14 July Tuesday
രോഗികളിൽ പകുതി നാലാംഘട്ടത്തിൽ

കോവിഡ്‌‌ ബാധിതർ : ആഗോള പട്ടികയിൽ ഇന്ത്യ ഏഴാമത്‌ ; മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 91 പൊലീസുകാർക്ക്‌ രോഗം

വെബ് ഡെസ്‌ക്‌Updated: Monday Jun 1, 2020


ന്യൂഡൽഹി
നാലാംഘട്ട അടച്ചിടൽ ഞായറാഴ്‌ച അവസാനിച്ചപ്പോൾ കോവിഡ്‌‌ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ആഗോള പട്ടികയിൽ ഏഴാമതായി. തുടർച്ചയായ മൂന്നാം ദിവസവും രാജ്യത്ത്‌ എണ്ണായിരത്തിലേറെ രോ​ഗികളും ഇരുന്നൂറിലേറെ മരണവും റിപ്പോർട്ടുചെയ്‌തു. രോ​ഗികൾ 1.90 ലക്ഷം കടന്നു. മരണം 5400 ലേറെ. മൂന്നുദിവസംകൊണ്ട് കാൽലക്ഷത്തോളം പേർ രോഗബാധിതരായി,എഴുന്നൂറോളം മരണം.

രോ​ഗികളുടെ എണ്ണത്തില്‍ ഇന്ത്യ ജർമ്മനി (1.83 ലക്ഷം)യെയും, ഫ്രാൻസി(1.89 ലക്ഷം)നെയും പിന്തള്ളി. ജർമ്മനിയിൽ 8602 പേരും ഫ്രാൻസിൽ 28771 പേരും മരിച്ചു.
●സ്ഥിതി അതി-രൂക്ഷമായ മഹാരാഷ്ട്രയിൽ 89 പേർ കൂടി മരിച്ചു, പുതുതായി 2487 രോ​ഗികള്‍. ധാരാവിയിൽ മാത്രം 38 പുതിയ രോഗികൾ. ആകെ രോ​ഗികള്‍ 67655. മരണം 2286.
● തമിഴ്‌നാട്ടിലും ഡൽഹിയിലും കർണാടകയിലും രോ​ഗികളുടെ എണ്ണം ഞായറാഴ്‌ച ഒരു ദിവസത്തെ ഏറ്റവും ഉയർന്ന നിലയില്‍. തമിഴ്‌നാട്ടിൽ 1,149 പുതിയ രോഗികളും 13 മരണം. ആദ്യമായാണ് തമിഴ്‌നാട്ടിൽ രോ​ഗികളുടെ പ്രതിദിന എണ്ണം ആയിരം കടന്നത്. ചെന്നൈയില്‍ മാത്രം 809 രോ​ഗികള്‍. ആകെ രോ​ഗികള്‍ 22,333. മരണം 173.
● ഡൽഹിയിൽ നാലാംദിവസവും രോഗികള്‍ ആയിരം കടന്നു. ഞായറാഴ്‌ച 1149 രോഗികളും 57 മരണവും. ഞയറാഴ്ച ഗുജറാത്തിൽ 438 രോ​ഗികള്‍, 31 മരണം. ബംഗാളിൽ 371 രോഗികള്‍, 8 മരണം.
●ഉത്തരാഖണ്ഡിൽ ടൂറിസം മന്ത്രി സത്‌പാൽ മഹാരാജിന്‌ കോവിഡ്‌ . മുഖ്യമന്ത്രിയടക്കം എല്ലാ മന്ത്രിമാരും മുതിർന്ന ഉദ്യോഗസ്ഥരും നിരീക്ഷണത്തില്‍. മഹാരാജിന്റെ ഭാര്യയ്‌ക്കാണ്‌ ആദ്യം കോവിഡ്‌ സ്ഥിരീകരിച്ചത്‌. പിന്നീട്‌ മകനും മരുമകനുമടക്കം 22 സ്‌റ്റാംഫംഗങ്ങൾക്കും സ്ഥിരീകരിച്ചു.
●കോവിഡ് ഫലം വരുന്നതിന് മുമ്പെ ചെന്നൈയിൽ നിന്നെത്തിയയാളെ ക്വാറന്റൈന്‍- കേന്ദ്രത്തിൽ നിന്ന് പറഞ്ഞവിട്ടതിന് നാഗാലാൻഡ് ആരോഗ്യപ്രിൻസിപ്പൽ സെക്രട്ടറിയെ നീക്കി. ചെന്നൈയിൽ നിന്ന് മടങ്ങിയെത്തിയ ഏഴുപേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്.
●ഡൽഹിയിൽ നിന്ന് മണിപ്പുരിലേക്ക് മടങ്ങിയെത്തിയ മുൻ ബോക്‌സിംഗ് താരം ദിംഗുസിംഗിന് കൊവിഡ്. കാൻസർ ചികിത്സയ്ക്കായാണ് ഡൽഹിയിലെത്തിയത്. ഏഷ്യൻ ഗെയിംസ് സ്വർണമെഡൽ ജേതാവാണ് ദിംഗു സിംഗ്
●- -ഡൽഹിയിലെ റെയിൽഭവനിലെ ഡയറക്ടർതല ഉദ്യോഗസ്ഥന് കൊവിഡ്. റെയിൽഭവനിൽ ഇത് ആറാമത്തെ കൊവിഡ് കേസാണ്.



