13 May Thursday

പ്രാണവായു കിട്ടാതെ ​
ഗുജറാത്ത്, വീർപ്പുമുട്ടി ഉത്തർപ്രദേശ് ,കൈവിട്ട് ബിഹാര്‍

വെബ് ഡെസ്‌ക്‌Updated: Thursday Apr 15, 2021


അഹമ്മദാബാദ്
കോവിഡ് ബാധിതരാല്‍ വീര്‍പ്പുമുട്ടി ​ഗുജറാത്ത്.  അഹമ്മദാബാദ്‌, സൂറത്ത്‌‌, രാജ്‌കോട്ട്‌, വഡോദര എന്നിവിടങ്ങളില്‍ ആശുപത്രികൾ തിങ്ങിനിറഞ്ഞു. ഗുരുതരാവസ്ഥയിലുള്ളവർക്ക്‌ പ്രാണവായു (ഓക്സിജന്‍) നല്‍കാനാകുന്നില്ല. റെംഡിസിവിർ ഇൻജക്‌ഷൻ കിട്ടാനില്ല. മരണനിരക്കും ഉയരുന്നു. ബുധനാഴ്ചമാത്രം 73 മരണം. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോഴും ഭേദമാകുന്നവരുടെ എണ്ണം കുറഞ്ഞുതന്നെ. അടുത്ത ആഴ്ചകളിൽ രോഗവ്യാപനം മൂർധന്യാവസ്ഥയിലെത്തുമ്പോള്‍ സംസ്ഥാനം അതിഭീകരമായ അവസ്ഥ നേരിടേണ്ടിവരുമെന്നും ആരോഗ്യവിദഗ്‌ധർ മുന്നറിയിപ്പ് നൽകി.

ഓക്സിജന്‍ കിട്ടാനില്ല
അഹമ്മദാബാദ്‌ സിവിൽ ആശുപത്രിയുടെ പുറത്ത്‌ ചികിത്സയ്‌ക്ക്‌ ഊഴംകാത്ത്‌ ഗുരുതരാവസ്ഥയിലുള്ള രോഗികൾ 21 ആംബുലൻസിൽ കാത്തുകിടക്കുന്ന ദൃശ്യം സീ ന്യൂസ്‌ പുറത്തുവിട്ടു. അഹമ്മദാബാദിലെ ഷിഫ ആശുപത്രിയിൽ ഓക്സിജൻ തീർന്ന്‌ ദിവസങ്ങളോളം പകരം സംവിധാനം ഒരുക്കിയില്ല. കോവിഡ്‌ സാഹചര്യം കൂടുതൽ ഗുരുതരമാകുന്നതിനാൽ ആശുപത്രികളിൽ ഓക്സിജൻ ലഭ്യത ഉറപ്പാക്കാൻ അടിയന്തരമായി ഇടപെടണമെന്ന്‌ ഡോക്ടർമാരുടെ സംഘടന സംസ്ഥാന സർക്കാരിനോട്‌ ആവശ്യപ്പെട്ടു. സംസ്ഥാനത്ത്‌ ഉൽപ്പാദിപ്പിക്കുന്ന ഓക്സിജന്റെ 70 ശതമാനം ആരോഗ്യമേഖലയ്‌ക്കും ബാക്കി വ്യവസായമേഖലയ്‌ക്കുമാണ്‌. അടിയന്തര സാഹചര്യം കണക്കിലെടുത്ത് അടുത്ത രണ്ടുമാസത്തേക്കെങ്കിലും ‌100 ശതമാനം ഓക്സിജനും ആശുപത്രികൾക്ക്‌ ലഭ്യമാക്കണം. ഇല്ലെങ്കിൽ ക്ലിനിക്കുകൾ അടച്ചിടാൻ ഡോക്ടർമാർ നിർബന്ധിതരാകുമെന്നും സംഘടന മുന്നറിയിപ്പ്‌ നൽകി.

