09 August Sunday

കേന്ദ്രം ജനങ്ങളെ പരിഹസിക്കുന്നു; സൗജന്യഭക്ഷ്യധാന്യ വിതരണപദ്ധതി പ്രതിസന്ധി നേരിടാൻ അപര്യാപ്‌തം : പിബി

വെബ് ഡെസ്‌ക്‌Updated: Thursday Jul 2, 2020


ന്യൂഡൽഹി
പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ച സൗജന്യഭക്ഷ്യധാന്യ വിതരണപദ്ധതി നിലവിലെ പ്രതിസന്ധി നേരിടാൻ അപര്യാപ്‌തവും ജനങ്ങളുടെ ദുരിതങ്ങൾക്കുനേരെയുള്ള പരിഹാസവുമാണെന്ന്‌ സിപിഐ എം പൊളിറ്റ്‌ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. മൂന്ന്‌ മാസമായി ജീവനോപാധി നഷ്ടപ്പെട്ടവർക്ക്‌ അഞ്ച്‌ കിലോ ഭക്ഷ്യധാന്യംകൊണ്ട്‌ എന്തുചെയ്യാനാകും. ഓരോ വ്യക്തിക്കും 10 കിലോഗ്രാം വീതം ഭക്ഷ്യധാന്യം ആറ്‌‌ മാസത്തേ‌ക്ക്‌ ഉറപ്പാക്കണം.

പതിനാല്‌ കോടിപേർക്ക്‌ തൊഴിൽ നഷ്ടപ്പെട്ടു. ആദായനികുതി പരിധിക്ക്‌ പുറത്തുള്ള എല്ലാ കുടുബങ്ങൾക്കും പ്രതിമാസം  7,500 രൂപവീതം ആറ്‌ മാസത്തേ‌ക്ക്‌ നൽകണം.
മടങ്ങിയെത്തിയ എല്ലാ തൊഴിലാളികൾക്കും തൊഴിലുറപ്പ്‌ പദ്ധതിയിൽ ജോലി നൽകുമെന്ന അവകാശവാദം തട്ടിപ്പാണ്‌. വർഷം 100 തൊഴിൽദിനം വീതം ഒരു കോടി ആളുകൾക്ക്‌ അധികമായി നൽകാൻ 2.46 ലക്ഷം കോടി രൂപ വേണം. എന്നാൽ ബജറ്റ്‌ വിഹിതവും അധിക വിലയിരുത്തലുകളും ചേരുമ്പോൾ 1.5 ലക്ഷം കോടി മാത്രമാണ്‌. തൊഴിൽ നൽകാൻ കഴിയാത്തപക്ഷം തൊഴിൽരഹിത വേതനം വിതരണം ചെയ്യണം.

രണ്ടായിരം രൂപ സഹായം ഒമ്പത്‌ കോടി കർഷകർക്ക്‌ ലഭിച്ചെന്ന്‌ പ്രധാനമന്ത്രി പറയുന്നു. 2019ൽ തെരഞ്ഞെടുപ്പിനുമുമ്പ്‌ പറഞ്ഞത്‌ 14 കോടി കർഷകർക്ക്‌ വർഷം മൂന്ന്‌ ഗഡുവായി 2,000 രൂപ വീതം നൽകുമെന്നാണ്‌. പഴയ പദ്ധതി പുതിയ രൂപത്തിൽ പറയുകയാണ്‌. രണ്ടാം ഗഡുവിനെക്കുറിച്ച്‌ മൗനമാണ്‌.കോവിഡ്‌ പരിശോധന ഏറ്റവും കുറഞ്ഞ നിരക്കിൽ നടക്കുന്ന രാജ്യമാണ്‌ ഇന്ത്യ. യുദ്ധകാലാടിസ്ഥാനത്തിൽ സർക്കാർ ചികിത്സ ഒരുക്കണം. സാർവത്രിക ആരോഗ്യപരിരക്ഷ സംവിധാനം നടപ്പാക്കണമെന്നും പിബി പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top