18 October Friday

ജനകീയ സമരത്തിന്റെ വിജയം: സിപിഐ എം ആവശ്യങ്ങൾ അംഗീകരിച്ച്‌ ഹിമാചൽ ആർടിസി

വെബ് ഡെസ്‌ക്‌Updated: Thursday Aug 1, 2019

ന്യൂഡൽഹി> ഹിമാചൽ പ്രദേശിലെ റോഡ്‌ ട്രാൻസ്‌പോർട്ട്‌ കോർപറേഷനുമുന്നിൽ സിപിഐ എം നേതൃത്വത്തിൽ നടന്നുവന്ന ധർണ വിജയത്തോടെ സമാപിച്ചു. സിപിഐ എം ഉയർത്തിയ ആവശ്യങ്ങളിൽ ഭൂരിഭാഗവും അംഗീകരിച്ചുകൊണ്ട്‌ എച്ച്‌ആർടിസി (ഹിമാചൽ റോഡ്‌ ട്രാൻസ്‌പോർട്‌ കോർപറേഷൻ) നേതൃത്വം ഒത്തുതീർപ്പുണ്ടാക്കി. പുതുതായി ഡ്രൈവർമാരെയും കണ്ടക്ടർമാരെയും നിയമിക്കുക, വിദ്യാർഥികൾക്കായുള്ള സേവനം തുടരുക, ബസ് സർവീസുകൾ വർധിപ്പിക്കുക തുടങ്ങിയ എല്ലാ ആവശ്യങ്ങളും പരിഹരിക്കുമെന്ന്‌ എച്ച്‌ആർടിസി മാനേജ്‌മെന്റ്‌ ഉറപ്പുനൽകി.

ട്രാൻസ്‌പോർട്ട്‌ സെക്രട്ടറി സിപിഐ എം നേതാക്കളുമായി നേരിട്ടു നടത്തിയ ചർച്ചയിലാണ്‌ സംസ്ഥാനത്തെ കുത്തഴിഞ്ഞ പൊതുഗതാഗതസേവനങ്ങളിൽ സമരക്കാർ ആവശ്യപ്പെട്ട മാറ്റങ്ങൾ ഉറപ്പുനൽകിക്കൊണ്ട്‌ ഒത്തുതീർപ്പിലെത്തിയത്‌. ജൂലൈ 30നാണ്‌ കോർപറേഷൻ മാനേജിങ്‌ ഡയറക്ടറുടെ ഓഫീസിനുമുന്നിൽ സിപിഐ എം നേതൃത്വത്തിൽ സമരമാരംഭിച്ചത്‌. കോർപറേഷനിലെ മാനേജിങ്‌ ഡയറക്ടറെ സ്ഥലംമാറ്റിയതിനെത്തുടർന്ന്‌ പുതുതായി മാനേജിങ്‌ ഡയറക്ടറെ നിയമിക്കാൻ പോലും ഹിമാചൽ ഭരണകൂടത്തിന്‌ കഴിഞ്ഞിരുന്നില്ല. ഈ വിഷയവും സമരക്കാർ ഉന്നയിക്കുകയുണ്ടായി.

സമീപകാലത്ത്‌ ഹിമാചലിലുണ്ടായ ബസ്‌ അപകടങ്ങൾതന്നെ യാത്രക്കാരുടെ സുരക്ഷിതത്വത്തിന്‌ ഭരണകൂടം ഒരു പരിഗണനയും നൽകിയിരുന്നില്ല എന്നതിന്റെ തെളിവാണ്‌. ഈ അപകടങ്ങളുടെ യഥാർഥ കാരണങ്ങളെക്കുറിച്ച്‌ അന്വേഷിക്കാൻ പോലും ഹിമാചൽ ഭരണകൂടമോ കോർപറേഷനോ തയ്യാറായിരുന്നില്ല. ഇത്തരമൊരു സാഹചര്യത്തിലാണ്‌ പൊതുജനങ്ങളെയാകെ അണിനിരത്തിക്കൊണ്ട്‌ സിപിഐ എം നേതാവും എംഎൽഎയുമായ രാകേഷ്‌ സിൻഹയുടെയും ഷിംലയിലെ മുൻ മേയറായിരുന്ന സഞ്‌ജയ്‌ ചൗഹാന്റെയും നേതൃത്വത്തിൽ പാർടി സമരരംഗത്തേക്കിറങ്ങിയത്‌.

ജൂലൈ 11ന്‌ സിപിഐ എമ്മിന്റെ നേതൃത്വത്തിൽ പൊതുഗതാഗതസംവിധാനത്തിലെ പാളിച്ചകൾ ചൂണ്ടിക്കാട്ടി പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. ബഹുജനപിന്തുണയോടെ അടിസ്ഥാനാവശ്യങ്ങൾ ഉയർത്തി സിപിഐ എം നടത്തിവരുന്ന പ്രക്ഷോഭസമരങ്ങൾക്ക്‌ വലിയ തോതിലുള്ള പിന്തുണയാണ്‌ ഹിമാചലിൽ ലഭിക്കുന്നത്‌.


പ്രധാന വാർത്തകൾ
 Top