മഹാരാഷ്ട്രയിൽ 24 മണിക്കൂറിനിടെ 91 പൊലീസുകാർക്ക്‌ രോഗം
മഹാരാഷ്ട്രയിൽ കഴിഞ്ഞ  24 മണിക്കൂറിനിടെ 91 പൊലീസുകാർക്കുകൂടി‌ രോഗം സ്ഥിരീകരിച്ചു. രോഗബാധിതരായ പൊലീസുകാരുടെ എണ്ണം 2416 ആയി. 26 പേർ മരിച്ചു. ആയിരത്തഞ്ഞൂറിലധികം പേരും മുംബൈ നഗരത്തിലാണ്‌. ●പൊലീസ്‌ സേനയിൽ രോഗികൾ കൂടുന്നതിനെത്തുടർന്ന്‌ നവി മുംബൈ പൊലീസ്‌ പ്രത്യേക നിരീക്ഷണ കേന്ദ്രം തയ്യാറാക്കി.

●രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കുമെന്ന്‌ ആരോഗ്യമന്ത്രി അനിൽ ദേശ്‌മുഖ്‌ പറഞ്ഞു.
●പഞ്ചാബിൽ സമൂഹ വ്യാപനം സംഭവിച്ചുവെന്ന്‌ സംശയിക്കുന്നുവെന്ന്‌ മുഖ്യമന്ത്രി അമരിന്ദർ സിങ്‌ പറഞ്ഞു.  വെള്ളിയാഴ്‌ചയും ശനിയാഴ്‌ചയുമായി രോഗം സ്ഥിരീകരിച്ച 42 പേരും രോഗികളുമായി ബന്ധപ്പെടുകയോ ചെയ്‌തിട്ടില്ല. അതിനാൽ സംസ്ഥാനത്തെ സ്ഥിതി ഗുരുതരമാണെന്നും അദ്ദേഹം പറഞ്ഞു.
●ഉത്തരാഖണ്ഡ്‌ മന്ത്രി സത്‌പാൽ മഹാരാജിന്റെ ഭാര്യയും മുൻ മന്ത്രിയുമായ അമൃത റാവത്തിന്‌ രോഗം സ്ഥിരീകരിച്ചു. മന്ത്രിയടക്കം 41 പേരെ നിരീക്ഷണത്തിലാക്കി.
●പുതുച്ചേരിയിൽ ജിപ്‌മറി ഡോക്ടറടക്കം എട്ടുപേർക്കുകൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികൾ 46 ആയി.
●ജമ്മു കശ്‌മീരിൽ മുതിർന്ന ഐഎഎസ്‌ ഉദ്യോഗസ്ഥനും രോഗം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top