21 August Wednesday

ഹൈഡ്രോ കാർബൺ പദ്ധതിക്കെതിരെ തമിഴ‌്നാട്ടിൽ സിപിഐ എം പ്രക്ഷോഭം

വെബ് ഡെസ്‌ക്‌Updated: Monday Jun 10, 2019

ചെന്നൈ > തമിഴ‌്നാട്ടിലെ ഹൈഡ്രോകാർബൺ പദ്ധതിക്കെതിരെ തമിഴ‌്നാട്ടിലെ അഞ്ച‌് ജില്ലയിൽ സമരത്തിനാഹ്വാനംചെയ്ത‌് സിപിഐ എം. തഞ്ചാവൂർ, കൂഡല്ലൂർ, നാഗപട്ടണം, പുതുക്കോട്ടൈ, തിരുവാരൂർ ജില്ലകളിലാണ‌് സമരം നടത്താൻ തീരുമാനിച്ചിരിക്കുന്നത‌്. പദ്ധതിയുടെ ഭവിഷ്യത്തുകളെക്കുറിച്ച‌് ജനങ്ങളെ ബോധവൽക്കരിക്കും. എന്നാൽ തഞ്ചാവൂർ, കൂഡല്ലൂർ എന്നീ ജില്ലാ ഭരണ നേതൃത്വം പ്രചാരണ പ്രവർത്തനങ്ങൾക്ക‌് അനുമതി നൽകിയില്ല. പ്രചാരണം തുടരുന്നതിനാൽ ഏകദേശം 200 പേർക്കെതിരെ ഇതുവരെ കേസെടുത്തു.

എന്താണ‌് ഹൈഡ്രോ കാർബൺ പദ്ധതി

എണ്ണ , പ്രകൃതിവാതകങ്ങൾ കുഴിച്ചെടുക്കുന്നതിന‌് 2009 ലാണ‌് കേന്ദ്ര സർക്കാർ പദ്ധതിക്ക‌് അനുമതി കൊടുത്തത‌്. എന്നാൽ, ജനങ്ങളുടെ ദീർഘനാ‌ളത്തെ സമരത്തെത്തുടർന്ന‌് ഈ നീക്കം ഉപേക്ഷിക്കുകയായിരുന്നു.  2016 ൽ ഈ കമ്പനികൾക്ക‌് നിർബന്ധമായും എൻആഎൽ പി ലൈസൻസ‌് വേണമെന്ന‌് നിർബന്ധമാക്കിയിരുന്നു. ഇതിലൂടെ മിതേൻ, ഷേൽ, ടൈറ്റ‌് ഗ്യാസ‌് എന്നിവ കുഴിച്ചെടുക്കാൻ ഒരു ലൈസൻസ‌് മതിയായിരുന്നു.  2016നു മുമ്പ‌് ആണെങ്കിൽ ക്രൂഡ‌് ഓയിൽ വേർതിരിച്ചെടുക്കാനുള്ള അനുമതി മാത്രമാണ‌് ഉണ്ടായത‌്. എന്നാൽ, നിലവിൽ എംഐഡിഎംകെ സർക്കാർ പദ്ധതി പുനരാരംഭിക്കാൻ ശ്രമിച്ചതോടെയാണ‌് സിപിഐ എം സമരപദ്ധതിയുമായി എത്തിയത‌്.

സമരപരിപാടി

ഹൈഡ്രോ കാർബൺ പദ്ധതിക്കെതിരെ ജൂൺ ആറിനാണ‌് സിപിഐ എം സമരം ആരംഭിച്ചത‌്. പദ്ധതിയെക്കുറിച്ച‌് ബോധവൽക്കരിക്കാനായി അഞ്ച‌് ജില്ലയിലും ഇരുചക്രവാഹന റാലികളും പ്രാദേശിക പ്രസംഗങ്ങളും നടത്തി. ഈ അഞ്ച‌് പ്രദേശങ്ങളും കാർഷികമേഖലയിൽ തമിഴ‌്നാടിന‌് ഏറ്റവും കൂടുതൽ സംഭാവന നൽകുന്ന പ്രദേശങ്ങളാണ‌്.
സിപിഐ എം തമിഴ‌്നാട‌് ജനറൽ സെക്രട്ടറി വിവസായ‌്ഗൾ, സംഘം സംസ്ഥാന സെക്രട്ടറിയറ്റ‌് മെമ്പർ പി ഷൺമുഖം എന്നിവർ അഖിലേന്ത്യാ കിസാൻ സഭയുടെ നേത്യത്വത്തിലാണ‌് സമരം നടത്തുന്നത‌്.

അണ്ണാ ഡിഎംകെയുടെ ഒത്താശയോടെയാണ‌് കേന്ദ്രസർക്കാർ ജനദ്രോഹപരമായ നടപടി സ്വീകരിക്കുന്നത‌്.  ഹൈഡ്രോ കാർബൺ പദ്ധതി വരികയാണെങ്കിൽ ജലദൗർലഭ്യമുണ്ടാകുമെന്നും മണ്ണിന്റെ വളക്കൂറ‌് നഷ്ടപ്പെടുമെന്നുമാണ‌് ശാസ‌്ത്രീയനിരീക്ഷണം.

സമരം അടിച്ചമർത്താൻ ശ്രമിക്കുന്ന എഐഡിഎംകെ സർക്കാരിന്റെ നയം ജനാധിപത്യനയങ്ങൾക്കെതിരാണെന്ന‌് സിപിഐ എം തമിഴ‌്നാട‌് സംസ്ഥാന സെക്രട്ടറി കെ ബാലകൃഷ‌്ണൻ പറഞ്ഞു.
ജൂൺ 12 ന‌് ഇതിനെതിരായി 600 കിലോമീറ്റർ മനുഷ്യച്ചങ്ങല സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട‌്. വിഴ‌്പുരം ജില്ലയിലെ മാരക്കാണത്തുനിന്ന‌് രാമനാഥപുരം ജില്ലയിലെ രാമേശ്വരം വരെയാണ‌് മനുഷ്യച്ചങ്ങല സംഘടിപ്പിക്കുന്നത‌്.

സിപിഐ എമ്മിന്റെ സമരത്തിന‌് ഡിഎംകെയുടെയും എംഡിഎംകെയുടെയും സിപിഐയുടെയും വിസികെയുടെയും പിന്തുണയുണ്ട‌്. സിപിഐ എം നയിക്കുന്ന സമരത്തിൽ അണിചേരുമെന്ന‌് പാർടികൾ അറിയിച്ചു. എന്നാൽ, എംഐഡിഎംകെയോ ബിജെപിയോ ഇതു സംബന്ധിച്ച‌് പ്രതികരിച്ചിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top