25 July Sunday

പ്രതിഷേധങ്ങള്‍ക്കൊടുവില്‍ വാക്‌‌സിന്‍ നയം മാറ്റി; എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കാമെന്ന് പ്രധാനമന്ത്രി

സ്വന്തം ലേഖകൻ Updated: Monday Jun 7, 2021


ന്യൂഡൽഹി
സുപ്രീംകോടതിയുടെ കടുത്ത വിമര്‍ശത്തിനും കേരളമടക്കമുള്ള സംസ്ഥാനങ്ങളുടെ ശക്തമായ സമ്മര്‍ദ്ദത്തിനും മുന്നില്‍ വാക്സിന്‍നയം തിരുത്തി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് പതിനെട്ട് വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സൗജന്യവാക്സിന്‍ ലഭ്യമാക്കുമെന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞു.  ജൂണ്‍ 21 മുതല്‍ ഇത്‌ നിലവിൽവരും. പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ നയപ്രകാരം വാക്സിന്‍ നിർമാതാക്കളിൽനിന്ന്‌ 75 ശതമാനം വാക്‌സിൻ കേന്ദ്രം സംഭരിച്ച്‌ സംസ്ഥാനങ്ങൾക്ക്‌ സൗജന്യമായി കൈമാറും. 25 ശതമാനം വാക്‌സിൻ സ്വകാര്യആശുപത്രികൾക്ക്‌ വാങ്ങാം. സ്വകാര്യആശുപത്രികൾക്ക്‌ നിശ്ചിത വിലയ്‌ക്ക്‌ പുറമെ  150 രൂപവരെ സർവീസ്‌ ചാർജ്‌ ഈടാക്കാം. സ്വകാര്യആശുപത്രികൾ വഴിയുള്ള വിതരണത്തിന്‌ സംസ്ഥാനങ്ങൾ മേൽനോട്ടം വഹിക്കണം. 

പതിനെട്ടിനും 45നും ഇടയിലുള്ളവര്‍ക്കുള്ള വാക്സിന്‍ കമ്പനികള്‍ പറയുന്ന വിലക്ക് സംസ്ഥാനങ്ങള്‍ നേരിട്ടുവാങ്ങി കുത്തിവയ്ക്കണമെന്ന മുന്‍നിലപാടില്‍ നിന്നാണ് രാജ്യവ്യാപക പ്രതിഷേധമുയര്‍ന്നതോടെ കേന്ദ്രം പിന്മാറിയത്.  യുവജനങ്ങളെ കൈയ്യൊഴിഞ്ഞ കേന്ദ്രനിലപാട് ഏകപക്ഷീയവും അവിവേകവുമാണെന്ന്  സുപ്രീംകോടതി മൂന്നംഗ ബെഞ്ച്‌ കഴിഞ്ഞയാഴ്‌ച  ഇടക്കാലവിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. നയം പുനപരിശോധിക്കണമെന്നും നിര്‍ദേശിച്ചു. ആദ്യം കേരളവും തുടർന്ന്‌ മറ്റ്‌ സംസ്ഥാനങ്ങളും കേന്ദ്രനയത്തിനെതിരെ രംഗത്തുവന്നിരുന്നു.

നയം മാറ്റം സംസ്ഥാനങ്ങളുടെ പരാതിയിലെന്ന്‌ മോഡി
സംസ്ഥാനങ്ങളിൽനിന്ന്‌ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ്‌ നയം മാറ്റിയതെന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. വാക്‌സിനുവേണ്ടി സംസ്ഥാനങ്ങൾ ഇനി പണം ചെലവിടേണ്ടിവരില്ല. മൂന്ന്‌ ഇനം വാക്‌സിൻകൂടി പരീക്ഷണഘട്ടത്തിലാണ്‌.  നിലവിൽ ഏഴ്‌ കമ്പനിയാണ്‌ വാക്‌സിൻ നിർമിക്കുന്നത്‌. വിദേശവാക്‌സിനുകൾ വാങ്ങാനുള്ള നടപടിക്രമം വേഗത്തിലാക്കും. കുട്ടികൾക്കുള്ള വാക്‌സിനും നേസൽ വാക്‌സിനും (മൂക്ക്‌ വഴി നൽകുന്നത്‌) വികസിപ്പിക്കാനുള്ള ഗവേഷണവും നടക്കുന്നു. നൂറ്‌ വർഷത്തിനിടെ കണ്ട ഏറ്റവും വലിയ മഹാമാരിയാണ്‌ കോവിഡ്‌. ഇതിനെ രാജ്യം ഒറ്റക്കെട്ടായി നേരിടുകയാണെന്നും രാജ്യത്തോടായി പ്രധാനമന്ത്രി പറഞ്ഞു.പ്രധാൻമന്ത്രി ഗരീബ്‌ കല്യാൺ യോജനപ്രകാരമുള്ള സൗജന്യഭക്ഷ്യധാന്യവിതരണം ദീപാവലിവരെ നീട്ടി. ഭക്ഷ്യസുരക്ഷാപദ്ധതിയുടെ പരിധിയിൽ വരുന്ന കുടുംബങ്ങളിലെ 80 കോടി പേർക്ക്‌ അഞ്ച്‌ കിലോഗ്രാം വീതം ഭക്ഷ്യധാന്യം  പ്രതിമാസം ലഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top