02 July Thursday

ഗുജറാത്തിൽ ചികിത്സയിലിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Sunday May 17, 2020

ന്യൂഡൽഹി > ഗുജറാത്തിലെ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന കോവിഡ് രോഗിയുടെ മൃതദേഹം ബസ് സ്റ്റാന്റിൽ കണ്ടെത്തി. എഴുപതുകാരനായ ഗുണവന്ദ് മക്വാനയുടെ മൃതദേഹമാണ് വെള്ളിയാഴ്ച ആശുപത്രിയിൽനിന്ന് 10 കിലോമീറ്റർ അകലെയുള്ള ബിആർടിഎസ് ബസ് സ്റ്റാന്റിൽ കണ്ടെത്തിയത്. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ കുടുംബാംഗങ്ങളെക്കൊണ്ട് മൃതദേഹം സംസ്‌ക്കരിക്കുകയും ചെയ്തു.

മെയ് പത്തിന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗുണവന്ദിന് കോവിഡ് സ്ഥിരീകരിച്ചതായി മൂന്നു ദിവസത്തിനുശേഷം കുടുംബത്തെ അധികൃതർ അറിയിച്ചിരുന്നു. വെള്ളിയാഴ്ച പുലർച്ചെ ഗുണവന്ദിന്റെ മൃതദേഹം ബസ്സ്റ്റാന്റിൽനിന്ന് കണ്ടെത്തിയതായി പൊലീസാണ് കുടുംബത്തെ അറിയിച്ചത്. എസ്വിപി ആശുപത്രയിൽ പോസ്റ്റുമോർട്ടത്തിനുശേഷം മൃതദേഹം കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.

മരണം കോവിഡ് മൂലമാണെന്ന് അധികൃതർ പറഞ്ഞെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭ്യമാക്കിയില്ലെന്നും ഗുണവന്ദിന്റെ മകൻ തുണിമിൽ തൊഴിലാളിയായ കീർത്തി മക്വാന മാധ്യമങ്ങളോട് പറഞ്ഞു. മൃതദേഹം പൊതിയാനുള്ള പ്ലാസ്റ്റിക്ക് വാങ്ങാൻ 1500 രൂപയും അതിൽ അണുനാശിനി തളിക്കുന്നതിന് 200 രൂപയും കുടുംബം നൽകി. സ്വന്തം ചെലവിൽ ശ്മശാനത്തിൽ എത്തിച്ചാണ് സംസ്‌ക്കാരം നടത്തിയത്. മാസ്‌കും കൈ ഉറയും ആവശ്യപ്പെട്ടെങ്കിലും ആശുപത്രി അധികൃതർ നൽകിയില്ലെന്ന് കീർത്തി പറഞ്ഞു.

വീട്ടിൽ നിരീക്ഷണത്തിലിരിക്കാൻ നിർദ്ദേശിച്ച് വ്യാഴാഴ്ച ഗുണവന്ദിനെ ആശുപത്രിയിൽനിന്ന് പറഞ്ഞുവിട്ടതായി സിവിൽ ആശുപത്രിയിലെ കോവിഡ് ചികിത്സയുടെ ചുമതലയുള്ള ഡോ. എം എം പ്രഭാകർ പറഞ്ഞു. മുനിസിപ്പൽ കോർപറേഷന്റെ ആരോഗ്യ വിഭാഗത്തെ ഇത് അറിയിച്ചിരുന്നു. സംഭവം വിവാദമായതോടെ മുഖ്യമന്ത്രി വിജയ് രൂപാണി അന്വേഷണം പ്രഖ്യാപിച്ചു.

കോവിഡ് പ്രതിരോധം താളം തെറ്റിയ ഗുജറാത്തിലെ സുപ്രധാന സർക്കാർ ആശുപത്രിയായ അഹമ്മദാബാദ് സിവിൽ ആശുപത്രിയിൽ ഗുരുതര വീഴ്ചകൾ ആവർത്തിക്കുകയാണ്. ഏപ്രിലിൽ 25 കോവിഡ് രോഗികൾക്ക് ചികിത്സ നിഷേധിച്ചതോടെ ഇവർക്ക് ആറ് മണിക്കൂർ തെരുവിൽ കഴിയേണ്ടി വന്നു. മെയ് അഞ്ചിന് പ്രവേശിപ്പിച്ച ക്യാൻസർ രോഗി മരിച്ചത് എട്ടുദിവസം കുടുംബത്തെ അറിയിക്കാത്തത് വിവാദമായിരുന്നു. പോർബന്തർ സ്വദേശിയായ 54കാരന്റെ മൃതദേഹം മോർച്ചറിയിൽനിന്നാണ് കുടുംബാംഗങ്ങൾ കണ്ടെത്തിയത്.


 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top