കണക്കില്‍ കള്ളക്കളി
മരണം ഉയരുന്നതിനാൽ പലയിടത്തും ശ്മശാനങ്ങളിൽ ദഹിപ്പിക്കാനുള്ള മൃതദേഹങ്ങൾ കൂടിക്കിടക്കുന്നു. അഹമ്മദാബാദ്‌, സൂറത്ത്‌‌, രാജ്‌കോട്ട്‌ പോലുള്ള നഗരങ്ങളിൽ ശ്മശാനങ്ങൾ 24 മണിക്കൂർ പ്രവർത്തിപ്പിച്ചിട്ടും മതിയാകുന്നില്ല. അതേസമയം, സർക്കാർ കോവിഡ്‌ മരണങ്ങൾ മറച്ചുവയ്‌ക്കുന്നെന്ന ആരോപണവും ശക്തമാണ്. ഔദ്യോഗിക കണക്കു പ്രകാരം തിങ്കളാഴ്ച സംസ്ഥാനത്ത്‌ കോവിഡിന്‌ ഇരയായാവർ 55. എന്നാൽ, ശ്മശാനങ്ങളിൽനിന്നുള്ള കണക്കു‌ പ്രകാരം അന്നേദിവസം കോവിഡ്‌ മാനദണ്ഡപ്രകാരം സംസ്കരിച്ച മൃതദേഹങ്ങൾ 480. വിവിധ നഗരങ്ങളിലെ സർക്കാർ കണക്കും യഥാർഥത്തിലുണ്ടായ മരണങ്ങളുടെ എണ്ണവും തമ്മിലുള്ള അന്തരം വിവിധ മാധ്യമങ്ങൾ ദിവസേന പ്രസിദ്ധീകരിക്കുന്നു. മറ്റ്‌‌ ഗുരുതര രോഗങ്ങളുള്ള കോവിഡ്‌ ബാധിതർ മരിച്ചാൽ അത്‌ കോവിഡ്‌ കണക്കിൽ പെടുത്തുന്നില്ലെന്ന്‌ ഡോക്ടർമാരും വെളിപ്പെടുത്തുന്നു.

വീർപ്പുമുട്ടി ഉത്തർപ്രദേശ്  
ഉത്തർപ്രദേശിൽ കോവിഡ്‌ സാഹചര്യം നിയന്ത്രണാതീതം. പ്രതിദിന രോഗികളും മരണനിരക്കും ഉയർന്നത്‌ ആശങ്ക പടർത്തുന്നു. മിക്ക ആശുപത്രികളും നിറഞ്ഞു‌‌‌. ശ്‌മശാനങ്ങളിൽ പ്രിയപ്പെട്ടവരുടെ മൃതദേഹവുമായി മണിക്കൂറുകൾ കാത്തുനിൽക്കേണ്ട ദുരിതത്തിലാണ്‌ ബന്ധുക്കൾ. രണ്ടാം തരംഗം പിടിമുറുക്കിയ സംസ്ഥാനത്ത്‌ യോഗി ആദിത്യനാഥ്‌ സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ഇടപെടൽ അപര്യാപ്‌തം‌. 

