05 December Thursday

ഭരണഘടനയ്‌ക്കുമേൽ വീണ്ടും ആക്രമണം: പിബി

സ്വന്തം ലേഖകൻUpdated: Wednesday Nov 13, 2019

ന്യൂഡൽഹി  >  മഹാരാഷ്ട്രയിൽ തിരക്കിട്ട്‌ രാഷ്ട്രപതിഭരണം പ്രഖ്യാപിച്ച നടപടിയെ സിപിഐ എം പൊളിറ്റ്‌ബ്യൂറോ ശക്തിയായി അപലപിച്ചു. സർക്കാർ രൂപീകരണത്തിനുവേണ്ട ഭൂരിപക്ഷമുണ്ടെന്ന്‌ അവകാശവാദം ഉന്നയിക്കാൻ എൻസിപി നേതാവ്‌ ശരദ്‌പവാറിന്‌ ഗവർണർ ചൊവ്വാഴ്‌ച രാത്രി 8.30 വരെ സമയം നൽകിയിരുന്നു. ഈ സമയപരിധിക്ക്‌  മുമ്പേയാണ്‌ 356–-ാം വകുപ്പ്‌ പ്രകാരം ഗവർണർ രാഷ്ട്രപതിഭരണത്തിന്‌ ശുപാർശ നൽകിയത്‌.

 പ്രധാനമന്ത്രി വിദേശത്തേക്ക്‌ പോകുന്നതിനുമുമ്പ്‌ തിരക്കിട്ട്‌ മന്ത്രിസഭായോഗം വിളിച്ചുചേർത്ത്‌ ഗവർണറുടെ ശുപാർശ അംഗീകരിക്കുകയും രാഷ്ട്രപതിക്ക്‌ അയക്കുകയും ചെയ്‌തു. സർക്കാരിന്റെ  ഭൂരിപക്ഷം തെളിയിക്കാനുള്ള ഏക സ്ഥലം നിയമസഭയാണെന്ന്‌ എസ്‌ ആർ ബൊമ്മൈ കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധി നിലനിൽക്കെയാണ്‌ ഇതെല്ലാം നടന്നത്‌.

നിയമാനുസൃതമായ നടപടിക്രമങ്ങൾ മറികടന്ന്‌ പ്രവർത്തിച്ച ബിജെപി,  ഭരണഘടനാക്രമത്തെ ലംഘിച്ചിരിക്കയാണ്‌.
രാഷ്ട്രപതിഭരണം നിലനിൽക്കുന്ന കാലയളവിൽ ബിജെപി മറ്റ്‌ പല സംസ്ഥാനങ്ങളിലും ചെയ്‌തതുപോലെ ഭൂരിപക്ഷം തട്ടിക്കൂട്ടാൻ എല്ലാ വഴിയും സ്വീകരിക്കുമെന്ന്‌ ഉറപ്പാണ്‌.
ഇന്ത്യൻ ഭരണഘടനയ്‌ക്കുമേൽ മറ്റൊരു കടന്നാക്രമണം നടത്തിയിരിക്കയാണ്‌ മോഡിസർക്കാർ. എല്ലാ മതനിരപേക്ഷ, ജനാധിപത്യശക്തികളും ചേർന്ന്‌ ഇതിനെ ചെറുക്കണമെന്ന്‌ പിബി ആഹ്വാനം ചെയ്‌തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top