ന്യൂഡൽഹി > കോവിഡ് പ്രതിരോധയജ്ഞം ഒമ്പതാംദിനം പിന്നിടുമ്പോൾ രാജ്യത്ത് 16 ലക്ഷത്തിലധികം ആരോഗ്യപ്രവർത്തകർ വാക്സിൻ സ്വീകരിച്ചു. ഞായറാഴ്ച വൈകിട്ട് 7.30 വരെ 16,13,667 പേർ വാക്സിനെടുത്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഞായറാഴ്ച അഞ്ച് സംസ്ഥാനങ്ങളിൽ 31,466 പേര് വാക്സിനെടുത്തു.
ആന്ധ്രാപ്രദേശിലും തെലങ്കാനയിലും വാക്സിനെടുത്ത ആശാവർക്കറും അങ്കണവാടി ജീവനക്കാരിയും മരിച്ചത് വിവാദമായി. 19ന് വാക്സിൻ സ്വീകരിച്ച ഗുണ്ടൂർ ജില്ലയിലെ ആശാവർക്കർ വിജയലക്ഷ്മി (42) ഞായറാഴ്ച രാവിലെ മരിച്ചു. വാറങ്കൽ അർബൻ ജില്ലയിലെ അങ്കണവാടി ജീവനക്കാരി ഗണ്ണാരപ്പു വനിതയും (48) ഞായറാഴ്ച മരിച്ചു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദീകരണം നൽകുമെന്ന് അധികൃതർ അറിയിച്ചു. ആറ് ദിവസത്തിനുള്ളിൽ 10 ലക്ഷം പേർക്ക് രാജ്യത്ത് വാക്സിൻ നൽകി. അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങളേക്കാൾ വേഗത്തിൽ ഇന്ത്യ 10 ലക്ഷം പേർക്ക് വാക്സിൻ എന്ന നേട്ടം കൈവരിച്ചു. ബ്രിട്ടൺ 18 ദിവസത്തിലും അമേരിക്ക 10 ദിവസത്തിലുമാണ് ഇത്രയും പേർക്ക് വാക്സിൻ നൽകിയത്. ഞായറാഴ്ച രാജ്യത്തെ രോഗികളുടെ എണ്ണം 1,84, 408 ആയി. 24 മണിക്കൂറിൽ 14,849 രോഗികളും 155 മരണവും റിപ്പോർട്ട് ചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..