കോവിഡ്‌ വ്യാപനം വർധിക്കുന്ന ജില്ലകളിൽ പൂർണ അടച്ചുപൂട്ടൽ ഏർപ്പെടുത്തിക്കൂടേയെന്ന്‌ അലഹബാദ്‌ ഹൈക്കോടതി  ആരാഞ്ഞു. സംസ്ഥാനത്ത്‌ വ്യാഴാഴ്‌ച 22,439 പേരാണ്‌ രോഗബാധിതരായത്‌. 114 പേർ മരിച്ചു. ലഖ്‌നൗ, പ്രയാഗ്‌രാജ്‌, വാരാണസി, കാൺപുർ നഗർ ജില്ലയിലാണ്‌ കൂടുതല്‍ രോ​ഗികള്‍. ലഖ്‌നൗവിലെ ശ്‌മശാനങ്ങളിൽ മൃതദേഹവുമായി ബന്ധുക്കൾ എട്ടും പത്തും മണിക്കൂർ കാത്തുനിൽക്കേണ്ട അവസ്ഥ‌. കോവിഡ്‌ മരണ കണക്കിലെ  വൈരുധ്യവും ചർച്ചയായി‌. ലഖ്‌നൗവിൽ കഴിഞ്ഞ ആഴ്‌ച 124 മരണമുണ്ടായെന്നാണ്‌‌ റിപ്പോർട്ട്‌. എന്നാൽ, ഭൈകുന്ദ്‌ദാം, ഗുലാലഘാട്ട്‌ ശ്‌മശാനങ്ങളില്‍ കഴിഞ്ഞ ആഴ്‌ച നാനൂറിലധികം മൃതദേഹം സംസ്‌കരിച്ചു.

കൈവിട്ട് ബിഹാര്‍
പ്രതിദിനം രോഗികളുടെ എണ്ണം അയ്യായിരമെത്തിയപ്പോൾത്തന്നെ ബിഹാറിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ താളംതെറ്റി. പറ്റ്‌ന അടക്കമുള്ള നഗരങ്ങളിൽ ആശുപത്രിക്കുമുന്നിൽ രോഗികളുടെ നീണ്ട നിര‌. പറ്റ്‌ന എയിംസ്‌, മെഡിക്കൽ കോളേജ്‌, നളന്ദ മെഡിക്കൽ കോളേജ്‌ തുടങ്ങിയ പ്രമുഖ ആശുപത്രികളിൽ കിടക്കകൾ പൂർണമായും നിറഞ്ഞു.

പറ്റ്‌നയിലെ പ്രധാന സ്വകാര്യ ആശുപത്രികളില്‍ കോവിഡ്‌ രോഗികൾക്കായി നീക്കിവച്ച കിടക്കകൾ നിറഞ്ഞു.രോഗികൾ വർധിക്കുന്നതിനൊപ്പം മരണസംഖ്യയും കൂടി‌. ബുധനാഴ്‌ച 21 പേർ മരിച്ചു. ചൊവ്വാഴ്‌ച 14. പ്രതിദിനം ഒന്നോ രണ്ടോ കോവിഡ്‌ മരണമാണ്‌‌ ഏപ്രിൽ 10 വരെ റിപ്പോർട്ട്‌ ചെയ്തിരുന്നത്‌.  
പറ്റ്‌നയിലെ നളന്ദ ആശുപത്രിയിൽ കോവിഡ്‌ രോഗി ചികിൽസ കിട്ടാതെ മരിച്ചു. ആശുപത്രി അധികൃതരും ജീവനക്കാരും ആരോഗ്യമന്ത്രി മംഗൽ പാണ്ഡെയെ സ്വീകരിക്കുന്നതിന്റെ തിരക്കിലായതിനാലാണ്‌ ചികിൽസ നിഷേധിക്കപ്പെട്ടതെന്ന്‌ രോഗിയുടെ ബന്ധുക്കൾ ആരോപിച്ചു. ബിഹാറിൽ സാമൂഹ്യക്ഷേമ മന്ത്രി മദൻ സാഹ്‌നി, ചീഫ്‌ സെക്രട്ടറി അരുൺ കുമാർ സിങ്‌, അഡി. ചീഫ്‌സെക്രട്ടറി ചൈതന്യ പ്രസാദ്‌, പ്രിൻസിപ്പൽ സെക്രട്ടറി എസ്‌ സിദ്ധാർഥ്‌‌ എന്നിവർക്ക്‌ കോവിഡ്‌ സ്ഥിരീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
----
പ്രധാന വാർത്തകൾ
-----
-----
 Top