19 April Monday
തൊഴിലിടങ്ങളിൽ 11 മുതൽ വാക്‌സിൻ

കോവിഡ്‌ വ്യാപനം : നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Wednesday Apr 7, 2021


ന്യൂഡൽഹി
കോവിഡ്‌ വ്യാപനം രൂക്ഷമായതോടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി സംസ്ഥാനങ്ങള്‍. വാരാന്ത്യ അടച്ചിടലിനും രാത്രി കർഫ്യുവിനും പുറമെ മഹാരാഷ്ട്രയിൽ ഭാ​ഗിക അടച്ചുപൂട്ടല്‍ ഏര്‍പ്പെടുത്തി. അവശ്യസേവനങ്ങൾ ഒഴിച്ചുള്ളവയ്ക്കെല്ലാം നിയന്ത്രണം വന്നതോടെ മുംബൈ അടക്കമുള്ള മേഖലകളില്‍നിന്ന് അതിഥിത്തൊഴിലാളികൾ കൂട്ടത്തോടെ സ്വദേശങ്ങളിലേക്ക്‌ മടങ്ങുന്നു. യുപി. ബിഹാര്‍ ട്രയിനുകളില്‍ ടിക്കറ്റില്ലെന്ന പരാതി വ്യാപകം. ചെറുകിട, ഇടത്തരം കച്ചവടക്കാർ ദുരിതത്തിലായി. ഈ മാസം 30 വരെ അവശ്യഉൽപന്ന വിൽപ്പന കേന്ദ്രങ്ങള്‍ ഒഴികെയുള്ള എല്ലാ കടകളും അടച്ചിടണമെന്ന ഉത്തരവിന്‌ എതിരെ വാണിജ്യമേഖലയില്‍ പ്രതിഷേധമുയര്‍ന്നു.

പഞ്ചാബിൽ ഈ മാസം 30 വരെ രാത്രികർഫ്യു ഏർപ്പെടുത്തി.‌ 12 ജില്ലയില്‍ നേരത്തെ കർഫ്യു ഏർപ്പെടുത്തി. 30 വരെ രാഷ്ട്രീയ പൊതുസമ്മേളനങ്ങളും മറ്റ്‌ കൂട്ടായ്‌മകളും വിലക്കി. വിവാഹാഘോഷങ്ങൾക്ക്‌ ഓഡിറ്റോറിയത്തിൽ 50 പേർക്കും പുറത്തുള്ള ചടങ്ങുകൾക്ക്‌ 100 പേർക്കും മാത്രമേ അനുമതിയുള്ളു. സ്‌കൂളുകളും മറ്റ് വിദ്യഭ്യാസസ്ഥാപനങ്ങളും അടച്ചിട്ടിരിക്കുന്നു.

കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിലും രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെ കർഫ്യു ഏർപ്പെടുത്തി. റായ്‌പുരിൽ വെള്ളിയാഴ്ചമുതൽ അടച്ചുപൂട്ടൽ. ഡൽഹിയിൽ ഈ മാസം 30 വരെ രാത്രി കർഫ്യു ഏർപ്പെടുത്തി. മധ്യപ്രദേശിൽ 12 ജില്ലയിൽ ഞായറാഴ്‌ച അടച്ചുപൂട്ടൽ പ്രഖ്യാപിച്ചു‌. ഗുജറാത്തിൽ 30 വരെ രാത്രികർഫ്യു ഏർപ്പെടുത്തി. ഒഡിഷയിലെ 10 ജില്ലയില്‍ രാത്രികർഫ്യു.

മഹാരാഷ്ട്രയില്‍ വാക്സിന്‍ ക്ഷാമം
മൂന്ന്‌ ദിവസത്തേക്കുള്ള കോവിഡ്‌ വാക്‌സിൻമാത്രമാണ്‌ ശേഷിക്കുന്നതെന്നും കുത്തിവയ്പുകേന്ദ്രങ്ങൾ അടയ്‌ക്കേണ്ടിവരുമെന്നും മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ്‌ ടോപെ. 14 ലക്ഷം ഡോസ്‌ മാത്രമാണുള്ളത്‌. 

