"മീഷോ'യെ പറ്റിച്ച് കൈക്കലാക്കിയത് 5.5 കോടി; 3 പേർ പിടിയിൽ
സൂറത്ത് > ഓൺലൈൻ ഷോപ്പിങ് പ്ലാറ്റ്ഫോമായ മീഷോയിൽ നിന്ന് 5.5 കോടി രൂപ തട്ടിയ മൂന്നംഗസംഘം പിടിയിൽ. 2024 ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിലാണ് ഇവർ ബംഗളൂരു ആസ്ഥാനമായ മീഷോയിൽ നിന്ന് പണം തട്ടിയത്. 24 ലക്ഷം രൂപ ഇവരിൽ നിന്ന് കണ്ടെടുത്തു. സൂറത്ത് സ്വദേശികളായ ഉത്തം കുമാർ മാങ്കുക്യ, പാർഥഭൈ മാങ്കുക്യ, മൗലിക് ഘോരി എന്നിവരാണ് അറസ്റ്റിലായത്. ഉത്തം കുമാർ ബാങ്കിലും പാർഥഭൈ ജൂവലിറി ഷോപ്പിലും മൗലിക് ടെക്സ്റ്റൈൽ ഷോപ്പിലുമാണ് ജോലി ചെയ്യുന്നത്.
ഓം സായി ഫാഷൻ എന്ന പേരിൽ രജിസ്റ്റർ ചെയ്ത ശേഷമായിരുന്നു ഇവരുടെ തട്ടിപ്പ്. ആപ്പിൽ വ്യാജ അഡ്രസുകൾ നൽകി ഇവർ ഒട്ടേറെ അക്കൗണ്ടുകളുണ്ടാക്കി. ശേഷം ഓംസായി ഫാഷന്റെ വിവിധ വസ്ത്രങ്ങൾ ഓർഡർ ചെയ്തു. കേടുപാടുകൾ സംഭവിച്ച വസ്ത്രങ്ങൾ വിതരണത്തിനായി കൈമാറി. എന്നാൽ നിലവിലില്ലാത്ത അഡ്രസുകളായതിനാൽ ഇവ തിരിച്ചെത്തി. തിരിച്ചെത്തിയ തുണിത്തരങ്ങൾക്കു കേടുപാടുകൾ സംഭവിച്ചതായി വിഡിയോ ചിത്രീകരിച്ച് കമ്പനിയിൽ നിന്നും പണം തട്ടുകയായിരുന്നു. തട്ടിപ്പ് കണ്ടെത്തിയതോടെ മീഷോ പൊലീസിൽ പരാതി നൽകി. വിഷയത്തിൽ ഇനിയും അറസ്റ്റുകൾ നടക്കാനുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ അറിയിച്ചു.
0 comments