15 October Tuesday

കശ്‌മീരിലെ സാഹചര്യം വിശദീകരിക്കണം: സിപിഐ എം

സ്വന്തം ലേഖകൻUpdated: Sunday Aug 4, 2019

ന്യൂഡൽഹി
ജമ്മു കശ്‌മീരിൽ കഴിഞ്ഞദിവസങ്ങളിൽ സ്വീകരിച്ച നടപടികളെക്കുറിച്ച്‌ കേന്ദ്രസർക്കാർ തൃപ്‌തികരമായ വിശദീകരണം നൽകണമെന്ന്‌ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ ആവശ്യപ്പെട്ടു. സർക്കാർ നടപടികൾമൂലം കശ്‌മീരിൽ ഗുരുതരസാഹചര്യമാണ്‌ ഉണ്ടായത്‌. 35,000 അർധസൈനികരെ അധികം വിന്യസിച്ചതിന്റെ ഉദ്ദേശ്യശുദ്ധിയിൽ ചോദ്യങ്ങൾ ഉയർന്നിട്ടുണ്ട്‌. അമർനാഥ്‌ തീർഥയാത്ര റദ്ദാക്കിയ അസാധാരണനീക്കവും വിനോദസഞ്ചാരികൾ ഉടൻ താഴ്‌വര വിടണമെന്ന സുരക്ഷാനിർദേശവും ആശങ്കയും ഭീതിയും വിതച്ചു.

പാർലമെന്റ്‌ സമ്മേളിക്കുന്ന അവസരമായിട്ടും ഒരുതരത്തിലുള്ള വിശദീകരണവും സർക്കാർ നൽകിയിട്ടില്ല. സംസ്ഥാനത്തെ രാഷ്ട്രീയപാർടികളെ വിശ്വാസത്തിലെടുക്കാനും കേന്ദ്രസർക്കാർ തയ്യാറല്ല.

കശ്‌മീരിന്‌ പ്രത്യേക അവകാശങ്ങൾ നൽകുന്ന 370, 35എ അനുച്ഛേദങ്ങളിൽ മാറ്റംവരുത്താൻ തിരക്കിട്ട നീക്കം നടക്കുന്നുണ്ടെന്ന പ്രചാരണം ശക്തമാണ്‌. ഗുരുതര പ്രത്യാഘാതം ഉണ്ടാക്കാനിടയുള്ള രാഷ്ട്രീയ സാഹസിക നടപടികൾക്ക്‌ സർക്കാർ മുതിരരുത്‌. എല്ലാ രാഷ്ട്രീയപാർടികളുമായും ചർച്ച നടത്തുമെന്ന വാഗ്‌ദാനം പാലിക്കണമെന്നും പിബി പ്രസ്‌താവനയിൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top