19 September Saturday

ഇന്ത്യയിൽ രോ​ഗികൾ കൂടുതൽ: പരിശോധന കുറവ്‌

എം പ്രശാന്ത‌്Updated: Tuesday Aug 11, 2020


ന്യൂഡൽഹി
കോവിഡ്‌ പരിശോധനയിൽ ഏറെ പിന്നിലായിട്ടും ഇന്ത്യയിൽ തുടർച്ചയായ രണ്ടാം ദിവസവും രോ​ഗികളും മരണവും ഏറ്റവും കൂടുതൽ. ലോകത്ത്‌ ഏറ്റവും കൂടുതൽ രോ​ഗികളുള്ള 20 രാജ്യങ്ങളില്‍ പരിശോധനാനിരക്കിൽ ഇന്ത്യ പതിനാറാമത്‌. രോ​ഗികളുടെ എണ്ണത്തില്‍ ഇപ്പോള്‍ മൂന്നാമതും മരണത്തില്‍ അഞ്ചാമതും. ദിവസേനയുള്ള രോ​ഗികളിലും മരണത്തിലും ഒന്നാമത്. 

24 മണിക്കൂറില്‍ (തിങ്കളാഴ്‌ച) 53,601 രോ​ഗികളും 871 മരണവും. നാലുദിവസം തുടർച്ചയായി രോ​ഗികള്‍ 60,000 കടന്നിരുന്നു. ഞായറാഴ്‌ച പരിശോധന കുറഞ്ഞതാണ്‌ ഇതിനുകാരണം. അമേരിക്കയില്‍ തിങ്കളാഴ്‌ച 49,800 രോ​ഗികളും 569 മരണവും‌. ബ്രസീലിൽ രോ​ഗികള്‍ 21,888, മരണം 721.

ഇന്ത്യ പിന്നിൽ
ദശലക്ഷം പേരിൽ 17,795 എന്നതാണ്‌ നിലവിൽ‌ ഇന്ത്യയിലെ പരിശോധനാ തോത്‌‌. ദശലക്ഷം പേരിൽ 1603 എന്ന തോതിലാണ് രോ​ഗികള്‍. കേരളത്തിൽ ദശലക്ഷം പേരിൽ 27,876 എന്ന തോതിലാണ്‌ പരിശോധന. കൂടുതൽ പരിശോധനകൾ നടത്തിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം നാലാമത്‌. ഗുജറാത്ത്‌, യുപി, ബിഹാർ, ബംഗാൾ സംസ്ഥാനം പരിശോധനാ തോതിൽ പിന്നിൽ. രാജ്യത്ത് 24 മണിക്കൂറിൽ 6.98 ലക്ഷം പരിശോധന. ആകെ പരിശോധന 2.53 കോടി.

രോഗമുക്തരായവരുടെ എണ്ണം 15.83 ലക്ഷം. രോഗമുക്തി 69.79 ശതമാനം‌. ചികിത്സയില്‍ 6.4 ലക്ഷം പേർ. മരണനിരക്ക്‌ രണ്ട്‌ ശതമാനത്തിൽ താഴെ. കേരളത്തിൽ 0.3 ശതമാനംമാത്രം.

ഒറ്റദിവസം 11,000 കടന്ന്‌ മഹാരാഷ്ട്ര
മഹാരാഷ്ട്രയിൽ  ചൊവ്വാഴ്‌ച രോ​ഗികള്‍ 11088, മരണം 256. മുംബൈയിൽ  48 മരണം. യുപിയിൽ  ഒറ്റദിവസം രോ​ഗികള്‍ അയ്യായിരവും ബിഹാറില്‍ നാലായിരവും കടന്നു. രാജ്യത്ത്‌ രോ​ഗികൾ 23.27 ലക്ഷം. മരണം 46000. തമിഴ്‌നാട്ടിൽ ചൊവ്വാഴ്ച 118 മരണം, 5834 രോ​ഗികൾ. കർണാടകത്തിൽ  86 മരണം, 6257രോ​ഗികള്‍. ആന്ധ്രയിൽ 87 മരണം, യുപിയിൽ 56, ബംഗാളിൽ 49, രാജസ്ഥാനിൽ11 , ബിഹാറിൽ 15, ഡൽഹിയിൽ എട്ട്‌ മരണം. കോവിഡ്‌ വാക്‌സിൻ വികസിപ്പിച്ചതായി റഷ്യ പ്രഖ്യാപിച്ച പശ്‌ചാത്തലത്തിൽ രാജ്യത്തെ വാക്‌സിൻ‌ വിതരണ രീതികൾ തീരുമാനിക്കുന്നതിനായി രൂപീകരിക്കപ്പെട്ട വിഗദ്‌ധ സമിതി യോഗം ബുധനാഴ്‌ച ചേരും.

