22 August Thursday

യുപി സർക്കാർ ഭൂമാഫിയക്കൊപ്പം: സിപിഐ എം

സ്വന്തം ലേഖകൻUpdated: Sunday Jul 21, 2019

ന്യൂഡൽഹി
സോൻഭദ്ര ഉംഭാ ഗ്രാമത്തിൽ ഭൂരഹിതരായ ആദിവാസി കർഷകരെ നിഷ‌്ഠുരമായി കൊലപ്പെടുത്തിയ സംഭവത്തെ സിപിഐ എം പൊ‌ളിറ്റ‌് ബ്യൂറോ അപലപിച്ചു. ആദിത്യനാഥ‌് സർക്കാർ അധികാരമേറ്റശേഷം ഭൂമാഫിയ നിരന്തരം കർഷകരെ ഭീഷണിപ്പെടുത്തുകയാണ‌്. ഗ്രാമപ്രധാൻ യഗ്യാദത്തിന്റെ നേതൃത്വത്തിലുള്ള ഭൂമാഫിയ ഭൂമി ‘വാങ്ങി’യതോടെ ആദിവാസികൾ വലിയ അതിക്രമം നേരിടുന്നു. പൊലീസിനും അധികൃതർക്കും പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. പരിക്കേറ്റവർക്ക‌് ഒരുരൂപ പോലും സർക്കാർ നൽകിയില്ല. ചികിത്സയിലുള്ളവരെ നിർബന്ധിച്ച‌് ഒഴിപ്പിച്ചതായും പരാതിയുണ്ട‌്.

സർക്കാരിന്റെ വിലക്ക‌് മറികടന്ന‌് സിപിഐ എം പ്രതിനിധിസംഘം കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു.  കേന്ദ്രകമ്മിറ്റി അംഗം ഹീരാലാൽ യാദവ‌്, യുപി സംസ്ഥാന സെക്രട്ടറി ദീനാനാഥ‌് യാദവ‌് എന്നിവരുടെ നേതൃത്വത്തിലുള്ള  സംഘത്തോട‌് കൊല്ലപ്പെട്ട കർഷകരുടെ കുടുംബാംഗങ്ങൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. കർഷകർ നിലം ഉഴുകുമ്പോഴാണ‌് യഗ്യാദത്തിന്റെ നേതൃത്വത്തിലുള്ള ഗുണ്ടകൾ വെടിയുതിർത്തത‌്. 1955ൽ ചില നാട്ടുപ്രമാണിമാർ ഭൂമി പിടിച്ചെടുത്ത‌് ആദർശ‌് ട്രസ‌്റ്റിന‌ു കീഴിലാക്കി. ഭൂമി മറ്റാർക്കും വിൽക്കാതിരിക്കാൻ കർഷകർ വർഷംതോറും നിശ‌്ചിത തുക അടയ‌്ക്കുന്നുണ്ട‌്. ഒടുവിൽ ഒരു ബീഗാ ഭൂമിക്ക‌് 500 രൂപവീതം കർഷകർ അടച്ചിട്ടുണ്ട‌്.

ഏഴ‌ു പതിറ്റാണ്ടിലധികമായി ഭൂമിയിൽ പണിയെടുക്കുന്ന ആദിവാസികൾക്ക‌് പട്ടയം വിതരണംചെയ്യണം. കൊലപാതകികൾക്ക‌് കടുത്തശിക്ഷ നൽകണം. പ്രതികൾക്ക‌് കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണം. കൊല്ലപ്പെട്ടവരുടെ ബന്ധുക്കൾക്കും പരിക്കേറ്റവർക്കും നഷ്ടപരിഹാരം നൽകണം. ഉപജീവനമാർഗം അടഞ്ഞ കുടുംബങ്ങൾക്ക‌് സൗജന്യ റേഷൻ വിതരണം ചെയ്യണമെന്നും പൊളിറ്റ‌്ബ്യൂറോ ആവശ്യപ്പെട്ടു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top