ന്യൂഡൽഹി
മഹാരാഷ്ട്രയിൽ കോവിഡ് മരണം 46,000 കടന്നു. മധ്യപ്രദേശിൽ മരണം മൂവായിരവും ഹരിയാനയിലും രാജസ്ഥാനിലും രണ്ടായിരവും കടന്നു. രാജ്യത്ത് ആകെ മരണം 1,30,500 ലേറെ. 24 മണിക്കൂറിൽ 435 പേർ കൂടി മരിച്ചു. കൂടുതൽ മരണം ഡൽഹിയിലാണ്–- 96. മഹാരാഷ്ട്ര–- 60, ബംഗാൾ–- 51, പഞ്ചാബ്–- 30, കർണാടക–- 21, യുപി–- 18, ഒഡീഷ–- 17 എന്നിങ്ങനെയാണ് മറ്റിടങ്ങളിൽ മരണം.
പത്തുലക്ഷംപേരിലെ മരണമെടുത്താൽ 14 സംസ്ഥാനങ്ങൾ ദേശീയ ശരാശരിക്ക് മുകളിലാണ്. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങൾ ദേശീയ ശരാശരിയേക്കാൾ മുകളിലാണ്. രാജ്യത്ത് 24 മണിക്കൂറിൽ 30,548 പേർ കൂടി രോഗബാധിതരായി. 43,851 പേർ രോഗമുക്തരായി. 4.65 ലക്ഷം പേർ ചികിത്സയിലുണ്ട്. 82.49 ലക്ഷം പേർ രോഗമുക്തരായി.
ഡൽഹി വീണ്ടും അടച്ചുപൂട്ടില്ല: മന്ത്രി
ഡൽഹിയിൽ അടച്ചുപൂട്ടൽ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തില്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ. പുതിയ കോവിഡ് രോഗികൾ കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ വീണ്ടും അടച്ചുപൂട്ടൽ ഉണ്ടാകുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് മന്ത്രിയുടെ പ്രതികരണം. ഡൽഹിയിൽ കോവിഡ് മൂന്നാംഘട്ട വ്യാപനമാണ് നടക്കുന്നതെന്നും അതിന്റെ മൂർധന്യാവസ്ഥ കഴിഞ്ഞതായും മന്ത്രി പറഞ്ഞു. ഡൽഹിയിൽ ഞായറാഴ്ച 3235 പുതിയ രോഗികളും 95 മരണവും റിപ്പോർട്ട് ചെയ്തു. മുമ്പുള്ള ദിവസങ്ങളിൽ തുടർച്ചയായി ഏഴായിരത്തിലേറെ രോഗികൾ ഉണ്ടായിരുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..