18 September Wednesday

സവർണർ വഴി അടച്ചു; ദളിതന്റെ മൃതദേഹം പാലത്തിൽനിന്ന്‌ കെട്ടിയിറക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

വെല്ലൂർ> ദളിത്‌ വിഭാഗത്തിൽപ്പെട്ടയാളുടെ മൃതദേഹം കൊണ്ടുപോകുന്ന വഴി സവർണർ തടഞ്ഞു. വഴി നിഷേധിക്കപ്പെട്ടതോടെ മൃതദേഹം പാലത്തിൽനിന്ന്‌ നദിയിലേക്ക്‌ കയറിൽ കെട്ടിയിറക്കി. തമിഴ്‌നാട്ടിലെ വെല്ലൂരിൽ ശനിയാഴ്‌ചയാണ്‌  മനഃസാക്ഷിയെ ഞെട്ടിച്ച സംഭവം. വാഹനാപകടത്തിൽ മരിച്ച കുപ്പ  (55)ന്റെ മൃതദേഹമാണ്‌ പാലത്തിൽനിന്ന്‌ കെട്ടിയിറക്കേണ്ടിവന്നത്‌. ദളിത്‌ കോളനിയിൽ സൗകര്യമില്ലാത്തതിനാൽ കുറച്ചകലെയുള്ള പാലാർ നദീതീരത്താണ്‌ ഇവിടെയുള്ളവർ മൃതദേഹം സംസ്‌കരിക്കുന്നത്‌.

ഇവിടേക്കുള്ള വഴി കൈയേറിയ വെള്ളാല ഗൗണ്ടർ, വണ്ണിയർ വിഭാഗക്കാർ മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചില്ല. ഇതേത്തുടർന്നാണ്‌ 20 മീറ്റർ ഉയരമുള്ള പാലത്തിന്റെ മുകളിൽനിന്ന്‌  മൃതദേഹം കയർകെട്ടി താഴേക്ക്‌ ഇറക്കേണ്ടി വന്നതെന്ന്‌ കുപ്പന്റെ ബന്ധുക്കൾ ആരോപിച്ചു. ‘‘പരമ്പരാഗതമായി ഞങ്ങൾ ഉപയോഗിച്ചിരുന്ന ശ്‌മശാനമാണത്‌. ആ പ്രദേശത്ത്‌ പാലം വരുന്നതിനുമുമ്പ്‌ മൃതദേഹം വെള്ളത്തിൽ ഉപേക്ഷിക്കുകയായിരുന്നു. ’’ കുപ്പന്റെ അനന്തരവൻ വിജയ്‌ പറഞ്ഞു. ദളിതർ നേരത്തെ ഉപയോഗിച്ചിരുന്ന വഴി അടുത്തകാലത്ത്‌ സവർണർ കൈയേറി പ്രവേശനം വിലക്കുകയായിരുന്നു. വഴി തുറന്നുതരാൻ നിരവധി തവണ ആവശ്യപ്പെട്ടിരുന്നെങ്കിലും അവർ സമ്മതിച്ചില്ലെന്നും ബന്ധുക്കൾ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top