25 August Sunday

കൂറുമാറ്റത്തിന് പ്രേരിപ്പിച്ച് അമിത് ഷാ; തനിച്ചായാലും ബിജെപിയ്‌ക്കെതിരായി പൊരുതുമെന്ന് സിപിഐ എം എംപി

എം പ്രശാന്ത്Updated: Thursday Jul 18, 2019

ന്യൂഡല്‍ഹി> ത്രിപുരയിലെ ക്രമസമാധാന പ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി കൂടിക്കാഴ്ചയ്‌ക്കെത്തിയ സിപിഐ എം രാജ്യസഭാംഗം ജര്‍ണാ ദാസിനോട് ബിജെപിയില്‍ ചേരാന്‍ നിര്‍ദേശിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി അധ്യക്ഷനെ കാണാനല്ല ആഭ്യന്തര മന്ത്രിയെ കാണാനാണ് എത്തിയതെന്നും ഒരു മാര്‍ക്‌സിസ്റ്റ് തനിച്ചായാലും ബിജെപിയുടെ വര്‍ഗീയ ആശയത്തിനെതിരായി പൊരുതുമെന്നും തിരിച്ചടിച്ച് ജര്‍ണാ ദാസ്.

 രാജ്യമെമ്പാടും എംപിമാരെയും എംഎല്‍എമാരെയും രാഷ്ട്രീയ നേതാക്കളെയും പണവും പ്രലോഭനവും നല്‍കി വിലയ്‌ക്കെടുത്ത് ശീലിച്ച അമിത് ഷായ്ക്ക് അര്‍ഹിക്കുന്ന മറുപടി കൊടുത്ത ജര്‍ണാ ദാസ് അക്രമികളായ ബിജെപി പ്രവര്‍ത്തകര്‍ ത്രിപുരയില്‍ ഏതെല്ലാം വിധമാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്നതെന്ന് വിവരിച്ച ശേഷമാണ് മടങ്ങിയത്.

 ആഭ്യന്തര മന്ത്രിയെന്ന നിലയില്‍ ത്രിപുര സന്ദര്‍ശിക്കണമെന്നും ക്രമസമാധാനം പുനസ്ഥാപിക്കുന്നതിന് സര്‍വ്വകക്ഷി യോഗം വിളിക്കണമെന്നും ആഭ്യന്തര മന്ത്രിക്ക് നല്‍കിയ നിവേദനത്തില്‍ ജര്‍ണ ആവശ്യപ്പെട്ടു. ത്രിപുരയില്‍ നിന്നുള്ള ഏക രാജ്യസഭാംഗമായ ജര്‍ണ ചൊവ്വാഴ്ചയാണ് ആഭ്യന്തര മന്ത്രിമായുള്ള കൂടിക്കാഴ്ചയ്ക്ക് അനുമതി തേടിയത്. വൈകിട്ട് അഞ്ചുമണിക്ക് കാണാമെന്ന അറിയിപ്പ് ലഭിച്ചു.

പാര്‍ലമെന്റിലെ ആഭ്യന്തര മന്ത്രിയുടെ ഓഫീസില്‍ അഞ്ചു മണിക്ക് തന്നെയെത്തിയ ജര്‍ണയ്ക്ക് എന്നാല്‍ ഏഴുമണിക്ക് ശേഷം മാത്രമാണ് മന്ത്രിയെ കാണാനായത്. അടുത്തയിടെ സമാജ്വാദി പാര്‍ടി വിട്ട്  ബിജെപിയില്‍ എത്തിയ രാജ്യസഭാംഗം നീരജ് ശേഖറും മറ്റും ഈ ഘട്ടത്തില്‍ മന്ത്രിയുടെ ഓഫീസില്‍ വന്നുപോയിരുന്നു. മുന്‍ പ്രധാനമന്ത്രി ചന്ദ്രശേഖറിന്റെ മകനായ നീരജ് തൊട്ടടുത്ത ദിവസം ബിജെപിയില്‍ ചേരുകയും ചെയ്തു.

നീരജും മറ്റും പോയ ശേഷം മന്ത്രിയുടെ മുറിയിലേക്ക് ജര്‍ണയ്ക്ക് ക്ഷണം കിട്ടി. ബിജെപിയുടെ രാജ്യസഭാംഗം ഭൂപേന്ദര്‍ യാദവും ഒപ്പമുണ്ടായിരുന്നു. ജര്‍ണയോട് ഇരിക്കാന്‍ ആവശ്യപ്പെട്ട അമിത് ഷാ ഇങ്ങനെ തുടര്‍ന്നു: ' കമ്മ്യൂണിസ്റ്റ് പാര്‍ടി അവസാനിച്ചു കഴിഞ്ഞു. നിങ്ങള്‍ എന്തിന് ആ പാര്‍ടിയില്‍ തുടരണം. നിങ്ങള്‍ ബിജെപിയില്‍ ചേരൂ'.

കൂറുമാറ്റത്തിന് പ്രലോഭിപ്പിക്കുന്ന ആഭ്യന്തര മന്ത്രിയുടെ നടപടിയില്‍ ആദ്യം അമ്പരന്ന ജര്‍ണ മന്ത്രിയെന്ന നിലയിലാണ് താങ്കളെ കാണാന്‍ വന്നതെന്ന് അമിത് ഷായെ ഓര്‍മ്മപ്പെടുത്തി. ബിജെപി അധ്യക്ഷനെ കാണാനല്ല താന്‍ എത്തിയിരിക്കുന്നത്. രാജ്യത്തെ ആഭ്യന്തര മന്ത്രിയെ കാണാനാണ്.

താന്‍ ഏക എംപിയായിരിക്കും. ഒരാളാണെങ്കില്‍ പോലും താങ്കളുടെ പാര്‍ടിയ്‌ക്കെതിരായി ആശയപരമായി പൊരുതും.
ജര്‍ണയുടെ നിശ്ചയദാര്‍ഢ്യത്തോടെയുള്ള മറുപടി കേട്ടപ്പോള്‍ തന്നെ അമിത് ഷാ നിലപാട് മാറ്റി. ക്ഷമിക്കണം, എന്താണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ എന്ന് മന്ത്രി ആരാഞ്ഞു.

സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമപ്രവര്‍ത്തനങ്ങള്‍ വിവരിച്ച ജര്‍ണ പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഭരണകക്ഷി തന്നെ അട്ടിമറിക്കുകയാണെന്നും ആഭ്യന്തര മന്ത്രി സംസ്ഥാനം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെട്ടു. നിവേദനം കൈമാറിയ ശേഷം ജര്‍ണ മടങ്ങി.

പാര്‍ലമെന്റിലെ ഔദ്യോഗിക ഓഫീസില്‍ കൂടിക്കാഴ്ചയ്‌ക്കെത്തുന്ന പ്രതിപക്ഷ എംപിമാരെ ആഭ്യന്തര മന്ത്രി തന്നെ കൂറുമാറ്റത്തിന് പ്രേരിപ്പിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് ടി കെ രംഗരാജന്‍ പറഞ്ഞു. ഇത്തരം കാര്യങ്ങള്‍ ജനാധിപത്യത്തിന് നിരക്കുന്നതല്ല. ഫാസിസ്റ്റ് ഭരണത്തിന്റെ ലക്ഷണമാണിത്.ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധം ഉയര്‍ത്തും- രംഗരാജന്‍ പറഞ്ഞു.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top