29 February Saturday

VIDEO - മഹാരാഷ്‌ട്രയിലെ തലാസരിയിൽ 58 വർഷമായി ചെങ്കൊടി മാത്രം; 1964 മുതൽ സിപിഐ എം ഭരിക്കുന്ന ബ്ലോക്ക്‌ പഞ്ചായത്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Jan 10, 2020

മുംബൈ > അൻപത്തിയെട്ട്‌ വർഷമായി തുടരുന്ന വിജയം ഇത്തവണയും തലാസരിയിൽ ഇടതുപക്ഷം ആവർത്തിച്ചു. 1962ൽ അവിഭക്ത കമ്യൂണിസ്‌റ്റ്‌ പാർടിയും 1964 മുതൽ കഴിഞ്ഞ 56 വർഷമായി സിപിഐ എമ്മും തുടർച്ചയായി ഭരിക്കുന്ന തലാസരി ബ്ലോക്ക് പഞ്ചായത്തിലേക്കാണ്‌ ഇക്കുറിയും വൻവിജയം. കമ്യൂണിസ്റ്റുകാർ ശിവസേന ക്രിമിനലുകളാൽ കൂട്ടക്കൊല ചെയ്യപ്പെട്ട സ്ഥലങ്ങളിലൊന്നാണ്‌ തലാസരിയും. ജനുവരി 7ന് നടന്ന ബ്ലോക്ക് പഞ്ചായത്ത് തെരഞ്ഞെടുപ്പിലും വലിയ വിജയം നേടി സിപിഐ എം അധികാരത്തിലെത്തി. വിജയത്തെത്തുടർന്ന് നടന്ന പ്രകടനത്തിൽ നാട്ടുകാരടക്കം നൂറുകണക്കിനാളുകൾ പങ്കെടുക്കുകയുണ്ടായി.

തലസറി ബ്ലോക്ക് പഞ്ചായത്തിലെ 10ല്‍ എട്ട് സീറ്റുകളിലും സിപിഐ എം സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പാല്‍ഘര്‍ ജില്ലാ കൗണ്‍സിലിലേക്കുള്ള ആറ് സീറ്റുകളിലും സിപിഐ എം വിജയിച്ചു. പഞ്ചായത്ത് സമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 12 സീറ്റുകളില്‍ സിപിഐ എമ്മും ഒരു സീറ്റില്‍ സിപിഐയും വിജയിച്ചു. പാല്‍ഘറില്‍ ആകെയുള്ള 57 സീറ്റില്‍ ശിവസേന 18, എന്‍സിപി 14, ബിജെപി 12, സിപിഐ എം 6  എന്നിങ്ങനെയാണ് കക്ഷിനില. കഴിഞ്ഞ തവണ അഞ്ച് സീറ്റുകളാണ് പാല്‍ഘറില്‍ സിപിഐ എമ്മിന് നേടാനായത്.

പാല്‍ഘര്‍ കൂടാതെ നാഗ്‌പൂര്‍, ധൂലെ, നന്ദുര്‍ബാര്‍, അകോല, വാഷിം ജില്ലാ കൗണ്‍സിലിലുകളിലും തെരഞ്ഞെടപ്പ് നടന്നു. ആര്‍എസ്എസ് ആസ്ഥാനം സ്ഥിതി ചെയ്യുന്ന നാഗ്‌പൂരില്‍ ബിജെപി ദയനീയ പരാജയം ഏറ്റുവാങ്ങി. ആകെയുള്ള 58 സീറ്റുകളില്‍ കോണ്‍ഗ്രസ് 30 സീറ്റുകളിലും എന്‍സിപി 10 സീറ്റുകളിലും വിജയിച്ചു. ബിജെപിക്ക് 15 സീറ്റുകളേ നേടാനായുള്ളൂ. ആറ് ജില്ലാ കൗണ്‍സിലുകളിലും ആകെ 332 സീറ്റുകളാണുള്ളത്. പുറത്തുവന്ന ഫലം പ്രകാരം ബിജെപി 103, കോണ്‍ഗ്രസ് 73, എന്‍സിപി 46, ശിവസേന 49, വിബിഎ 42, മറ്റുള്ളവര്‍ 14 എന്നിങ്ങനെയാണ് കക്ഷിനില.

പഞ്ചായത്ത് സമിതിയില്‍ 664 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിജെപിക്ക് 194 സീറ്റുകള്‍ ലഭിച്ചപ്പോള്‍ കോണ്‍ഗ്രസ് 145ഉം ശിവസേന 117ഉം സീറ്റുകള്‍ നേടി. എന്‍സിപി 80, വിബിഎ 75, സിപിഐ എം 12, മഹാരാഷ്ട്ര നവനിര്‍മാണ സേന 2, സിപിഐ 1 -എന്നിങ്ങനെയാണ് കക്ഷിനില. 2015ല്‍ 10 പഞ്ചായത്ത് സമിതികളിലേക്ക് മാത്രമാണ് സിപിഐ എമ്മിന് വിജയിക്കാനായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ദഹാനു മണ്ഡലത്തില്‍ നിന്ന് സിപിഐ എമ്മിന്റെ വിനോദ് നിക്കോളെ വിജയിച്ചിരുന്നു.

ജനുവരി ഏഴിനായിരുന്നു തെരഞ്ഞെടുപ്പ്. കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരിയുടെ ജന്മനാടായ ധപേവാഡയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പരാജയപ്പെട്ടു. മഹാരാഷ്ട്രയില്‍ നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിലും ബിജെപിക്ക് അടിപതറിയിരിക്കുന്നത്. നാഗ്‌പൂരിലടക്കം ബിജെപി-ശിവസേന സഖ്യമാണ് നേരത്തെ ഭരിച്ചുകൊണ്ടിരുന്നത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തോടെ ബിജെപി ബന്ധം വിച്ഛേദിച്ച ശിവസേന എന്‍സിപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പം ചേരുകയായിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top