11 August Tuesday
31 വരെ ട്രെയിൻ സർവീസില്ല , രാജ്യാന്തര വിമാന സർവീസുകളെല്ലാം റദ്ദാക്കി

കോവിഡ്‌ 19 : 3 മരണംകൂടി; എട്ട്‌ സംസ്ഥാനങ്ങൾ അടച്ചുപൂട്ടലിൽ

എം പ്രശാന്ത‌്Updated: Monday Mar 23, 2020


ന്യൂഡൽഹി
കോവിഡ്‌–-19 പടരുന്നത്‌ തടയാൻ നടപടി ശക്തമാക്കിയതോടെ രാജ്യം നിശ്ചലാവസ്ഥയിലേക്ക്‌. തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഏട്ട്‌ സംസ്ഥാനവും ജമ്മുകശ്‌മീരും പൂർണമായി അടച്ചിടും.  മുഴുവൻ  ട്രെയിൻ സർവീസുകളും മാർച്ച്‌ 31 വരെ നിർത്തി.  അന്തർ സംസ്ഥാന ബസ്‌ സർവീസുകളും നിർത്തിവച്ചു.  രാജ്യന്തര വിമാന സർവീസുകളെല്ലാം റദ്ദാക്കി.

ഡൽഹി, പഞ്ചാബ്‌, ഉത്തരാഖണ്ഡ്‌, രാജസ്ഥാൻ, ബംഗാൾ, തെലങ്കാന, ആന്ധ്രപ്രദേശ്‌, നാഗലാൻഡ്‌ എന്നിവയാണ്‌ പൂർണമായി അടച്ചിടുന്ന സംസ്ഥാനങ്ങൾ. മുംബൈ, പൂണെ, നാഗ്‌പുർ, അഹമ്മദാബാദ്‌, ഗുരുഗ്രാം, ബംഗളൂരു, ചെന്നൈ, ഹൈദരാബാദ്‌ തുടങ്ങി പ്രധാന നഗരങ്ങും  അടച്ചിടും. പൂർണമായി അടച്ചിടുന്ന പ്രദേശങ്ങളിൽ തിങ്കളാഴ്‌ചമുതൽ അവശ്യസേവനങ്ങൾമാത്രമേ ലഭ്യമാകൂ. കോവിഡ്‌  റിപ്പോർട്ട്‌ ചെയ്യപ്പെട്ട 75 ജില്ല 31 വരെ അടച്ചിടാൻ കേന്ദ്രം നിർദേശിച്ചിരുന്നു. സുപ്രീംകോടതിയുടെ പ്രവർത്തനം തിങ്കളാഴ്‌ചമുതൽ വീഡിയോ കോൺഫറൻസ്‌ വഴിയാക്കും. അഭിഭാഷകരും കോടതിയിൽ വരില്ല. കേന്ദ്രസർക്കാർ ഓഫീസുകളിൽ 31 വരെ അത്യാവശ്യ ജീവനക്കാർ മാത്രം ഹാജരായാൽ മതി.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ്‌ യാത്രാ ട്രെയിൻ സർവീസുകൾ പൂർണമായി നിർത്തുന്നത്‌. മാർച്ച്‌ 31 വരെ ചരക്ക്‌ ട്രെയിനുകൾമാത്രമേ ഓടൂ. മെട്രോ , സബർബൻ ട്രെയിനുകളും നിർത്തി. ഓട്ടം തുടങ്ങിയ ദീർഘദൂര ട്രെയിനുകൾ ലക്ഷ്യസ്ഥാനത്ത്‌ എത്തുംവരെ സർവീസ്‌ തുടരും. റെയിൽവേയുടെ എല്ലാ ഉൽപ്പാദന യൂണിറ്റുകളും 25 വരെ അടച്ചിടും. എല്ലാ സംസ്ഥാനങ്ങളിലും കോവിഡിന്‌ പ്രത്യേക ആശുപത്രി സജ്ജമാക്കണമെന്ന്‌  ഐസിഎംആർ. ഗോവയിൽ ജനത കർഫ്യൂ 25 വരെ തുടരും . ഗുരുഗ്രാമിലെയും മനേസറിലെയും മാരുതി പ്ലാന്റുകൾ അടച്ചു.
 

3 മരണംകൂടി
രാജ്യത്ത്‌ കോവിഡ്‌–-19 ബാധിച്ച്‌ ഞായറാഴ്‌ച മൂന്നുപേർകൂടി മരിച്ചു. ഗുജറാത്ത്‌, ബിഹാർ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ ഓരോരുത്തരാണ്‌ മരിച്ചത്‌. ഇതോടെ  രാജ്യത്തെ കോവിഡ്‌ മരണം ഏഴായി. 

ഗുജറാത്തിൽ നാല്‌ ദിവസമായി ചികിത്സയിലായിരുന്ന സൂറത്ത്‌ സ്വദേശിയാണ്‌ മരിച്ചത്‌. ഖത്തർ സന്ദർശിച്ച്‌ മടങ്ങിയ മുപ്പത്തെട്ടുകാരനാണ്‌ ബിഹാറിൽ മരിച്ചത്‌. പട്‌ന എയിംസിൽ ചികിലസയിലായിരുന്നു. മുംബൈയിൽ  63 വയസ്സുകാരനാണ്‌ മരിച്ചത്‌. ഇതോടെ മഹാരാഷ്ട്രയിലെ മരണസംഖ്യ രണ്ടായി. രോഗബാധിതരുടെ എണ്ണം 376 ആയി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top