ആഴ്‌ചയില്‍ 40 ലക്ഷം ഡോസ്‌ വേണം‌. ആവശ്യത്തിന്‌ വാക്‌സിൻ ലഭിക്കുന്നില്ല. 25–-40 പ്രായക്കാരാണ്‌ കൂടുതൽ രോഗബാധിതരാകുന്നത്‌‌. 20–-40 പ്രായക്കാർക്ക്‌ വാക്‌സിൻ നൽകാൻ കേന്ദ്രം തയ്യാറാകണമെന്നും ടോപെ  പറഞ്ഞു. വകഭേദം വന്ന വൈറസാണോ രോഗവ്യാപന‌ കാരണമെന്ന്‌ സംസ്ഥാനങ്ങളെ അറിയിക്കാൻ കേന്ദ്രം തയ്യാറാകണം. എന്താണ്‌ അവലംബിക്കേണ്ട ചികിത്സാരീതിയെന്ന്‌ വ്യക്തമാക്കണമെന്നും ടോപെ പറഞ്ഞു.

തൊഴിലിടങ്ങളിൽ 11 മുതൽ വാക്‌സിൻ
തൊഴിലിടങ്ങളിൽ ഏപ്രിൽ 11 മുതൽ കോവിഡ്‌ വാക്‌സിൻ നൽകാൻ മാർഗനിർദേശം പുറപ്പെടുവിച്ച്‌ കേന്ദ്രസർക്കാർ. നൂറിൽ കൂടുതൽ ഗുണഭോക്താക്കളുള്ള പൊതു, സ്വകാര്യ തൊഴിലിടങ്ങളിൽ വാക്‌സിൻ നൽകാൻ നടപടി സ്വീകരിക്കാൻ ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് നിർദേശിച്ചു. നിലവിൽ 45 വയസ്സിനു‌ മുകളിലുള്ളവർക്കാണ്‌ രാജ്യത്ത്‌ വാക്‌സിൻ നൽകുന്നത്‌. വാക്‌സിന്‌ യോഗ്യതയുള്ള 100 പേരുണ്ടെങ്കിൽ വാക്‌സിൻ നൽകാൻ വേണ്ട നടപടി സ്വീകരിക്കാനാണ്‌ നിർദേശം.

ഈ വിഷയത്തിൽ സംസ്ഥാനങ്ങളെ സഹായിക്കാൻ ആവശ്യമായ മാർഗനിർദേശം കേന്ദ്ര ആരോഗ്യസെക്രട്ടറിയുടെ നേതൃത്വത്തിൽ തയ്യാറാക്കി കൈമാറിയിട്ടുണ്ട്‌. ഈ മാർഗനിർദേശങ്ങൾക്ക്‌‌ അനുസരിച്ച്‌ സംസ്ഥാന, ജില്ലാ വാക്‌സിനേഷൻ ഓഫീസർമാർ തുടർനടപടി സ്വീകരിക്കണം. പൊതു, സ്വകാര്യ മേഖലാ മാനേജ്‌മെന്റുകളുമായി ബന്ധപ്പെട്ട്‌ തൊഴിലിടങ്ങളിൽ അനുയോജ്യമായ സമയങ്ങളിൽ വാക്‌സിൻ സെഷനുകൾ സംഘടിപ്പിക്കണം. 45 വയസ്സിനു‌ മുകളിലുള്ളവർക്കു മാത്രമേ നിർബന്ധമായും വാക്‌സിൻ നൽകാൻ പാടുള്ളൂ. പുറത്തുനിന്നുള്ളവർക്കോ ജീവനക്കാരുടെ ബന്ധുക്കൾക്കോ വാക്‌സിൻ നൽകരുത്‌. വാക്‌സിൻ എടുക്കാൻ താൽപ്പര്യമുള്ളവർ കോ–-വിൻ പോർട്ടലിലൂടെ രജിസ്റ്റർ ചെയ്യണം. സർക്കാർകാര്യാലയങ്ങളിൽ സൗജന്യമായും സ്വകാര്യ തൊഴിലിടങ്ങളിൽ പണം ഈടാക്കിയും വാക്‌സിൻ നൽകാം. വ്യക്തിക്ക്‌ ഒരു ഡോസിന്‌ 150 രൂപവീതവും സർവീസ്‌ ചാർജായി ഒരു ഡോസിന്‌ 100 രൂപവീതവും ഈടാക്കാമെന്നും മാർഗനിർദേശത്തിൽ പറയുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top