23 August Friday

വീഴ‌്ത്താൻ ബിജെപി; ഗവർണറുടെ നിലപാട‌് നിർണായകമാകും , അനുനയനീക്കം എങ്ങുമെത്തിയില്ല

വെബ് ഡെസ്‌ക്‌Updated: Wednesday Jul 10, 2019


ബംഗളൂരു
കർണാടകത്തിൽ വിമത എംഎൽഎമാരെ അനുനയിപ്പിക്കാനുള്ള കോൺഗ്രസ‌്–-ജെഡിഎസ‌് നേതൃത്വത്തിന്റെ ശ്രമം എങ്ങുമെത്തിയില്ല. എംഎൽഎമാരുടെ രാജിയിൽ സ‌്പീക്കർ തീരുമാനം നീട്ടിയത‌് സഖ്യസർക്കാരിന‌് താൽക്കാലിക ആശ്വാസമായി. എന്നാൽ, 12ന‌് നിയമസഭാ സമ്മേളനം തുടങ്ങുംമുമ്പ‌് പ്രശ‌്നം പരിഹരിച്ചില്ലെങ്കിൽ ഭൂരിപക്ഷം നഷ്ടമായ സർക്കാർ വീഴുമെന്ന ആശങ്ക ശക്തമായി. മന്ത്രിസഭ രൂപീകരിക്കാൻ ബിജെപി അവകാശമുന്നയിച്ചു കഴിഞ്ഞു. ഗവർണറുടെ നിലപാട‌്  നിർണായകമാകും. സ്ഥിതിഗതി വിശദീകരിച്ച‌് സ‌്പീക്കർ ഗവർണർക്ക‌് കത്ത‌് നൽകി. നിലവിൽ കേവല ഭൂരിപക്ഷത്തിലാണ് ബിജെപി–- 108 പേർ. കോൺഗ്രസ്–---ജെഡിഎസ് സഖ്യത്തിൽ 102 പേ‍ർ മാത്രം.

തപാലിലൂടെ രാജി അംഗീകരിക്കില്ലെന്നും നേരിട്ടെത്തി കാരണം ബോധിപ്പിക്കണമെന്നും വ്യക്തമാക്കിയാണ‌് എട്ടുപേരുടെ രാജി സ‌്പീക്കർ ആർ കെ രമേഷ‌്കുമാർ നിരസിച്ചത‌്. മറ്റുള്ളവരുടെ കാര്യത്തിലും തീരുമാനമെടുക്കാൻ സമയം വേണമെന്ന‌് സ‌്പീക്കർ നിലപാടെടുത്തു.

ഗവർണർ ബിജെപിയെ സർക്കാരുണ്ടാക്കാൻ ക്ഷണിക്കുന്നത്  ഒഴിവാക്കാനാണ് കോൺഗ്രസും ജനതാദളും ശ്രമിക്കുന്നത്. സർക്കാരിനെ നിലനിർത്താനായി 21 കോൺഗ്രസ‌് മന്ത്രിമാരും രാജിക്കത്ത‌് മുഖ്യമന്ത്രി കുമാരസ്വാമിക്ക് കൈമാറിയിട്ടുണ്ട‌്. എന്നാൽ, മുഖ്യമന്ത്രി ഇക്കാര്യം ഗവർണറെ അറിയിച്ചിട്ടില്ല. നിലവിൽ രാജിവച്ച എംഎൽഎമാരുടെ എണ്ണം 15 ആയി. കോൺഗ്രസിൽനിന്ന‌് രാജിവച്ച എംഎൽഎ റോഷൻ ബെയ‌്ഗിനെക്കൂടി ബിജെപിക്ക്‌ കിട്ടി. കർണാടകത്തിൽ തെരഞ്ഞെടുപ്പ‌് തോൽവിക്ക‌് കാരണം കെ സി വേണുഗോപാലിനെപ്പോലുള്ള ബഫൂണുകളെ കൊണ്ടുവന്നതാണ‌് എന്ന പരാമർശം നടത്തിയതിനാണ‌് ബെയ‌്ഗിനെ സസ‌്പെൻഡ‌് ചെയ‌്തത‌്.

