സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ എം തിവാരി അന്തരിച്ചു
ന്യൂഡൽഹി> സിപിഐ എം കേന്ദ്രകമ്മിറ്റി അംഗവും ഡൽഹി മുൻ സംസ്ഥാന സെക്രട്ടറിയുമായ കെ എം തിവാരി (70) അന്തരിച്ചു. കഴിഞ്ഞ ഏതാനും മാസങ്ങളായി അർബുദ ബാധിതനായി ചികിത്സയിലായിരുന്നു. മൃതദേഹം ചൊവ്വാഴ്ച സിപിഐ എം ഗാസിയാബാദ് ജില്ലാ കമ്മിറ്റി ഓഫീസിലും ബുധനാഴ്ച രാവിലെ 09.30 മുതൽ 11 വരെ എച്ച്‌കെഎസ് സുർജീത് ഭവനിലും പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് സംസ്‌കാരത്തിനായി നിഗം ബോധ് ഘട്ടിലേക്ക് കൊണ്ടുപോകും.
ട്രേഡ് യൂണിയൻ നേതാവായാണ് തിവാരി സിപിഐ എം നേതൃത്വത്തിലേക്ക് ഉയർന്നത്. 1977ൽ സിപിഐ എമ്മിൽ അംഗമായി. 1988-ൽ ഡൽഹി സംസ്ഥാന കമ്മിറ്റിയിലേക്കും 1991ൽ സെക്രട്ടേറിയറ്റിലേക്കും 2018ൽ കേന്ദ്ര കമ്മിറ്റിയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 2014 മുതൽ 2024 വരെ സിപിഐ എം ഡൽഹി സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു.
ഗാസിയാബാദിലെ വ്യവസായമേഖലയിൽ സിഐടിയുവിന്റെ നേതൃത്വത്തിൽ എണ്ണമറ്റ സമരങ്ങൾ നയിച്ച അദ്ദേഹം സംസ്ഥാന സെക്രട്ടറി കൂടിയായിരുന്നു. സിഐടിയു പ്രവർത്തക സമിതിയിലും ജനറൽ കൗൺസിലിലും വർഷങ്ങളോളം പ്രവർത്തിച്ചു. രാഷ്ട്ര പ്രവർത്തനത്തിന്റെ ഭാഗമായി മൂന്ന് മാസത്തിലധികം ജയിൽ വാസമനുഭവിച്ച അദ്ദേഹം മൂന്ന് വർഷവും ഒമ്പത് മാസവും ഒളിവിൽ കഴിഞ്ഞു. തിവാരിയുടെ നിര്യാണത്തിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അനുശോചിച്ചു.
0 comments