25 April Thursday

വൻറാലിയോടെ ചിക്കബല്ലാപ്പൂരിൽ സിപിഐ എം പ്രചാരണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 26, 2019


ബംഗളൂരു
കർണാടകയിലെ ചിക്കബല്ലാപ്പൂർ ലോക‌്സഭാ മണ്ഡലത്തിൽ വൻ റാലിയോടെ സിപിഐ എം തെരഞ്ഞെടുപ്പുപ്രചാരണം തുടങ്ങി. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗവും തൊഴിലാളി നേതാവുമായ വരലക്ഷ്മിയാണ‌് സ്ഥാനാർഥി. സ‌്ത്രീകൾ ഉൾപ്പെടെ ആയിരക്കണക്കിനാളുകൾ അണിനിരന്ന റാലി നഗരം ചുവപ്പിച്ചു.

രാജ്യത്തെ വർഗീയവൽക്കരിച്ച മോഡിഭരണം ജനജീവിതം ദുസ്സഹമാക്കുന്ന കുത്തകപ്രീണന നയങ്ങളാണ് നടപ്പാക്കിയതെന്ന് റാലി ഉദ‌്ഘാടനംചെയ‌്ത പൊളിറ്റ‌് ബ്യൂറോ അംഗം എം എ ബേബി പറഞ്ഞു.

സമ്പന്നർക്കുവേണ്ടിയുള്ള ഭരണമാണ‌് മോഡിയുടേത‌്. 2017ൽ ഇന്ത്യയിൽ സൃഷ്ടിച്ച ആസ്തിയുടെ 73 ശതമാനവും ജനസംഖ്യയുടെ ഒരു ശതമാനം മാത്രമായ അതിസമ്പന്നരുടെ കൈയിൽ കുന്നുകൂടി. ഒറ്റവർഷം 12,000 കർഷകർ ആത്മഹത്യ ചെയ്തു. കോൺഗ്രസ‌് സർക്കാരുകളെ കടത്തിവെട്ടുന്ന അഴിമതികളാണ് മോഡിക്ക‌് മുഖ്യപങ്കാളിത്തമുള്ള റഫേൽ കുംഭകോണത്തിൽ നടന്നത‌്. പ്രതിവർഷം രണ്ടുകോടി തൊഴിലെന്നതും യുവാക്കളെ പറ്റിക്കാൻ നൽകിയ വാഗ‌്ദാനമായിരുന്നു. അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ‌് ഇപ്പോൾ. ഇതിന് അവസാനം കുറിക്കാനുള്ള പോരാട്ടമാണ് ഈ തെരഞ്ഞെടുപ്പ‌്. സുശക്തമായ ഇടതുപക്ഷം കേന്ദ്രത്തിലുണ്ടായാൽ മാത്രമേ പാവപ്പെട്ടവർക്ക‌് ആശ്വാസകരമാകുന്ന നയങ്ങൾ നടപ്പാക്കാൻ  ഇടപെടാനാകൂ. കേരളത്തിലെ പിണറായി സർക്കാർ പിഎസ‌്സി വഴി  ഒരുലക്ഷം തൊഴിൽ നൽകിയത്  റെക്കോഡാണെന്നും എം എ ബേബി പറഞ്ഞു. സംസ്ഥാന സെക്രട്ടറി ബസവരാജ്, സിപിഐ സംസ്ഥാന സെക്രട്ടറി സാത്തി സുന്ദരേശ്, സ്ഥാനാർഥി വരലക്ഷ്മി തുടങ്ങിയവർ സംസാരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top