24 July Wednesday

ഇറാനെതിരെ യുഎസ്‌ ഉപരോധം ; എണ്ണ വില കുത്തനെ ഉയരും

സന്തോഷ‌് ബാബുUpdated: Thursday Apr 25, 2019



ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്ക് അമേരിക്കൻ പ്രസിഡന്റ‌്   ഡോണാള്‍ഡ് ട്രംപ്  വിലക്ക് ഏർപ്പെടുത്തിയതോടെ അന്തരാഷ്ട്ര മാർക്കറ്റിൽ അസംസ‌്കൃത എണ്ണവില കുതിക്കുന്നു.തെരഞ്ഞെടുപ്പ് കാലമായതിനാൽ  കേന്ദ്ര സർക്കാരിന്റെ താൽപ്പര്യപ്രകാരം പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധിപ്പിക്കുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയ എണ്ണക്കമ്പനികൾ വോട്ടെടുപ്പ് അവസാനിക്കുന്നതോടെ വില കുത്തനെ കൂട്ടുമെന്നാണ് ആശങ്ക.

ഇറാനില്‍നിന്ന് അസംസ്കൃത എണ്ണ (ക്രൂഡ് ഓയില്‍)  ഇറക്കുമതി ചെയ്യുന്നത് അടുത്ത മാസം രണ്ടിനകം അവസാനിപ്പിക്കണമെന്നും ഇല്ലെങ്കിൽ ഉപരോധം ഏര്‍പ്പെടുത്തുമെന്നുമാണ്   ഇന്ത്യയടക്കം എട്ട് രാജ്യങ്ങള്‍ക്ക് അമേരിക്കയുടെ ഭീഷണി. ഈ തിട്ടൂരം തലകുനിച്ച് സ്വീകരിച്ച‌് ഇറാനില്‍നിന്നുള്ള അസംസ്കൃത എണ്ണ ഇറക്കുമതി നിര്‍ത്താനാണ് കേന്ദ്ര തീരുമാനം.  ശതമാനവും സൗദി അറേബ്യ, ഇറാന്‍, യുഎഇ, കുവൈത്ത‌്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്യുകയാണ്. ഇതില്‍ പത്ത‌് ശതമാനമാണ് ഇറാനില്‍നിന്ന് എത്തിക്കുന്നത്. ഇറാനില്‍നിന്ന് ഏറ്റവുമധികം ക്രൂഡ് ഓയില്‍ വാങ്ങുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ. ഇറാന്‍ മറ്റ് രാജ്യങ്ങള്‍ നല്‍കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇന്ത്യയ്ക്ക് ക്രൂഡ് ഓയില്‍ തരുന്നത്.

അതുകൊണ്ടുതന്നെ, ഇറാനിൽനിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്താനുള്ള കേന്ദ്ര തീരുമാനം രാജ്യത്തിന്റെ  താല്‍പ്പര്യങ്ങളെയും ഊര്‍ജ സുരക്ഷയെയും പ്രതികൂലമായി ബാധിക്കും.

2017–-18ല്‍ ഇറാനില്‍നിന്ന് ഇന്ത്യ ഇറക്കുമതി ചെയ്തത് 22.6 ദശലക്ഷം ടണ്‍ ക്രൂഡോയിലാണ്. കഴിഞ്ഞ വര്‍ഷം ഇത‌് 24 ദശലക്ഷം ടൺ ആയി ഉയർന്നു. ഇറാനുമേലുള്ള അമേരിക്കന്‍ ഉപരോധം പ്രാബല്യത്തിലാകുന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ ലഭ്യത കുറയുകയും വില ​ഗണ്യമായി വര്‍ധിക്കുകയും ചെയ്യും. ഇത് പ്രധാനമായും ഇറക്കുമതി എണ്ണയെ ആശ്രയിക്കുന്ന ഇന്ത്യയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വന്‍ വിലവര്‍ധനവിന് കാരണമാകും. അമേരിക്കയുടെ ഭീഷണി വന്നതിന് തൊട്ടുപിന്നാലെ  അന്താരാഷ്ട്ര വിപണിയില്‍ എണ്ണ (ബെന്റ‌് ​ക്രൂഡ്) വില ബാരലിന് 74.34 ഡോളറായി ഉയര്‍ന്നു. 2018 നവംബറിന് ശേഷമുള്ള ഏറ്റവും കൂടിയ വിലയാണിത്. 

എണ്ണവില ബാരലിന് 75 ‍ഡോളര്‍ കടക്കുമ്പോള്‍ രാജ്യത്തിന്റെ സമ്പദ്ഘടനയില്‍ ഉണ്ടാകുന്ന ആഘാതം കനത്തതായിരിക്കും. വിദേശ വ്യാപാര കമ്മി വര്‍ധിക്കുകയും രാജ്യത്ത് വന്‍ വിലക്കയറ്റത്തിന് കാരണമാകുകയും ചെയ്യുമെന്ന് സാമ്പത്തിക വി​ദ​​ഗ്ധര്‍ നിരീക്ഷിക്കുന്നു.  ലോക‌്സഭാ വോട്ടെടുപ്പ് അവസാനിക്കുന്നതോടെ എണ്ണക്കമ്പനികള്‍  പെട്രോള്‍, ഡീസല്‍, പാചകവാതകം ഉള്‍പ്പെടെയുള്ള പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ കൂട്ടുമെന്നാണ‌് കരുതുന്നുത‌്.
 


പ്രധാന വാർത്തകൾ
 Top