കൂടുതല്‍ കേന്ദ്രസഹായം തേടി മുഖ്യമന്ത്രിമാര്‍
കോവിഡിനെ പ്രതിരോധിക്കാൻ കേന്ദ്രത്തിൽനിന്ന്‌ കൂടുതൽ സാമ്പത്തികസഹായം തേടി സംസ്ഥാനങ്ങൾ. ചൊവ്വാഴ്‌ച 10 മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചര്‍ച്ചയിലാണ് കൂടുതല്‍ സഹായമെന്ന ആവശ്യം ഉയർന്നത്‌. ബംഗാൾ, പഞ്ചാബ്‌, തമിഴ്‌നാട്‌ മുഖ്യമന്ത്രിമാരാണ് ഇക്കാര്യമുന്നയിച്ചത്.

കടമെടുപ്പ്‌ പരിധി രണ്ട്‌ ശതമാനം കൂട്ടിയെങ്കിലും  ഉപാധിരഹിത വായ്‌പ ഇതിൽ അരശതമാനം മാത്രമെന്ന് ബം​ഗാള്‍ മുഖ്യമന്ത്രി മമത ബാനർജി ചൂണ്ടിക്കാട്ടി. ആർടിപിസിആർ പരിശോധന ചെലവിന്റെ പകുതി കേന്ദ്രം വഹിക്കണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി ആവശ്യപ്പെട്ടു. സംസ്ഥാനങ്ങൾക്കായി പാക്കേജ്‌ വേണമെന്ന്‌ പഞ്ചാബ്‌ മുഖ്യമന്ത്രി അമരീന്ദർ സിങ്‌ ആവശ്യപ്പെട്ടു.

സ്ഥിതി രൂക്ഷമായ മഹാരാഷ്ട്ര, ആന്ധ്ര, ബിഹാർ, ഗുജറാത്ത്‌, യുപി, തെലങ്കാന, പഞ്ചാബ്‌, തമിഴ്നാട്‌, കർണാടക, ബംഗാൾ സംസ്ഥാനങ്ങളുമായാണ് ചർച്ച നടത്തിയത്‌.  80 ശതമാനം രോ​ഗികളും ഈ 10 സംസ്ഥാനങ്ങളിലാണ്‌. ബിഹാർ, യുപി, ഗുജറാത്ത്‌, ബംഗാൾ, തെലങ്കാന സംസ്ഥാനങ്ങൾ പരിശോധന കൂട്ടണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

പതിവ്‌ ട്രെയിൻ സർവീസ്‌ ഉടനില്ല
ടൈംടേബിൾ പ്രകാരമുള്ള പതിവ്‌ യാത്രാട്രെയിൻ സർവീസ്‌ റദ്ദാക്കിയത് ഇനിയൊരറിയിപ്പ്‌ ഉണ്ടാകുംവരെ തുടരുമെന്ന്‌ റെയിൽവെ.  ആഗസ്‌ത്‌ 12 വരെയാണ് നേരത്തേ പതിവ്‌ സർവീസ്‌ നിർത്തിവച്ചത്. കേന്ദ്രം അൺലോക്കിന്‌ തുടക്കമിട്ടതോടെ 230 സ്‌പെഷ്യൽ ട്രെയിന്‍ സര്‍വീസ് നടത്തുന്നത് തുടരും. മാർച്ച്‌ 25 മുതലാണ്‌ റെയിൽവേ പതിവ്സർവീസ്‌ നിർത്തിവച്ചത്‌.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top