ആരാധനാലയ നിയമം ഫലപ്രദമായി നടപ്പാക്കണം: സിപിഐ എം
ന്യൂഡൽഹി
രാജ്യത്തെ ആരാധനാലയങ്ങളുടെ 1947 ആഗസ്‌ത് 15ലെ സ്ഥിതി സംരക്ഷിക്കാൻ വ്യവസ്ഥ ചെയ്‌തുള്ള ആരാധനാലയ സംരക്ഷണ നിയമം(1991) ഫലപ്രദമായി നടപ്പാക്കണമെന്ന് രണ്ടുദിവസമായി ഡൽഹിയിൽ ചേർന്ന സിപിഐ എം പൊളിറ്റ്‌ബ്യൂറോ യോഗം ആവശ്യപ്പെട്ടു. നൂറ്റാണ്ടുകൾ പഴക്കമുള്ള മസ്‌ജിദുകളുടെ സ്ഥാനത്ത് ഹിന്ദുക്ഷേത്രങ്ങളായിരുന്നെന്ന് അവകാശപ്പെടുന്ന ഹർജികൾ കീഴ്‌ക്കോടതികൾ പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കുന്നത് ആശങ്കജനകമാണ്. വാരാണസിക്കും മഥുരയ്‌ക്കും പിന്നാലെ, സംഭലിലുള്ള 16–-ാം നൂറ്റാണ്ടിലെ മസ്‌ജിദിൽ സർവെയ്‌ക്ക് കീഴ്‌ക്കോടതി നിർദേശം നൽകി. തുടർന്നുണ്ടായ സംഘർഷത്തിൽ നാല് മുസ്ലിംയുവാക്കൾ കൊല്ലപ്പെട്ടു. അജ്‌മീർ ദർഗ സംബന്ധിച്ചും സമാന ഹർജി സിവിൽ കോടതി ഫയലിൽ സ്വീകരിച്ച് നോട്ടീസയച്ചു–-പിബി കമ്യൂണിക്കെയിൽ ചൂണ്ടിക്കാട്ടി. ആരാധനാലയ സംരക്ഷണ നിയമം ഉയർത്തിപ്പിടിച്ച് ഇത്തരം നിയമനടപടികൾക്ക് വിരാമമിടാൻ സുപ്രീംകോടതി തയ്യാറാകാത്തത് ദൗർഭാഗ്യകരമാണ്. അയോധ്യ തർക്കത്തിൽ അഞ്ചംഗ ഭരണഘടനാബെഞ്ച് 2019ലെ വിധിയിൽ ഈ നിയമത്തിന്റെ സാധുത അംഗീകരിച്ചതാണ്. ഈ ദിശയിൽ നീങ്ങാനും നിയമലംഘനങ്ങൾ അവസാനിപ്പിക്കാനും സുപ്രീംകോടതി തയ്യാറാകണം.
0 comments