14 August Friday

അൺലോക്കിൽ കുതിച്ചുയർന്നു‌ ; പ്രതിദിന രോഗികൾ കാൽലക്ഷത്തിലേക്ക്‌

വെബ് ഡെസ്‌ക്‌Updated: Monday Jul 6, 2020


ന്യൂഡൽഹി
അൺലോക്കിന്‌ തുടക്കമിട്ടതുമുതൽ വിവിധ സംസ്ഥാനങ്ങളിൽ കോവിഡ്‌ രോഗികളുടെ എണ്ണത്തിൽ വൻവർധന. അടച്ചിടൽ കാലയളവിൽ രോഗികളുടെ എണ്ണത്തിൽ പിന്നോക്കമായിരുന്ന അസം, ആന്ധ്ര, ബിഹാർ, കർണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിൽ രോഗവ്യാപനം തീവ്രമായി.

അടച്ചിടൽ അവസാനിച്ച മെയ്‌ 31ന്‌ അസമിൽ 1340 ആയിരുന്നു രോഗികൾ. ജൂലൈ നാലിന്‌ ഇത്‌ 11002 ആയി. ഏഴ്‌ മടങ്ങിലേറെയാണ്‌ വർധന. ആന്ധ്രയിൽ രോഗികളുടെ എണ്ണം 3461 ൽനിന്ന്‌ 17699 ലെത്തി. 14238 എണ്ണം കൂടി‌. നാല്‌ മടങ്ങിലേറെ വർധന. ബിഹാറിൽ 3807ൽനിന്ന്‌ 11457 ലെത്തി. 7650 രോഗികൾ കൂടി. രണ്ട്‌ മടങ്ങ്‌ വർധന. കർണാടകയിൽ 3221ൽനിന്ന്‌ 21549 ലെത്തി. 18328 രോഗികളുടെ വർധന. ആറ്‌ മടങ്ങ്‌ വർധിച്ചു. തെലങ്കാനയിൽ 2698 ആയിരുന്ന രോഗികൾ 22312 ലെത്തി. 19614 പുതിയ രോഗികൾ. ഏഴ്‌ മടങ്ങിലേറെയാണ്‌ വർധന.

യുപിയിൽ രോഗികൾ 8075 ൽനിന്ന്‌ 26554 ആയും ബംഗാളിൽ 5501 ൽനിന്ന്‌ 21231 ആയും വർധിച്ചു. ബംഗാളിൽ രോഗികൾ മൂന്ന്‌ മടങ്ങോളം കൂടിയപ്പോൾ യുപിയിൽ വർധന ഇരട്ടിയിലേറെയാണ്‌. തമിഴ്‌നാട്ടിൽ 22333 ൽനിന്ന്‌ 1.07 ലക്ഷമായി ഉയർന്നു. ഡൽഹിയിൽ 19844 ൽനിന്ന്‌ ഒരു ലക്ഷത്തിന്‌ അടുത്തെത്തി. മഹാരാഷ്ട്രയിൽ 67655 ആയിരുന്ന രോഗികൾ രണ്ടുലക്ഷം കടന്നു. തമിഴ്‌നാട്ടിലും ഡൽഹിയിലും നാലിരട്ടിയും മഹാരാഷ്ട്രയിൽ രണ്ടിരട്ടിയുമാണ്‌ വർധന.

14 സംസ്ഥാനങ്ങളിൽ പതിനായിരത്തിൽ കൂടുതൽ രോഗികളുണ്ട്‌. ഏഴ്‌ സംസ്ഥാനങ്ങളിൽ രോഗബാധിതർ ഇരുപതിനായിരത്തിലേറെയാണ്‌. നഗരങ്ങളിൽ 97200 രോഗികളുള്ള ഡൽഹിയാണ്‌ മുന്നിൽ. മുംബൈയിൽ 83237 ഉം ചെന്നൈയിൽ 66538 ഉം രോഗികളാണുള്ളത്‌.  മുംബൈയോട്‌ ചേർന്നുള്ള താനെയിൽ 45833 രോഗികളുണ്ട്‌. പുണെയിൽ 26956 രോഗികളുണ്ട്‌. അയ്യായിരം കടന്ന മറ്റ്‌ നഗരങ്ങൾ: അഹമ്മദാബാദ്‌–- 21715, ഹൈദരാബാദ്‌–- 17650, ബംഗളൂരു–- 8345, കൊൽക്കത്ത–- 6864, ഗുരുഗ്രാം–- 5829, സൂറത്ത്‌–- 5714.

പ്രതിദിന രോഗികൾ കാൽലക്ഷത്തിലേക്ക്‌
രാജ്യത്ത്‌ ഇതാദ്യമായി പ്രതിദിന രോഗികളുടെ എണ്ണം കാൽ ലക്ഷത്തോടടുത്തു. 24 മണിക്കൂറിൽ 24850 രോഗികളും 613 മരണവും. ഒരു ദിവസം ഇത്രയധികം മരണങ്ങളും ഇതാദ്യമാണ്‌. മഹാരാഷ്ട്രയിൽ പ്രതിദിന രോഗികൾ ഏഴായിരം കടന്നു. മുന്നൂറിനടുത്ത്‌ മരണവും. തമിഴ്‌‌നാട്ടിൽ തുടർച്ചയായി മൂന്നാം ദിവസവും നാലായിരത്തിലേറെ രോഗികൾ. തെലങ്കാന, കർണാടക, അസം തുടങ്ങിയ സംസ്ഥാനങ്ങളിലും രോഗികളുടെ എണ്ണം വൻതോതിൽ വർധിച്ചു.

ശനിയാഴ്‌ചത്തെ രോഗികളിൽ 64 ശതമാനവും മഹാരാഷ്ട്ര, തമിഴ്‌നാട്‌, തെലങ്കാന, കർണാടക, ആന്ധ്ര എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നാണ്‌. പോസിറ്റിവിറ്റി നിരക്കിൽ (ആകെ പരിശോധിക്കുന്ന സാമ്പിളുകളിൽ പോസിറ്റീവാകുന്ന കേസുകളുടെ തോത്‌) മഹാരാഷ്ട്രയെയും ഡൽഹിയെയും മറികടന്ന്‌ തെലങ്കാന മുന്നിലെത്തി. 20.18 ശതമാനമാണ്‌‌ നിലവിൽ തെലങ്കാനയുടെ പോസിറ്റിവിറ്റി നിരക്ക്‌. മഹാരാഷ്ട്ര–- 18.44 ശതമാനം, ഡൽഹി–- 15.67 ശതമാനം, ഗുജറാത്ത്‌–- 8.75 ശതമാനം, തമിഴ്‌നാട്‌–- 8.19 ശതമാനം എന്നീ സംസ്ഥാനങ്ങളാണ്‌ പോസിറ്റിവിറ്റി നിരക്കിൽ തെലങ്കാനയ്‌ക്ക്‌ പിന്നിൽ. 24 മണിക്കൂറിൽ 14856 പേർ രോഗമുക്തരായി. രോഗമുക്തി നിരക്ക്‌ 60.77 ശതമാനമായി. രോഗമുക്തരും ചികിത്സയിലുള്ളവരും തമ്മിലുള്ള അന്തരം 164268 ആയി. 4.09 ലക്ഷം പേരാണ്‌ ഇതുവരെയായി രോഗമുക്തരായത്‌. ചികിത്സയിലുള്ളവരുടെ എണ്ണം 2.45 ലക്ഷമാണ്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top