ന്യൂഡൽഹി
കോവിഡ് വ്യാപനം രൂക്ഷമായതോടെ ഡൽഹിയിൽ ദിവസേനയുള്ള രോഗികളുടെ എണ്ണം 60,000 പേർ വരെയാകാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. നിലവിൽ ഡൽഹിയിലെ ആശുപത്രികളിൽ ചികിത്സ തേടിയവരിൽ 75 ശതമാനവും ഒമിക്രോൺ ബാധിതരാണ്. ഡൽഹിയിലെ കോവിഡ് രോഗികളുടെ എണ്ണം ഏറ്റവും ഉയർന്നതോതിൽ ഈ ആഴ്ചയിൽ എത്തിയേക്കുമെന്ന് ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദ്രജയിൻ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിൽ 19,000 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.
ഡൽഹി ദുരന്തനിവാരണ അതോറിറ്റി ഓഫീസുകളുടെ പ്രവർത്തനങ്ങൾക്ക് കർശന നിയന്ത്രണമേർപ്പെടുത്തി. അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഓഫീസുകളൊഴികെ സ്വകാര്യ സ്ഥാപനങ്ങളിലെയടക്കം ജീവനക്കാർ വീട്ടിലിരുന്ന് ജോലി ചെയ്യണം. അടച്ചുപൂട്ടൽ ഉടൻ വേണ്ടെന്നാണ് തീരുമാനം.
ബംഗാളിൽ 21,098 പേർക്ക് രോഗം സ്ഥിരീകരിച്ചു. രോഗസ്ഥിരീകരണനിരക്ക് 32.35 ശതമാനമായി. കർണാടകത്തിൽ 14,473 പേർക്കും മുംബൈയിൽ 11,647 പേർക്കും രോഗം സ്ഥിരീകരിച്ചു. ഹരിയാനയിൽ ഫെബ്രുവരി അഞ്ചുമുതൽ നടത്താനിരുന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസ് മാറ്റിവച്ചു.
മകരസംക്രാന്തി ആഘോഷങ്ങള്‍ക്ക് വിലക്ക്
ഈ മാസം 14ലെ മകരസംക്രാന്തി, പൊങ്കല്‍ ഉത്സവത്തോട് അനുബന്ധിച്ചുള്ള ആഘോഷപരിപാടികള്‍ നിരോധിച്ച് ഒഡിഷ. ആഘോഷപരിപാടികള്‍ വീട്ടിനുള്ളില്മാത്രമായി പരിമിതപ്പെടുത്താനും നിര്‍ദേശിച്ചു.മകരസംക്രാന്തിക്ക് ഹരിദ്വാറിലും ഋഷികേശിലും ഗംഗാതീരത്ത് ആചാരപരമായ ചടങ്ങുകള്‍ നടത്തുന്നതിന് ഉത്തരാഖണ്ഡ് സര്‍ക്കാരും നിരോധനം ഏര്‍പ്പെടുത്തി. സംസ്ഥാനത്ത് പ്രവേശിക്കാന്‍ മേഘാലയ ആര്‍ടിപിസിആര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കി.
ആന്ധ്രയിൽ രാത്രി കർഫ്യു
ആന്ധ്രപ്രദേശിൽ 18 മുതൽ 31 വരെ രാത്രി കർഫ്യു പ്രഖ്യാപിച്ചു. അടച്ചിട്ട ഹാളിൽ നടക്കുന്ന പരിപാടിയിൽ പരമാവധി 100 പേർക്കും പുറത്തുനടക്കുന്ന പരിപാടികളിൽ 200 പേർക്കും പങ്കെടുക്കാം.17 മുതൽ വെർച്വൽ ഹിയറിങ് മാത്രം നടത്താൻ ഹൈക്കോടതി തീരുമാനിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..