81.9 ശതമാനം വർധിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top