14 April Wednesday

വാക്‌സിന്‌ ക്ഷാമം; 
വിവേചനമെന്നും 
സംസ്ഥാനങ്ങൾ

എം പ്രശാന്ത്‌Updated: Thursday Apr 8, 2021


ന്യൂഡൽഹി
കോവിഡ്‌ രണ്ടാംവ്യാപനം അതിരൂക്ഷമാകുമ്പോൾ രാജ്യത്ത്‌ കോവിഡ്‌ വാക്‌സിന്‌ കടുത്ത ക്ഷാമം. വാക്‌സിൻ ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്രസർക്കാരിനെതിരെ പത്ത്‌ സംസ്ഥാനം രംഗത്തെത്തി. മഹാരാഷ്ട്രയിലും ഒഡിഷയിലും വാക്‌സിൻ തീർന്നതിനെത്തുടർന്ന്‌ നൂറുകണക്കിനു‌ വാക്‌സിനേഷൻകേന്ദ്രം അടച്ചുപൂട്ടി. രാജ്യത്തെ ആവശ്യകത കണക്കിലെടുക്കാതെ കയറ്റുമതിയിലൂടെ സ്വകാര്യ വാക്‌സിൻ നിർമാണക്കമ്പനികൾക്ക്‌ അമിതലാഭത്തിന്‌ അവസരമൊരുക്കിയതാണ്‌ ക്ഷാമത്തിന്‌ കാരണം.

വാക്‌സിൻ രണ്ടുദിവസത്തേക്കുകൂടി മാത്രമാണുള്ളതെന്ന്‌ മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ്‌ ടോപെ അറിയിച്ചു. 40 ലക്ഷം ഡോസ്‌ വാക്‌സിൻ അടിയന്തരമായി അനുവദിക്കണമെന്ന്‌ മഹാരാഷ്ട്ര അഭ്യർഥിച്ചു. തുടർന്ന്‌ 17 ലക്ഷം ഡോസ്‌ അനുവദിച്ചതായി കേന്ദ്രം അറിയിച്ചു. രണ്ടുദിവസത്തേ‌ക്കുള്ള‌ വാക്‌സിൻമാത്രമാണുള്ളതെന്ന്‌ അറിയിച്ച്‌ ഒഡിഷ മുഖ്യമന്ത്രി നവീൻ പട്‌നായിക്‌‌ കേന്ദ്രത്തിന്‌ കത്തയച്ചു. ഒഡിഷയിലെ 1500 വാക്‌സിനേഷൻ കേന്ദ്രത്തിൽ 700 എണ്ണം പൂട്ടി. പ്രതിദിനം രണ്ടര ലക്ഷം വാക്‌സിൻ ഡോസാണ്‌ ഒഡിഷയ്‌ക്ക്‌ വേണ്ടത്‌. 5.34 ലക്ഷം ഡോസുമാത്രമാണ്‌ ശേഷിക്കുന്നത്‌.

ഛത്തിസ്‌ഗഢ്‌, ആന്ധ്ര, തെലങ്കാന, ബംഗാൾ, പഞ്ചാബ്‌, രാജസ്ഥാൻ, ഹരിയാന, ബിഹാർ സംസ്ഥാനങ്ങളിലും വാക്‌സിൻ ക്ഷാമമാണ്‌‌. പ്രതിപക്ഷ പാർടികൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ബോധപൂർവം പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്നതാണെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നുമാണ്‌ കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിലപാട്‌.

അതിതീവ്ര വ്യാപനം; 
1,26,789 പുതിയ രോഗികൾ
കോവിഡ്‌ രണ്ടാംഘട്ട വ്യാപനം അതിതീവ്രം. തുടർച്ചയായ രണ്ടാംദിവസവും ഒരുലക്ഷത്തിന്‌ മുകളിൽ രോഗികൾ. 24 മണിക്കൂറിൽ 1,26,789 രോഗികൾ റിപ്പോർട്ട്‌ ചെയ്‌തു. 685 മരണം. മൊത്തം രോഗികളുടെ എണ്ണം 1.29 കോടി കടന്നു. ‌ മഹാരാഷ്ട്ര(59,907), ഛത്തീസ്‌ഗഢ്‌ (10,310), കർണാടക(6,976), ഉത്തർപ്രദേശ്‌(6,002), ഡൽഹി(5,506), മധ്യപ്രദേശ്‌ (4,043), തമിഴ്‌നാട്‌(3,986), ഗുജറാത്ത്‌(3,575), പഞ്ചാബ്‌ (2,963)സംസ്ഥാനങ്ങളിൽ നിന്നാണ്‌ പുതിയ രോഗികളിൽ 84 ശതമാനവും.  പ്രതിവാര കോവിഡ്‌ പോസിറ്റിവിറ്റി നിരക്ക്‌ മാർച്ചിൽ 2.19 ശതമാനമായിരുന്നത്‌ ഏപ്രിലിൽ 8.40 ശതമാനമായി.

രാജ്യത്ത്‌ നിലവിൽ 9,10,319 രോഗികൾ ചികിത്സയിലുണ്ട്‌. മൊത്തം രോഗബാധിതരുടെ 7.04 ശതമാനമാണിത്. 24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ 322 പേർ മരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top