വിമതരെ അനുനയിപ്പിക്കാനുള്ള അവസാനശ്രമവും പാളിയതോടെയാണ‌് സർക്കാരിന്റെ ഭാവി അനിശ്ചിതാവസ്ഥയിലായത‌്. വിമതരുമായി ആശയവിനിമയം നടത്താൻ ചുമതലപ്പെടുത്തിയ ഡി കെ ശിവകുമാറിന‌് ഇതുവരെ ഇക്കാര്യം സാധിച്ചിട്ടില്ല. മുംബൈയിൽ ഹോട്ടലിൽ തങ്ങിയ വിമത എംഎൽഎമാരെ രഹസ്യകേന്ദ്രത്തിലേക്ക് മാറ്റി. തങ്ങൾ ഇപ്പോഴും പാർടിയുടെ ഭാഗമാണെന്നും മന്ത്രിസ്ഥാനം ആവശ്യപ്പെട്ടില്ലെന്നും ജനങ്ങളുടെ പ്രതീക്ഷ നശിപ്പിച്ച മുഖ്യമന്ത്രി മാറണമെന്നാണ‌് ആവശ്യമെന്നും വിമതർ വ്യക്തമാക്കി. 

കോൺഗ്രസ‌് നിയമസഭാ കക്ഷിയോഗത്തിൽ രാജിവച്ചവർക്കു പുറമേ എട്ട‌് എംഎൽഎമാർകൂടി പങ്കെടുത്തില്ല. ഇതിൽ ആറുപേർ വിശദീകരണം നൽകി. കാരണം ബോധിപ്പിക്കാത്ത എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി സ്വീകരിക്കാനാണ‌് നീക്കം. രാജിവച്ച രാമലിംഗ റെഡ്ഡിക്കെതിരെ നടപടി ആവശ്യമില്ലെന്ന നിലപാട‌് അദ്ദേഹത്തെ അനുനയിപ്പിക്കാൻ കഴിഞ്ഞതിന്റെ സൂചനയാണ‌്. രാജിവച്ചവരെ അയോഗ്യരാക്കാൻ സ‌്പീക്കറോട‌് ആവശ്യപ്പെടുമെന്ന‌് മുൻ മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. മന്ത്രിസഭ രൂപീകരിക്കാൻ അവകാശമുന്നയിക്കുമെന്ന‌് മുതിർന്ന ബിജെപി നേതാവ‌് ശോഭ കരന്തലാജെ പറഞ്ഞു. എന്നാൽ, എംഎൽഎമാരുടെ രാജിയുമായി ബിജെപിക്ക‌് ബന്ധമില്ലെന്ന‌് കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ ആവർത്തിച്ചു.

സ‌്പീക്കർ രാജിവയ്‌ക്കണം: യെദ്യൂരപ്പ
ബംഗളൂരു
വിമത എംഎൽഎമാരുടെ രാജി സ്വീകരിക്കാൻ വൈകുന്നതിൽ  സ‌്പീക്കർക്കെതിരെ പ്രതിഷേധവുമായി ബിജെപി. രാഷ്ട്രീയം കളിക്കുന്ന സ‌്പീക്കർ രാജിവയ്‌ക്കണമെന്ന‌് ബിജെപി നിയമസഭാ കക്ഷി യോഗം ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച‌് മുഴുവൻ എംഎൽഎമാരും ബുധനാഴ‌്ച വിധാൻസൗധത്തിനുമുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുമെന്ന‌് നിയമസഭാ കക്ഷിയോഗത്തിനുശേഷം ബി എ‌സ‌് യെദ്യൂരപ്പ പറഞ്ഞു.

സ‌്പീക്കറുടെ നടപടിക്കെതിരെ ഗവർണർക്ക‌് നിവേദനം നൽകാനും തീരുമാനിച്ചു. 107 എംഎൽഎമാരെയും അണിനിരത്തിക്കൊണ്ട‌് സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം തങ്ങൾക്കുണ്ടെന്ന‌് ഗവർണർക്കുമുന്നിൽ തെളിയിക്കുകയാണ‌് ബിജെപിയുടെ ലക്ഷ്യം. സഖ്യസർക്കാരിന‌്  102 പേരുടെ പിന്തുണ മാത്രമേ ഉള്ളുവെന്നും  അറിയിക്കും. സഭയിൽ ഭൂരിപക്ഷം തെളിയിക്കാൻ മുഖ്യമന്ത്രി കുമാരസ്വാമിയോട‌് നിർദേശിക്കണമെന്ന‌് ഗവർണറോട‌്  ആവശ്യപ്പെടാനും ബിജെപി തീരുമാനിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top