16 November Saturday

സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്‌മയും ജനങ്ങൾ കടുത്ത പ്രതിസന്ധിയിൽ: സിപിഐ എം

സ്വന്തം ലേഖകൻUpdated: Friday Aug 2, 2019

ന്യൂഡൽഹി > സാമ്പത്തികമാന്ദ്യവും തൊഴിലില്ലായ്‌മയും കാർഷികമേഖലയിലെ തകർച്ചയും ജനങ്ങളെ കടുത്ത പ്രതിസന്ധിയിലാഴ്‌ത്തിയെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ പ്രസ്‌താവനയിൽ പറഞ്ഞു. വ്യവസായ വളർച്ചാനിരക്ക്‌ ജൂണിൽ 44 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 0.2 ശതമാനത്തിലേക്ക്‌ താഴ്‌ന്നു. 2018 ജൂണിൽ ഇത്‌ 7.8 ശതമാനമായിരുന്നു.

നാലുകോടി പേർ തൊഴിലെടുക്കുന്ന വാഹനവ്യവസായമേഖല കടുത്ത പ്രതിസന്ധിയിലാണ്‌. ജിഡിപിയുടെ ഏഴു ശതമാനം സംഭാവന ഈ മേഖലയുടേതാണ്‌. ഉൽപ്പന്നനിർമാണ ജിഡിപിയിൽ 49 ശതമാനവും. 17 കാർ കമ്പനിയിൽ പത്തിനും വിൽപ്പന കുറഞ്ഞു. വാഹന അനുബന്ധ വ്യവസായമേഖലയിൽ പത്തുലക്ഷത്തിലേറെ പേരെ പിരിച്ചുവിട്ടു.

രണ്ടാം മോഡി സർക്കാർ വൻതോതിലുള്ള സ്വകാര്യവൽക്കരണമാണ്‌ പ്രഖ്യാപിച്ചിട്ടുള്ളത്‌. ആറ്‌ വിമാനത്താവളം അദാനിക്ക്‌ കൈമാറിയതിനു പുറമെ 20–-25 വിമാനത്താവളംകൂടി സ്വകാര്യവൽക്കരിക്കുമെന്ന്‌ പ്രഖ്യാപിച്ചിരിക്കയാണ്‌. റെയിൽവേയും ഘട്ടംഘട്ടമായി സ്വകാര്യവൽക്കരിക്കും. മൂന്നുവർഷത്തിനകം എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളിലെയും സർക്കാർ ഓഹരി 49 ശതമാനത്തിലേക്ക്‌ താഴ്‌ത്താൻ മാർഗരേഖ തയ്യാറാക്കിക്കഴിഞ്ഞു.

സ്ഥിതിവിവര കണക്കുകളിൽ സർക്കാർ കൃത്രിമം കാട്ടുന്നു. ബജറ്റ്‌ കണക്കുകളിൽ 1.7 ലക്ഷം കോടി രൂപയുടെ വ്യത്യാസമുണ്ട്‌. ജിഎസ്‌ടി സമാഹരണത്തിൽ വലിയ ഇടിവ്‌ സംഭവിച്ചിട്ടും വരുമാനം ഊതിപ്പെരുപ്പിച്ച്‌ കാട്ടി. ജൂൺ പാദത്തിൽ ധനക്കമ്മി 3.42 ലക്ഷം കോടിയിലേക്ക്‌ എത്തിയതായി സിഎജി പറയുന്നു. ഇത്‌ 2019–-20ലെ പ്രതീക്ഷിത ബജറ്റ്‌ കണക്കിന്റെ 61.4 ശതമാനമാണ്‌.
തൊഴിലില്ലായ്‌മ അര നൂറ്റാണ്ടിലെ ഏറ്റവും ഉയർന്ന നിരക്കിലാണ്‌. കർഷക ആത്മഹത്യകളുടെ കണക്ക്‌ ശേഖരിച്ചിട്ടില്ല. പൊതുമേഖലാ ബാങ്കുകളിൽനിന്ന്‌ വായ്‌പയെടുത്ത്‌ രാജ്യത്തിന്റെ സ്വത്ത്‌ കൊള്ളയടിക്കുന്നത്‌ നിർബാധം തുടരുകയാണ്‌. 2018–-19 ൽ 1.96 ലക്ഷം കോടി രൂപയുടെ കിട്ടാക്കടം എഴുതിത്തള്ളിയിട്ടും നടപ്പുവർഷം കിട്ടാക്കടത്തിൽ 2.31 ലക്ഷം കോടി രൂപയുടെ വർധന വന്നതായാണ്‌ രേഖകൾ വ്യക്തമാക്കുന്നത്‌–- പിബി പ്രസ്‌താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top